SignIn
Kerala Kaumudi Online
Monday, 21 September 2026 5.26 PM IST

കൊട്ടാരക്കര ബസ് സ്റ്റാൻഡ്; വികസനം കടലാസിൽ

photo
കൊട്ടാരക്കരയിലെ സ്വകാര്യ ബസ് സ്റ്റാൻഡ്

കൊട്ടാരക്കര: കൊട്ടാരക്കര പട്ടണത്തിലെ സ്വകാര്യ ബസ് സ്റ്റാൻഡിന്റെ നവീകരണം വെയിറ്റിംഗ് ഷെഡ് നിർമ്മാണത്തിൽ ഒതുങ്ങി. കഴിഞ്ഞ മാർച്ചിലാണ് പുതിയ വെയിറ്റിംഗ് ഷെഡ് ഉദ്ഘാടനം ചെയ്തത്. മന്ത്രിയായിരിക്കെ കെ.എൻ.ബാലഗോപാൽ അനുവദിച്ച ഒരു കോടി രൂപയിലധികം ചെലവിട്ടാണ് വെയിറ്റിംഗ് ഷെഡ് നിർമ്മിച്ചത്. എന്നാൽ സ്റ്റാൻഡിൽ മറ്റ് അടിസ്ഥാന സൗകര്യങ്ങളൊന്നുംതന്നെ ഒരുക്കിയിട്ടില്ല. നൂറുകണക്കിന് യാത്രക്കാർ വന്നുപോകുന്ന ബസ് സ്റ്റാൻഡ് തീർത്തും ദുരിതത്തിലാണ്.

അഴുക്കുചാലുകൾ നിറഞ്ഞുകവിയുന്നു

ദിവസേന നിരവധിയാളുകൾ വന്നുപോകുന്ന സ്റ്റാൻഡിൽ മഴക്കാലത്താണ് യാത്രാദുരിതം രൂക്ഷമാകുന്നത്. സ്റ്റാൻഡിന്റെ തറഭാഗം ടാറിംഗോ കോൺക്രീറ്റോ നടത്തിയിട്ടില്ലാത്തതിനാൽ മഴ പെയ്താൽ പ്രദേശം മുഴുവൻ വെള്ളക്കെട്ടും ചെളിയുമാകും. സ്റ്റാൻഡിലെ അഴുക്കുചാലുകൾ കൃത്യമായി വൃത്തിയാക്കാത്തതും ദുരിതം വർദ്ധിപ്പിക്കുന്നു. മുൻപ് നവീകരണ ജോലികൾ തുടങ്ങിയതിന്റെയും മുടങ്ങിയതിന്റെയും അവശിഷ്ടങ്ങൾ പലയിടത്തായി കിടക്കുന്നത് അപകടങ്ങൾക്കും വഴിവെക്കുന്നുണ്ട്.

വരിപിരിക്കലിൽ കൃത്യത; വികസനത്തിൽ പൂജ്യം

ബസ് സ്റ്റാൻഡിൽ പ്രവേശിക്കുന്ന വാഹനങ്ങളിൽ നിന്ന് നഗരസഭ കൃത്യമായി ഫീസ് ഈടാക്കുന്നുണ്ടെങ്കിലും സൗകര്യങ്ങൾ ഒരുക്കുന്നതിൽ പൂർണ്ണ പരാജയമാണ്. ഹൈടെക് സ്വകാര്യ ബസ് സ്റ്റാൻഡ് പദ്ധതിക്കായി ആദ്യഘട്ടത്തിൽ 75 ലക്ഷം രൂപ അനുവദിക്കുകയും നിർമ്മാണോദ്ഘാടനം നടത്തുകയും ചെയ്തിരുന്നു. എന്നാൽ പൈലിംഗ് വേണമെന്ന കാരണത്താൽ ആ പണികൾ മുടങ്ങി. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ധൃതിപിടിച്ച് വെയിറ്റിംഗ് ഷെഡ് മാത്രം നിർമ്മിച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു.

വാഗ്ദാനങ്ങളിൽ ഒതുങ്ങിയ 'ഹൈടെക്' പ്രഖ്യാപനം

വിശാലമായ ബസ് പാർക്കിംഗ്, ആധുനിക കച്ചവട സ്ഥാപനങ്ങൾ, ശുചിമുറികൾ, വിശ്രമകേന്ദ്രം, എ.ടി.എം. കൗണ്ടർ, വൈഫൈ, മുലയൂട്ടൽ കേന്ദ്രം തുടങ്ങിയ വൻ വാഗ്ദാനങ്ങളോടെയാണ് ഹൈടെക് ബസ് സ്റ്റാൻഡ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇതിലൊന്നും ഒരു പുരോഗതിയുമുണ്ടായിട്ടില്ല. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ഈ സ്റ്റാൻഡിന്റെ ദുരവസ്ഥ ദൂരദേശങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാർക്ക് മുന്നിൽ നഗരത്തിന് വലിയ നാണക്കേടാണ് ഉണ്ടാക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL