എ.ടി.എം മാതൃകയിൽ റേഷൻ സാധനങ്ങൾ ലഭ്യമാക്കാൻ മെഷീൻ
കൊല്ലം: റേഷൻ വിതരണ രംഗത്ത് വലിയ മാറ്റത്തിന് വഴിയൊരുക്കുന്ന 'ഗ്രെയ്ൻ എ.ടി.എം' (റേഷൻ വെൻഡിംഗ് മെഷീൻ) പദ്ധതി ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ അധികം വൈകാതെ നടപ്പാക്കും.
ബാങ്ക് എ.ടി.എമ്മിന് സമാനമായി, സ്മാർട്ട് റേഷൻ കാർഡ് നമ്പർ ഉപയോഗിച്ച് ഗുണഭോക്താക്കൾക്ക് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ 24 മണിക്കൂറും റേഷൻ വിഹിതം സ്വയം കൈപ്പറ്റാം. റേഷൻ കട ജീവനക്കാരുടെ സേവനം ആവശ്യമില്ലാത്തതിനാൽ സെൽഫ് സർവ്വീസായിരിക്കും. റേഷനിംഗ് ഇൻസ്പെക്ടറുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും ഇതിന്റെ പ്രവർത്തനം. ജോലിത്തിരക്ക് കാരണം കൃത്യസമയത്ത് റേഷൻ വാങ്ങാൻ കഴിയാത്തവർക്ക് ഈ സംവിധാനം വലിയ അനുഗ്രഹമാകും.
പുതിയ സംവിധാനം പരമ്പരാഗത റേഷൻ കടകൾക്ക് പകരമാവില്ല. നിലവിലുള്ള റേഷൻ കടകളോട് ചേർന്നായിരിക്കും ഈ മെഷീനുകൾ സ്ഥാപിക്കുക. ഇതിൽ ധാന്യങ്ങൾ കൃത്യമായി നിറയ്ക്കാനുള്ള ചുമതല റേഷനിംഗ് ഇൻസ്പെക്ടർക്കായിരിക്കും. ആദ്യഘട്ടമായി ജില്ലയിലെ തിരക്കേറിയ ടൗൺ ഏരിയ മാത്രം കേന്ദ്രീകരിച്ച് പൈലറ്റ് പ്രൊജക്റ്റ് ആയി പദ്ധതി നടപ്പാക്കാനാണ് ആലോചന.
2,500 കിലോ സംഭരണശേഷി
ഓരോ മെഷീനും 2,500 കിലോഗ്രാം വരെ ധാന്യങ്ങൾ സംഭരിക്കാൻ ശേഷിയുണ്ട്. തടസമില്ലാതെ പ്രവർത്തിക്കാൻ ഇൻവെർട്ടർ ബാക്കപ്പുള്ള സോളാർ പാനലുകൾ ഉപയോഗിക്കും. കേന്ദ്ര പദ്ധതിക്ക് കീഴിലാണ് ഈ മെഷീനുകൾ ലഭ്യമാക്കുന്നതെങ്കിലും അറ്റകുറ്റപ്പണി ചെലവുകൾ സംസ്ഥാന സർക്കാരാണ് വഹിക്കുക. ഇതിനായി എം.എൽ.എമാരുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിക്കുന്നതിനുള്ള നിർദ്ദേശങ്ങളും പരിഗണനയിലുണ്ട്.
മെഷീൻ പ്രവർത്തിക്കുന്ന വിധം
പുതിയ സ്മാർട്ട് റേഷൻ കാർഡ് നമ്പർ, അല്ലെങ്കിൽ ആധാർ നമ്പർ യന്ത്രത്തിൽ ടൈപ്പ് ചെയ്ത് ഉപയോഗിക്കാം
വിരലടയാളമോ ഐറിസ് സ്കാനോ പരിശോധിച്ച് കാർഡുടമ തന്നെയാണെന്ന് മെഷീൻ ഉറപ്പുവരുത്തും
അനുവദിച്ച ധാന്യവും അതിന്റെ അളവും പരിശോധനയ്ക്ക് ശേഷം സ്ക്രീനിൽ പ്രദർശിപ്പിക്കും
അതിൽ നിന്ന് ആവശ്യമുള്ളവ തിരഞ്ഞെടുക്കാം.
പണം നൽകേണ്ട കാർഡ് ഉടമകൾ ക്യൂ.ആർ കോഡ് വഴി സ്കാൻ ചെയ്ത് പണമടയ്ക്കണം
പണം അടച്ച ശേഷം സാധനങ്ങൾ മെഷീനിൽ നിന്ന് ലഭിക്കും
വെൻഡിംഗ് മെഷീന് താഴെ പാത്രമോ ചാക്കോ വച്ചാൽ കൃത്യമായ അളവിൽ അതിലേക്ക് വീഴും
90 സെക്കൻഡ് മുതൽ 5 മിനിറ്റിനുള്ളിൽ 50 കിലോ ധാന്യം വരെ വേഗത്തിൽ വിതരണം ചെയ്യും
വിതരണം പൂർത്തിയാകുമ്പോൾ ഉപഭോക്താവിന് സ്ലിപ്പോ മൊബൈലിൽ എസ്.എം.എസോ ലഭിക്കും
ഭാവിയിൽ സ്മാർട്ട് റേഷൻ കാർഡുകളിൽ പണം റീചാർജ് ചെയ്ത് ഉപയോഗിക്കാവുന്ന വാലറ്റ് സംവിധാനം വരും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |