തിരുവനന്തപുരം: മാർത്താണ്ഡത്തെ ബത്‌ലഹേം നഴ്‌സിംഗ് കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടിയതിനെത്തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച നഴ്‌സിംഗ് വിദ്യാർത്ഥി അൻസിജിയുടെ (21) പോസ്റ്റ്‌മോർട്ടം യഥാസമയം നടത്താതെ അധികൃതർ.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഞായറാഴ്ച പുലർച്ചെ മരിച്ച അൻസിജിയുടെ പോസ്റ്റ്‌മോർട്ടം അന്ന് അവധി ദിനമായതിനാൽ നടന്നില്ല. ഇന്നലെ പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹം കൈമാറാമെന്നാണ് പൊലീസും ആശുപത്രി അധികൃതരും അറിയിച്ചിരുന്നത്. കോളേജ് മാനേജ്‌മെന്റിന്റെ മാനസിക പീഡനമാണ് അൻസിജി ആത്മഹത്യചെയ്യാൻ കാരണമെന്ന് ആരോപിക്കുന്ന ബന്ധുക്കൾ ആർ.ഡി.ഒയുടെ സാന്നിദ്ധ്യത്തിൽ പോസ്റ്റുമോർട്ടം നടത്തണമെന്ന ആവശ്യം ഉന്നയിച്ചു. ഇന്നലെ രാവിലെ ആർ.ഡി.ഒ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഇവർ.
എന്നാൽ തമിഴ്‌നാട് പൊലീസിലെ മൂന്ന് ഉദ്യോഗസ്ഥർ മാത്രമാണ് ആശുപത്രിയിലെത്തിയത്. ആർ.ഡി.ഒയുടെ സാന്നിദ്ധ്യം ഉറപ്പാക്കണമെന്ന നിലപാടിൽ ബന്ധുക്കൾ ഉറച്ചുനിന്നെങ്കിലും പൊലീസ് വഴങ്ങിയില്ല. ഇത് വാക്കുതർക്കത്തിനിടയാക്കി. പൊലീസ് ജീപ്പ് തടഞ്ഞ് ബന്ധുക്കൾ പ്രതിഷേധിക്കുകയും ചെയ്തു. വിഷയം ശ്രദ്ധയിൽപ്പെട്ട കന്യാകുമാരി കളക്ടർ തിരുവനന്തപുരം കളക്ടറുമായി ബന്ധപ്പെട്ടു. തുടർന്ന് തിരുവനന്തപുരം ആർ.ഡി.ഒ വൈകിട്ടെത്തിയതോടെ ഇൻക്വസ്റ്റ് നടപടികൾ പൊലീസ് പൂർത്തിയാക്കി. എന്നാൽ രാത്രിയായതിനാൽ പോസ്റ്റ്‌മോർട്ടം ഇന്ന് രാവിലെ നടത്താൻ തീരുമാനിക്കുകയായിരുന്നു.
മോശം ഭക്ഷണത്തിനെതിരെ സമരം നടത്തിയതിനുൾപ്പെടെ മാനേജ്മെന്റിൽ നിന്നുമുണ്ടായ മാനസിക പീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്ന് രക്ഷിതാക്കൾ പൊലീസിന് നൽകിയ മൊഴി. വെള്ളറട കത്തിപ്പാറ പി.എ.എൻ ഹൗസിൽ അനിൽരാജിന്റെയും സോണിയയുടെയും മകളാണ് അൻസിജി.
പ്രതിഷേധിച്ചവർ അറസ്റ്റിൽ; ഒളിവിൽപോയ
പ്രിൻസിപ്പലിനായി അന്വേഷണം
നാഗർകോവിൽ: അൻസിജിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് പ്രതിഷേധ പ്രകടനം നടത്താനെത്തിയ വിദ്യാർത്ഥികളെയും എസ്.എഫ്.ഐ പ്രവർത്തകരെയും പൊലീസ് അറസ്റ്റുചെയ്തു. ഇന്നലെ രാവിലെ 11നായിരുന്നു പ്രതിഷേധം നടത്താൻ തീരുമാനിച്ചത്. കോളേജിലും പരിസരത്തും ഇതുവരെ സി.സി ടിവി സ്ഥാപിച്ചിട്ടില്ലെന്നും പിഴയുടെ പേരിൽ വിദ്യാർത്ഥികളുടെ പക്കൽ നിന്ന് മാനേജ്‌മെന്റ് ലക്ഷങ്ങൾ തട്ടിയെടുക്കുന്നെന്നും ഇവർ ആരോപിച്ചു. രാവിലെ സമരത്തിനെത്തിയപ്പോൾ പ്രകടനം നടത്താൻ അനുമിതിയില്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാർത്ഥികളെയും, പ്രവർത്തകരെയും പൊലീസ് മർദ്ദിക്കുകയും ബലം പ്രയോഗിച്ച് അറസ്റ്റുചെയ്യുകയുമായിരുന്നു. മറ്റുള്ളവരെത്തി പ്രതിഷേധിച്ചതിനെ തുടർന്ന് ഇവരെ പൊലീസ് വിട്ടയച്ചു. അൻസിജിയുടെ മരണത്തിൽ കോളേജ് മാനേജ്‌മെന്റിനെതിരെയും പ്രിൻസിപ്പൽ ഷീജയ്ക്കെതിരെയും കരിങ്കൽ പൊലീസ് കേസെടുത്തു. ഒളിവിൽ പോയ ഷീജയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |