ചാത്തന്നൂർ: ഓടിയെത്താൻ വാഹനവും ആവശ്യത്തിന് ആളെണ്ണവും ഇല്ലാത്തതിനാൽ ചാത്തന്നൂരിലെ എക്സൈസ് ഉദ്യോഗസ്ഥർ വലയുന്നു.
ഇവിടെ ആകെയുണ്ടായിരുന്ന ബൊലേറോ ജീപ്പ് കട്ടപ്പുറത്തായിട്ട് നാലു മാസം പിന്നിടുന്നു. ലഹരിവസ്തുക്കളുടെ കടത്തും കച്ചവടവും മുഖ്യതൊഴിലാക്കിയവർ ധാരാളമുള്ള ചാത്തന്നൂർ എക്‌സൈസ് മേഖലയിൽ അവരെ കൈകാര്യം ചെയ്യുന്നതിന് ചുക്കാൻ പിടിക്കേണ്ട എക്സൈസുകാർക്ക് ഒന്നനങ്ങാൻ പോലുമാവാത്ത അവസ്ഥയാണ്. യാതൊരുവിധ പരിശോധനകളും എക്സൈസിന്റെ ഭാാഗത്ത ു നിന്നുണ്ടാവുന്നില്ല. എക്സൈസ് വകുപ്പ് പ്രഖ്യാപിച്ച 'ഓപ്പറേഷൻ തണ്ടർ' പോലും ഇവിടെ മെല്ലെപോക്കിലാണ്.
ചാത്തന്നൂർ എക്സൈസ് റേഞ്ച് പരിധിയിൽ 10 പഞ്ചായത്തും ഒരു നഗരസഭയും ഉൾപ്പെടുന്നുണ്ട്. ദേശീയപാതയിൽ പാരിപ്പള്ളി മുതൽ പള്ളിമുക്ക് വരെയും തീരദേശ മേഖലയിൽ തിരുവനന്തപുരത്തിന്റെ തീരദേശ അതിർത്തി പങ്കിടുന്ന കാപ്പിൽ മുതൽ ഇരവിപുരം വരെയും കൂടാതെ തൃക്കോവിൽ വട്ടം പഞ്ചായത്തും ഉൾപ്പടെയുള്ള സ്ഥലങ്ങളാണ് ഈ റേഞ്ചിന്റെ പരിധിയിലുള്ളത്. പൂതക്കുളം, പരവൂർ തീരമേഖല കേന്ദ്രീകരിച്ചാണ് വാറ്റുകേന്ദ്രങ്ങൾ വ്യാപകമായി പ്രവർത്തിക്കുന്നത്. ഇവിടെയെല്ലാം ഓടിയെത്താൻ രണ്ട് ജീപ്പ് അനിവാര്യമാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ആകെ ജീവനക്കാർ 24
എക്സൈസ് ഇൻസ്പെക്ടർ ഒന്ന്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഒന്ന്, പ്രിവന്റീവ് ഓഫീസർ നാല്, സിവിൽ എക്‌സൈസ് ഓഫീസർ പതിനാല്, വനിത സിവിൽ എക്‌സൈസ് ഓഫീസർ നാല് എന്നിങ്ങനെയാണ് സ്റ്റാഫ് പാറ്റേൺ. ഇത്രയേറെ ദൂരപരിധിയുള്ള റേഞ്ച് ഓഫീസിൽ ഇത്രയും ജീവനക്കാർ അപര്യാപ്തമാണ്. ഇവർക്ക് തന്നെ വിവിധ ഡ്യൂട്ടികൾ ഉണ്ട്. ഒരാൾ സ്‌പെഷ്യൽ ഡ്യൂട്ടിയിൽ കൊല്ലം ഓഫീസിലും മൂന്ന് പേർ കോടതി ഡ്യൂട്ടിക്കായി കൊല്ലം, പരവൂർ, കൊട്ടാരക്കര കോടതികളിലും പോകും. രണ്ടു പേർ ഷിഫ്റ്റ് അടിസ്ഥാനത്തിൽ പാറാവ് ഡ്യൂട്ടി ചെയ്യുന്നു, ഒരാൾ റൈറ്ററാണ്. ഒരാൾ തിരുവനന്തപുരം ലാബിലേക്ക് കെമിക്കൽ ഡ്യൂട്ടിക്കു പോവും. ഇതോടെ ഓഫീസിൽ സിവിൽ എക്‌സൈസ് ഓഫീസർമാർ ഇല്ലാത്ത അവസ്ഥയാണ്.
കുറഞ്ഞത് വേണം 50 പേർ!
ചാത്തന്നൂർ എക്സൈസ് റേഞ്ച് ഓഫീസിൽ അൻപതിലധികം ഉദ്യോഗസ്ഥർ ഉണ്ടെങ്കിൽ മാത്രമേ സേവനം കൃത്യമായി നടത്താനാവൂ എന്നതാണ് അവസ്ഥ. കൂടുതൽ തസ്തികകൾ സൃഷ്ടിച്ച് വകുപ്പിന്റെ പ്രവർത്തനം ശാക്തീകരിക്കാൻ എക്സൈസ് ജീവനക്കാരുടെ സംഘടന നിരന്തരം സമ്മർദ്ദം ചെലുത്തിയിട്ടും ഫലമുണ്ടാവുന്നില്ല. ക്രിമിനൽ കേസ് പ്രതികൾ അടക്കമുള്ളവർ മയക്കുമരുന്ന് വിപണന രംഗത്തേക്ക് ചേക്കേറിയതിന്റെ പശ്ചാത്തലത്തിൽ വാഹനങ്ങളുടെയും ജീവനക്കാരുടെയും എണ്ണം വർദ്ധിപ്പിക്കണമെന്നാണ് ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |