അന്വേഷണം ആവശ്യപ്പെട്ട് ഉടമ
കൊല്ലം: കൂട്ടിക്കടയിൽ ഫർണിച്ചർ നിർമ്മാണശാലയിലുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ ഫർണിച്ചറുകളും തടി ഉരുപ്പടികളും കത്തിനശിച്ചു. ഇന്നലെ പുലർച്ചെ രണ്ടരയോടെ കൂട്ടിക്കട ചന്തക്കട മുക്കിന് തെക്കുവശമുള്ള കടയിലാണ് സംഭവം. അന്വേഷണം ആവശ്യപ്പെട്ട ഉടമ കൊല്ലം കോട്ടമുക്ക് സ്വദേശി റാഫി ഇരവിപുരം പൊലീസിൽ പരാതി നൽകി.
തവണ വ്യവസ്ഥയിൽ നൽകാനായി തയ്യാറാക്കി വച്ചിരുന്ന കട്ടിലുകൾ, മേശകൾ, ദിവാൻ കോട്ടുകൾ തുടങ്ങിയവയും ഫർണിച്ചർ നിർമാണത്തിനായി ശേഖരിച്ചുവച്ചിരുന്ന തടി ഉരുപ്പടികളും കത്തി നശിച്ചു. തീയും പുകയും ഉയരുന്നത് കണ്ടാണ് പരിസരവാസികൾ ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. കൊല്ലത്തു നിന്ന് 3 യൂണിറ്റ് ഫയർഫോഴ്സ് സംഘമെത്തി നാട്ടുകാരുടെ സഹായത്തോടെ തീ അണച്ചു. കുറച്ച് തടി ഉരുപ്പടികൾ മാത്രമാണ് അവശേഷിച്ചത്.
പ്രാഥമിക പരിശോധനയിൽ ഷോർട്ട് സർക്യൂട്ടിന്റെ സൂചനകൾ കണ്ടെത്തിയിട്ടില്ല. അതിനാൽ ആരെങ്കിലും തീയിടുകയോ സിഗരറ്റ് കുറ്റ് വലിച്ചെറിഞ്ഞ് തീപിടിച്ചതോ ആകാമെന്ന സംശയമുണ്ട്. വ്യാഴാഴ്ച ജോലിക്കാർ ഉണ്ടായിരുന്നില്ല. എട്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചെന്ന് ഉടമ പറയുന്നു. ഇരവിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |