കൊല്ലം: നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന കൊല്ലം റെയിൽവേ സ്റ്റേഷന്റെ രണ്ടാം പ്രവേശന കവാടത്തിനുള്ളിൽ തെരുവുനായ്ക്കൾ തമ്പടിക്കുന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. പുതിയ ആർ.പി.എഫ് ഓഫീസിനു മുന്നിലും പഴയ ടിക്കറ്റ് കൗണ്ടറിന് സമീപവുമാണ് നായ്ക്കൾ അലഞ്ഞുതിരിയുന്നത്.
കൊല്ലം-തിരുമംഗലം ദേശീയപാതയ്ക്ക് അഭിമുഖമായുള്ള ഈ കവാടത്തിലൂടെയാണ് രണ്ടാം പ്ലാറ്റ്‌ഫോമിലേക്കും കുണ്ടറ, ഇളമ്പള്ളൂർ ഭാഗങ്ങളിലേക്കുമുള്ള യാത്രക്കാർ കൂടുതലായി എത്തുന്നത്. യാത്രക്കാരുടെ ഇടയിലൂടെ നായ്ക്കൾ അലഞ്ഞു തിരിയുന്നതും പെട്ടെന്ന് പിന്നാലെ ഓടിയെത്തുന്നതും കുരയ്ക്കുന്നതും പതിവായി. സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കം നായ്ക്കളെ ഭയന്ന് മാറിനിന്നാണ് കവാടം കടക്കുന്നത്. രാത്രിയിൽ സ്ഥിതി കൂടുതൽ ആശങ്കാജനകമാണ്. നായ്ക്കൾ കൂട്ടത്തോടെ പിന്തുടരുമ്പോൾ സമീപത്തെ ഓട്ടോറിക്ഷാ ഡ്രൈവർമാരും മറ്റും ഇടപെട്ടാണ് പലപ്പോഴും യാത്രക്കാരെ രക്ഷിക്കുന്നത്. തെരുവുനായ്ക്കൾ സ്വതന്ത്രമായി വിഹരിച്ചിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ആരോപണമുണ്ട്.
നടപടി ഇഴയുന്നു
കൊല്ലം കോർപറേഷൻ പരിധിയിലെ തെരുവുനായ്ക്കളുടെ കണക്കെടുക്കാനായി ഡബ്ല്യു.വി.എസ് ഇന്ത്യയുടെ നേതൃത്വത്തിൽ ഡോഗ് പോപ്പുലേഷൻ സർവേ നടത്തിയെങ്കിലും ശല്യം നിയന്ത്രിക്കാനുള്ള തുടർനടപടികൾ ഇഴയുകയാണെന്നാണ് ആക്ഷേപം. പേവിഷ പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി ശാസ്ത്രീയമായി പരിശോധിക്കുന്നതിനുള്ള നടപടികളും തുടരുകയാണ്. നായ്ക്കളെ ഷെൽട്ടർ ഒരുക്കി പുനരധിവസിപ്പിക്കണമെന്ന ആവശ്യത്തിനും പരിഹാരമായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |