കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നഗരസഭയുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ അക്രമകാരികളായ തെരുവ് നായ്ക്കൾ നാട്ടുകാർക്ക് വൻ ഭീഷണിയായി മാറുന്നു. തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിച്ചതോടെ പ്രദേശവാസികളുടെ ജനജീവിതം പൂർണ്ണമായും ദുസ്സഹമായിരിക്കുകയാണ്. ഓണം കഴിഞ്ഞതോടെയാണ് ഇവറ്റകളുടെ ശല്യം ഗണ്യമായി ഏറിയത്.
മാലിന്യവും ഭീതിയും
രാത്രിയുടെ മറവിൽ റോഡുകളുടെ വശങ്ങളിൽ നിക്ഷേപിക്കുന്ന ആഹാരത്തിന്റെ വേസ്റ്റുകൾ കഴിക്കാനാണ് തെരുവ് നായ്ക്കൾ കൂട്ടത്തോടെ എത്തുന്നത്. രാത്രിയിൽ സൈക്കിളിലും ഇരുചക്ര വാഹനങ്ങളിലും വരുന്ന യാത്രക്കാരെയാണ് ഇവ പ്രധാനമായും ആക്രമിക്കുന്നത്. പകൽ സമയങ്ങളിൽ വിജനമായ സ്ഥലങ്ങളിലും ചെറിയ കുറ്റിക്കാടുകളുമാണ് ഇവറ്റകളുടെ അഭയകേന്ദ്രങ്ങൾ. തെരുവ് നായ്ക്കളെ ഭയന്ന് പ്രഭാത സവാരി പോലും നിർത്തിയവർ നിരവധിയാണ്. രാവിലെ ഗ്രാമീണ റോഡുകളിലൂടെ നിരവധി തെരുവ് നായ്ക്കളാണ് വരിവരിയായി പോകുന്നത്.
മൗനം പാലിച്ച് അധികൃതർ
വീടുകളിൽ വളർത്തുന്ന കോഴികളെ കൂടുകൾ തകർത്ത് കടിച്ചു കൊണ്ടുപോകുന്നതും പതിവായിട്ടുണ്ട്. കൂട്ടത്തോടെ വീടുകളിൽ എത്തുന്ന നായ്ക്കളെ നേരിടാൻ വീട്ടുകാർക്ക് പോലും ഭയമാണ്. ഇവയുടെ കൂട്ടത്തിൽ പേ വിഷബാധയുള്ള നായ്ക്കളും ഉണ്ട്. അക്രമകാരികളായ തെരുവ് നായ്ക്കളിൽ നിന്നും ജനങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം തദ്ദേശ ഭരണ കൂടങ്ങൾക്കാണ്. അക്രമകാരികളായ നായ്ക്കളെ ഉന്മൂലനം ചെയ്യാമെന്ന ഉത്തരവ് നിലവിലുണ്ടായിട്ടുപോലും ബന്ധപ്പെട്ടവർ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്.
എ.ബി.സി സെന്ററുകളും ഷെൽട്ടറുകളും വേണം
തെരുവ് നായ്ക്കളിൽ നിന്നും പൊതു സമൂഹത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ആദ്യം എ.ബി.സി സെന്ററുകൾ സ്ഥാപിക്കണം. തുടർന്നാണ് വിദഗ്ധ പരിശീലനം ലഭിച്ച ഡോഗ് ക്യാച്ചർമാരെ ഉപയോഗിച്ച് തെരുവ് നായ്ക്കളെ പിടിച്ച് ഷെൽട്ടർ ഹോമിലേക്ക് മാറ്റേണ്ടത്. ഒരു നായയെ പിടിക്കുന്നതിന് ഏകദേശം 2500 രൂപ ചെലവ് വരും. വാഹനങ്ങളിൽ കൊണ്ടുവരുന്ന തെരുവ് നായ്ക്കളെ ഷെൽട്ടർ ഹോമിലെത്തിച്ച് വന്ധീകരണം നടത്തി സുരക്ഷിതമായ മറ്റ് ഇടങ്ങളിലേക്ക് മാറ്റുകയും നല്ല പരിചരണം നൽകുകയും വേണം. വന്ധീകരണത്തിന് ശേഷം ഒരു മാസത്തോളം പരിചരണം ലഭിച്ച പട്ടികളെയാണ് പുറത്തുവിടുന്നത്.
സാമ്പത്തിക ശേഷിയുണ്ടായിട്ടും അനക്കമില്ല
സാമ്പത്തിക ശേഷി ഇല്ലാത്ത തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്ക് ജില്ലാ പഞ്ചായത്ത് ഏർപ്പെടുത്തിയിട്ടുള്ള ഫീസ് നൽകി ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ പദ്ധതി നടപ്പാക്കാവുന്നതാണ്. കരുനാഗപ്പള്ളി നഗരസഭ സാമ്പത്തികമായി മുന്നിലായതിനാൽ ഈ പദ്ധതി സ്വന്തമായി തന്നെ നടപ്പാക്കാൻ കഴിയുമെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |