കൊല്ലം: പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഇല്ലാത്ത സൗകര്യങ്ങൾ ഉണ്ടെന്ന് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ മറുപടി നൽകിയതായി ആരോപണം. കലയ്ക്കോട് സുധാനിവാസിൽ സുധാമണി മുഖ്യമന്ത്രിക്ക് നൽകിയ പരാതിക്ക് മെഡിക്കൽ കോളേജ് അധികൃതർ നൽകിയ റിപ്പോർട്ടിലാണ് തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തിയെന്ന് ആരോപണം ഉയരുന്നത്.
മെഡിക്കൽ കോളേജിലെ വാർഡുകളിൽ രണ്ട് വീൽ ചെയർ വീതവും അത്യാഹിത വിഭാഗത്തിൽ പത്ത് വീൽ ചെയറും ഉണ്ടെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ട്. എന്നാൽ തന്റെ മകൻ വാർഡിൽ ചികിത്സയിൽ കഴിയവെ താൻ വീൽ ചെയറിനായി നെട്ടോട്ടമോടിയെന്ന് സുധാമണി ആരോപിക്കുന്നു. വാർഡുകളിലെ ടോയ്‌ലെറ്റുകൾക്ക് വാതിൽ പോലുമില്ല. എന്നാൽ ടോയ്‌ലെറ്റുകളിൽ എല്ലാ സൗകര്യവുമുണ്ടെന്നാണ് റിപ്പോർട്ട്. ആശുപത്രിയിലെ ഫാർമസിയിൽ പല മരുന്നുകളും ലഭ്യമല്ല. ശസ്ത്രക്രിയ ഉപകരണങ്ങൾ പുറത്ത് നിന്ന് വാങ്ങിപ്പിക്കാറുണ്ട്. എന്നാൽ അവശ്യമരുന്നുകളുടെ പട്ടികയിലുള്ളതെല്ലാം ലഭ്യമാണെന്നാണ് മുഖ്യമന്ത്രിക്ക് നൽകിയ മറുപടി.
മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികളെ ഹൗസ് സർജന്മാരാണ് പരിശോധിക്കുന്നത്. പിന്നീട് അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റഫർ ചെയ്യും. എന്നാൽ ഹൗസ് സർജന്മാരുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ റഫർ ചെയ്യാറില്ലെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടെന്ന് സുധാമണി ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |