കൊല്ലം: അനർഹരായവരെ കണ്ടെത്താനുള്ള പരിശോധനയിൽ ജില്ലയിൽ 9614 മുൻഗണനാ റേഷൻ കാർഡുകൾ സബ്സിഡിയിതര പൊതുവിഭാഗത്തിലേക്ക് മാറ്റി. 8826പി.എച്ച്.എച്ച് (പിങ്ക്), 776 എ.എ.വൈ (മഞ്ഞ), 12 എൻ.പി.എസ് കാർഡുകളാണ് മാറ്റിയത്. തുടർച്ചയായി മൂന്നുമാസം റേഷൻ വാങ്ങാത്ത കാർഡുകൾ ഉൾപ്പടെയാണ് പരിശോധനയുടെ ഭാഗമായി പൊതുവിഭാഗത്തിലേക്ക് മാറ്റിയത്.
അനർഹമായി മുൻഗണനാ കാർഡ് കൈവശം വച്ച് വാങ്ങിയ റേഷൻ സാധനങ്ങളുടെ കമ്പോളവില തിരിച്ചുപിടിക്കുന്ന നടപടിയും തുടരുന്നു. കൊല്ലം താലൂക്കിൽ മാത്രം കഴിഞ്ഞ മാസം രണ്ട് ലക്ഷം രൂപ ഇത്തരത്തിൽ ഈടാക്കി. ചികിത്സ ഉൾപ്പടെയുള്ള പ്രത്യേക സാഹചര്യങ്ങൾ രേഖകൾ സഹിതം ബോദ്ധ്യപ്പെടുത്തിയാൽ അർഹത പുനഃപരിശോധിക്കും. ആധാർ മസ്റ്ററിംഗും ഇ-കെ.വൈ.സിയും വഴി വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലും ജോലി ചെയ്യുന്നവരെയും സർക്കാർ ജീവനക്കാരെയും കണ്ടെത്തുന്നുണ്ട്.
മാനദണ്ഡങ്ങളിൽ പുനഃപരിശോധന
സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ, സർവീസ് പെൻഷൻകാർ, ആദായനികുതിദായകർ, 25000 രൂപയിൽ കൂടുതൽ കുടുംബവരുമാനമുള്ളവർ, ഒരേക്കറിന് മുകളിൽ ഭൂമിയുള്ളവർ, 1000 ചതുരശ്രയടിയോ അതിലധികമോ വിസ്തീർണമുള്ള വീടുള്ളവർ, ടാക്സിയൊഴികെ നാലുചക്ര വാഹനമുള്ളവർ എന്നിവർക്ക് നിലവിൽ മുൻഗണനാ കാർഡിന് അർഹതയില്ല. വാഹനം, വീട്, ഭൂമി മാനദണ്ഡങ്ങൾ കാലോചിതമായി പരിഷ്കരിക്കണമോയെന്ന് പരിശോധിക്കാൻ ജൂലായിൽ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ പഴയ മാനദണ്ഡങ്ങൾ തന്നെയാണ് ബാധകം. വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇ-കെ.വൈ.സി/മസ്റ്ററിംഗ് നടപടികളിൽ പ്രത്യേക ഇളവുണ്ട്. നാട്ടിലെത്തുമ്പോൾ ആവശ്യമായ പരിശോധന പൂർത്തിയാക്കാനാകും.
പിഴയിൽ ഇളവ്
അനർഹമായി മുൻഗണനാ കാർഡ് കൈവശം വച്ചവരിൽ നിന്ന് ഈടാക്കുന്ന പിഴയിൽ ഇളവ് നൽകുന്ന കാര്യവും സർക്കാർ പരിഗണിക്കുന്നുണ്ട്. സാധാരണക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് നടപടി. പുതിയ റേഷൻ കാർഡ് അപേക്ഷകളിലും അർഹത കർശനമായി പരിശോധിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |