SignIn
Kerala Kaumudi Online
Thursday, 16 July 2026 4.34 AM IST

അവർ മടങ്ങി, സങ്കടക്കടലിലൂടെ...

കൊല്ലം: ഉള്ളിലടക്കിയ നൊമ്പരങ്ങൾ പൊട്ടിക്കരച്ചിലായി പരന്നൊഴുകി. അഞ്ചു ദിവസത്തെ കാത്തിരിപ്പിനൊടുവിൽ തങ്ങളുടെ പ്രിയപ്പെട്ട ആ രണ്ടുപേർ ചേതനയറ്റ രണ്ടു ദേഹങ്ങളായി കൺമുന്നിലെത്തിയപ്പോൾ, മക്കളും ബന്ധുക്കളും നാട്ടുകാരുമുൾപ്പെട്ട ജനസഞ്ചയം അവസാനമായി ഒരു നോക്കുകാണാനുള്ള ആഗ്രഹത്തോടെ അവർക്കരികിലേക്കെത്തി.

ശനിയാഴ്ച തെക്കൻ വിയറ്റ്നാമിലെ ഫൂക്വോക്ക് ദ്വീപിന് സമീപം കടലിലുണ്ടായ ബോട്ടപകടത്തിൽ വിക്ടറി ഗ്രൂപ്പ് ഉടമയായ കൊട്ടാരക്കര ചന്തമുക്ക് കൃപാനഗർ ആവിയോട്ട് വീട്ടിൽ എ.സി.തോമസും (57) ഭാര്യ ലൗനി തോമസും (56) മരിച്ചുവെന്ന വാർത്ത പരന്നതുമുതൽ ആവിയോട്ട് വീട്ടിൽ ആൾത്തിരക്കായിരുന്നു. വിക്ടറി ഗ്രൂപ്പിലെ മുന്നൂറോളം ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളുമടക്കം നാടൊന്നടങ്കം വിതുമ്പലോടെയാണ് ഇരുവരെയും കാാണാനായി കാത്തുനിന്നത്.

ജോമോനെന്ന എ.സി.തോമസിനെപ്പറ്റി പറയാൻ നൂറ് നാവായിരുന്നു എല്ലാവർക്കും. ചൊവ്വാഴ്ച ഉച്ചയോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മൃതദേഹങ്ങൾ കൊണ്ടുവന്നുവെങ്കിലും വിയറ്റ്നാമിൽ വച്ച് പെട്ടിയിലാക്കിയ ഇവ പുറമെ കാണിച്ചിരുന്നില്ല. ആശുപത്രി വളപ്പിൽ പ്രിയപ്പെട്ടവരെ കാണാനായി ഓടിയെത്തിയവർക്ക് ആ മുഖമൊന്ന് കാണാതെ മടങ്ങേണ്ടി വന്നത് വലിയ നോവായി. ഇന്നലെ രാവിലെ താലൂക്ക് ആശുപത്രി മോർച്ചറിയിൽ നിന്നെടുത്ത ഭൗതിക ശരീരങ്ങൾ ആവിയോട്ട് വീട്ടിലേക്ക് കൊണ്ടുവന്നപ്പോഴേക്കും പ്രിയപ്പെട്ടവരുടെ നിലവിളികൾ ഉച്ചത്തിലായി. ശ്വാസംമുട്ടിക്കുന്ന നോവ് പടർന്നതോടെ, മൃതദേഹങ്ങൾ അധികസമയം വീട്ടിൽ വയ്ക്കാതെ പുലമൺ ജൂബിലി മന്ദിരത്തിലേക്ക് വിലാപ യാത്രയായി കൊണ്ടുപോയി.

ഈ സമയം ജൂബിലി മന്ദിരം പരിസരമാകെ ആളുകൾ കൂടിനിന്നിരുന്നു. ഡോ.തോമസ് തീത്തോസ് എപ്പിസ്കോപ്പയുടെ കാർമ്മികത്വത്തിൽ ഒന്നാം ഭാഗം ശുശ്രൂഷയ്ക്ക് ശേഷം ഭൗതിക ശരീരങ്ങൾ ജൂബിലി മന്ദിരം ചാപ്പലിൽ പൊതുദർശനത്തിന് വച്ചപ്പോഴേക്കും നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് ആയിരങ്ങൾ ഒഴുകിയെത്തി അടുത്തകാലത്തൊന്നും ഇത്രയധികം ജനങ്ങൾ കൊട്ടാരക്കര മേഖലയിലെ ഒരു മരണ ചടങ്ങുകളിലും കണ്ടിട്ടുണ്ടാവില്ല. രാവിലെ 10.30 മുതൽ വൈകിട്ട് 3.30വരെയും ആളുകൾ വന്നുകൊണ്ടേയിരുന്നു. ജൂബിലി മന്ദിരം ചാപ്പലിൽ എ.സി.തോമസിനെയും ലൗനിയെയും അനുസ്മരിക്കാനായി പ്രത്യേക സംവിധാനമൊരുക്കിയിരുന്നു. ജനപ്രതിനിധികളും രാഷ്ട്രീയ രംഗത്തെ പ്രമുഖരും മതമേലദ്ധ്യക്ഷൻമാരും വൈദികരുമടക്കം അനുശോചന പ്രസംഗങ്ങൾ നടത്തി. ഇടവിട്ടുള്ള പ്രാർത്ഥനാ ഗീതത്തിനൊപ്പം വിങ്ങിപ്പൊട്ടുകയായിരുന്നു വിക്ടറി ഗ്രൂപ്പിന്റെ ഭാഗമായവരെല്ലാം. പ്രാർത്ഥനകൾക്കും ചടങ്ങുകൾക്കും ശേഷം ഇരുവരെയും കല്ലറയിലേക്ക് എടുത്തപ്പോഴും ഉയർന്നുകേട്ട നിലവിളിയൊച്ചകൾ തീരാവേദനയുടെ മാറ്റൊലികളായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL