ഇയുവരെ രജിസ്റ്റർ ചെയ്തത് 32,540 പേർ മാത്രം
കൊല്ലം: ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കാനുള്ള ലേബർ വകുപ്പിന്റെ ‘അതിഥി പോർട്ടൽ’ രജിസ്ട്രേഷൻ മൂന്ന് വർഷമായിട്ടും പൂർണതയിലെത്തിയില്ല. 2023ൽ ജില്ലയിൽ ആരംഭിച്ച പദ്ധതിയിൽ കഴിഞ്ഞ ആഗസ്റ്റ് 31വരെ രജിസ്റ്റർ ചെയ്തത് 32,540 തൊഴിലാളികൾ മാത്രം. സംസ്ഥാന പ്ലാനിംഗ് ബോർഡിന്റെ 2017-18ലെ കണക്ക് പ്രകാരം ജില്ലയിൽ ദീർഘകാലമായി ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾ ഏകദേശം 52,000 പേരാണ്. എട്ടുവർഷം പഴക്കമുള്ള ഈ കണക്ക് പരിഗണിച്ചാൽ പോലും 20,000ലേറെ തൊഴിലാളികൾ രജിസ്ട്രേഷൻ പട്ടികയ്ക്ക് പുറത്താണ്. പുതുതായി വന്നവരെ കൂടി കൂട്ടിയാൽ കാൽ ലക്ഷം കവിയും.
ജില്ലാ ലേബർ ഓഫീസിലെ നോഡൽ ഏജൻസിയായ ചിയാക് വഴി 6,828 പേരാണ് രജിസ്റ്റർ ചെയ്തത്. താലൂക്ക് അടിസ്ഥാനത്തിൽ കരുനാഗപ്പള്ളിയിലാണ് കൂടുതൽ രജിസ്ട്രേഷൻ, 3865 പേർ. പരവൂർ 3381, കൊല്ലം സർക്കിൾ ഒന്ന് 3017, സർക്കിൾ രണ്ട് 3074, പുനലൂർ 3140, കുണ്ടറ 2,424, ശാസ്താംകോട്ട 2331, ചടയമംഗലം 2325, കൊട്ടാരക്കര 2155 എന്നിങ്ങനെയാണ് രജിസ്ട്രേഷൻ. അടുത്തിടെ കൊട്ടാരക്കരയിൽ അന്യസംസ്ഥാന തൊഴിലാളികളെന്ന വ്യാജേന താമസിച്ചിരുന്ന 10 ബംഗ്ലാദേശ് പൗരന്മാരാണ് പിടിയിലായത്.
മറ്റ് സംസ്ഥാനങ്ങളിലെ ക്രിമിനലുകളും ബഗ്ലാദേശികളും ഉൾപ്പെടെ ഇത്തരത്തിൽ വ്യാജ ആധാറുമായി കേരളത്തിൽ ജോലി ചെയ്യുന്നുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് നേരത്തെയുണ്ട്. ഇതിനാൽ രജിസ്ട്രേഷൻ ഇല്ലാത്തവർ വലിയ സുരക്ഷാ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.
ഉത്തരവാദിത്തം തൊഴിലുടമയ്ക്കും
ലേബർ ക്യാമ്പുകൾ, നിർമ്മാണ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തി മൊബൈൽ ആപ്പിലൂടെ രജിസ്ട്രേഷൻ നടത്തുന്നുണ്ട്. പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്ത തൊഴിലാളികളെക്കൊണ്ട് രജിസ്റ്റർ ചെയ്യിക്കേണ്ടത് കോൺട്രാക്ടർമാരുടെയും തൊഴിലുടമകളുടെയും കൂടി ഉത്തരവാദിത്തമാണ്. അതിഥി കാർഡ്’ ലഭിക്കുന്നവർക്ക് മാത്രമേ സൗജന്യ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ ‘ആവാസ്’ ഉൾപ്പെടെയുള്ള ക്ഷേമപദ്ധതികൾ ലഭിക്കൂ. രേഖകളില്ലാത്ത തൊഴിലാളികൾ എന്തെങ്കിലും കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുകയോ അപകടത്തിൽപ്പെടുകയോ ചെയ്താൽ തൊഴിലുടമകളും കുഴപ്പത്തിലാവും.
രജിസ്ട്രേഷൻ ഇങ്ങനെ
തൊഴിലാളികൾക്കോ തൊഴിലുടമകൾക്കോ കോൺട്രാക്ടർമാർക്കോ അതിഥി പോർട്ടലിൽ വിവരങ്ങൾ രജിസ്റ്റർ ചെയ്യാം
മൊബൈൽ നമ്പറും അതിൽ വരുന്ന ഒ.ടി.പിയും ഉപയോഗിച്ച് അക്കൗണ്ട് തുറക്കുക
തൊഴിലാളിയുടെ പേര്, വിലാസം, ആധാർ നമ്പർ, ഫോട്ടോ എന്നിവ കൃത്യമായി രേഖപ്പെടുത്തുക
അപേക്ഷകൾ അതത് പ്രദേശത്തെ ലേബർ ഓഫീസർ ഓൺലൈനായി പരിശോധിച്ച് അംഗീകരിക്കും
രജിസ്ട്രേഷൻ പൂർത്തിയാകുമ്പോൾ ആനുകൂല്യങ്ങൾക്കായി അതിഥി കാർഡ് ഡൗൺലോഡ് ചെയ്ത് എടുക്കാം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |