
കൊല്ലം: ആശ്രാമത്തെ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിന് കീഴിലെ ഒക്കുപ്പേഷണൽ ഹെൽത്ത് ആൻഡ് റിസർച്ച് സെന്ററിൽ തൊഴിലാളികൾക്കായി വാങ്ങിയ കോടിക്കണക്കിന് രൂപയുടെ അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ ഇരുട്ടുമുറിയിൽ പൊടിപിടിച്ചു നശിക്കുന്നു. സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കാനാണ് തൊഴിലാളികൾക്ക് ഉപകാരപ്രദമാവേണ്ട ഈ ഉപകരണങ്ങൾ ഇപ്രകാരം അവഗണിച്ചതെന്ന് ആരോപണമുയരുന്നു.
10 വർഷം മുൻപ് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് എത്തിച്ച അത്യാധുനിക അൾട്രാസൗണ്ട് സ്കാനിംഗ് മെഷീൻ, എക്സ് റേ മെഷീൻ എന്നിവയാണ് ഉദ്യോഗസ്ഥരുടെ വലിയ അനാസ്ഥ കാരണം നശിക്കുന്നത്. ഇവയ്ക്ക് പുറമേ ലക്ഷങ്ങൾ ചെലവഴിച്ച് പുതുക്കിപ്പണിഞ്ഞ എ.സി ഹാളും നിലവിൽ പൂർണമായും ഉപയോഗശൂന്യമായി കിടക്കുകയാണ്. പരാതി ലഭിച്ചതിനെ തുടർന്നാണ് മന്ത്രി ബിന്ദു കൃഷ്ണ ഇന്നലെ മിന്നൽ പരിശോധന നടത്തിയത്.
ഉപകരണങ്ങൾ സൂക്ഷിച്ചിരുന്ന മുറിയുടെ താക്കോൽ കാണാതിരുന്നതിനാൽ, പരിശോധനയ്ക്ക് എത്തിയ മന്ത്രിക്ക് മണിക്കൂറോളം പുറത്ത് കാത്തുനിൽക്കേണ്ടി വന്നു. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ മുറി തുറന്നപ്പോഴാണ് വെളിച്ചം പോലുമില്ലാത്ത മുറിയിൽ യന്ത്രങ്ങൾ ഉപേക്ഷിക്കപ്പെട്ടപോലെ കണ്ടെത്തിയത്. മൊബൈൽ ഫോണിന്റെ വെളിച്ചത്തിലാണ് മന്ത്രി മെഡിക്കൽ ഉപകരണങ്ങൾ നേരിട്ട് കണ്ടത്. മെഷീനുകൾ പ്രവർത്തിപ്പിക്കാൻ ജീവനക്കാരെ നിയമിക്കാതിരുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് ഉദ്യോഗസ്ഥർ മന്ത്രിയോട് വിശദീകരിച്ചു. നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് മുൻ വർഷങ്ങളിൽ കത്ത് നൽകിയെന്നും എന്നാൽ നടപടിയെടുത്തില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കെട്ടിടത്തിൽ തെരുവ് നായയും
രോഗബാധിതരായ തൊഴിലാളികൾ പരിശോധനയ്ക്കായി എത്തുന്ന കെട്ടിടത്തിൽ ലിഫ്റ്റ് സൗകര്യം പോലുമില്ല. മന്ത്രി ചവിട്ടുപടികൾ കയറി പോകുമ്പോൾ ഓഫീസിലേക്ക് വരവേറ്റത് കെട്ടിടത്തിനുള്ളിൽ നിലയുറപ്പിച്ച തെരുവ് നായയായിരുന്നു. കോടികൾ ചെലവഴിച്ച് വാങ്ങിയ ഉപകരണങ്ങൾ ഉപയോഗിക്കാതിരുന്നത് ന്യായീകരിക്കാനാകില്ലെന്ന് മന്ത്രി പറഞ്ഞു. പൊടിപിടിച്ചു കിടക്കുന്ന മെഷീനുകൾ ഇനി ഉപയോഗിക്കാൻ കഴിയുമോ എന്ന് വിദഗ്ദ്ധരെ കൊണ്ട് അടിയന്തരമായി പരിശോധിപ്പിക്കാൻ മന്ത്രി നിർദേശം നൽകി.
വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടിയുണ്ടാകും. കോടികളുടെ ഉപകരണങ്ങൾ നശിക്കാൻ വിട്ടുകൊടുത്തത് അംഗീകരിക്കാനാവില്ല. വിഷയം ചർച്ച ചെയ്യാൻ ഈ മാസം 7ന് തിരുവനന്തപുരത്ത് ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്
അഡ്വ. ബിന്ദുകൃഷ്ണ
(തൊഴിൽ വകുപ്പ് മന്ത്രി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |