കൊല്ലം: മലയോര ഹൈവേയിൽ മടത്തറ- കുളത്തൂപ്പുഴ റൂട്ടിൽ മടത്തറ മുതൽ മേലേമുക്ക് വരെയുള്ള ഒന്നര കിലോമീറ്ററിന്റെ ഇരുവശവും കാടുകയറി നശിക്കുന്നു. ഡ്രൈവർമാർക്കു മാത്രമല്ല, കാൽനട യാത്രികർക്കും വലിയ ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ് ഈ കാടും പടലും.
റോഡിന്റെ സുരക്ഷയ്ക്കായി സ്ഥാപിച്ചിട്ടുള്ള ഡിവൈഡറുകളും മുന്നറിയിപ്പ് ബോർഡുകളും കാടിനുള്ളിൽ മറഞ്ഞ നിലയിലാണ്. ഇത് രാത്രികാലങ്ങളിൽ വാഹനാപകട സാദ്ധ്യത കൂട്ടുന്നു. കാടുമൂടിയതോടെ പാതയോരത്തെ ഓടകളിലെ ഒഴുക്ക് നിലച്ച് മാലിന്യം നിറഞ്ഞ അവസ്ഥയിലാണ്. മഴക്കാലത്ത് റോഡിലേക്ക് വെള്ളം കയറാനും ഇത് കാരണമാകുന്നു. മാത്രമല്ല, കാടുകയറി കിടക്കുന്ന ഈ ഭാഗങ്ങളിൽ തെരുവ് നായ്ക്കളുടെയും വന്യമൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും ശല്യവുമുണ്ട്. ഇതുമൂലം ഇരുചക്രവാഹന യാത്രക്കാർ ഉൾപ്പെടെയുള്ളവർ വലിയ ഭീതിയോടെയാണ് ഇതുവഴി സഞ്ചരിക്കുന്നത്.
പരിഗണിക്കുന്നില്ല, പരാതികൾ
പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും, റോഡിന്റെ പരിധിയിൽ വരുന്ന ചിതറ, പെരിങ്ങമല ഗ്രാമപഞ്ചായത്ത് അധികൃതരും വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം. നിരന്തരമായി പരാതിപ്പെട്ടിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ആക്ഷേപം. അപകടങ്ങൾ സംഭവിക്കുന്നതിന് മുൻപ് കാടുകൾ വെട്ടിത്തെളിയിക്കാനും ഓട വൃത്തിയാക്കാനും ബന്ധപ്പെട്ടവർ തയ്യാറാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
കാടുമൂടിയ റോഡും മാലിന്യം നിറഞ്ഞ ഓടകളുമുള്ള മടത്തറ - മേലേമുക്ക് പാത അപകടക്കെണിയാണ്. കാടു കാരണം റോഡ് കാണാൻ പോലുമില്ലാത്ത അവസ്ഥയാണ്. തെരുവ് നായ്ക്കളുടെയും ഇഴജന്തുക്കളുടെയും ശല്യം വേറെയും
നാട്ടുകാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |