SignIn
Kerala Kaumudi Online
Friday, 23 October 2026 1.52 PM IST

കൊട്ടാരക്കര നഗരസഭ ആസ്ഥാന മന്ദിര നിർമ്മാണം നിലച്ചു; ഭൂമി കാടുകയറി

photo
കൊട്ടാരക്കര നഗരസഭയ്ക്ക് ആസ്ഥാന മന്ദിരമൊരുക്കാൻ നിരപ്പാക്കിയ ഭൂമി കാട് മൂടിയ നിലയിൽ

കൊട്ടാരക്കര: കൊട്ടാരക്കര നഗരസഭയുടെ പുതിയ ആസ്ഥാന മന്ദിര നിർമ്മാണം നിലച്ച നിലയിൽ. നിർമ്മാണോദ്ഘാടനം നടത്തി ഒരു വർഷം തികയാൻ രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ, നഗരസഭയ്ക്കായി അനുവദിച്ച ഭൂമി പൂർണ്ണമായും കാടുമൂടിക്കിടക്കുകയാണ്. കൊട്ടാരക്കര സബ് ജയിലിന് സമീപത്തായി കല്ലട ഇറിഗേഷൻ പ്രോജക്ടിന്റെ ഉടമസ്ഥതയിലുള്ള 50 സെന്റ് ഭൂമിയാണ് നഗരസഭയ്ക്ക് കെട്ടിട നിർമ്മാണത്തിനായി ലഭിച്ചത്. ഇവിടെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മനോഹരമായ കെട്ടിടമാണ് വിഭാവനം ചെയ്തിരുന്നത്. ഇതിനായി കഴിഞ്ഞ സർക്കാർ 16.78 കോടി രൂപ അനുവദിക്കുകയും, ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം നവംബർ 7ന് നിർമ്മാണ ഉദ്ഘാടനം നടത്തുകയും ചെയ്തിരുന്നു. തുടക്കത്തിൽ ഇവിടെയുണ്ടായിരുന്ന മരങ്ങൾ വെട്ടിമാറ്റുകയും കുറേശ്ശെ മണ്ണ് നീക്കി പ്രദേശം നിരപ്പാക്കുകയും ചെയ്തിരുന്നെങ്കിലും, നിലവിൽ സ്ഥലത്ത് വലിയ കുറ്റിക്കാടുകൾ വളർന്നുനിൽക്കുന്ന സ്ഥിതിയാണുള്ളത്.

 പരിമിതമായ സൗകര്യങ്ങളിൽ നഗരസഭ ഓഫീസ്

കൊല്ലം-തിരുമംഗലം ദേശീയപാതയോരത്തായി വളരെ പരിമിതമായ സൗകര്യങ്ങളിലാണ് നിലവിൽ നഗരസഭ ഓഫീസ് പ്രവർത്തിക്കുന്നത്. മുൻപ് ഗ്രാമപഞ്ചായത്ത് ആയിരുന്ന കാലത്തെ പഴയ കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. ഈ കെട്ടിടത്തിന്റെ അടിഭാഗം മഴക്കാലത്ത് വെള്ളക്കെട്ടിലമരുന്ന സ്ഥിതിയാണ്. കൂടാതെ കെട്ടിടത്തിന് കാലപ്പഴക്കത്തിന്റെ തകർച്ചയുമുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ കെട്ടിടം നിർമ്മിച്ച് നഗരസഭയുടെ പ്രവർത്തനം അവിടേക്ക് മാറ്റാൻ പദ്ധതി തയ്യാറാക്കിയത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുമായാണ് ഇതിനായി കരാർ ഒപ്പിട്ടിരുന്നത്.

 തുടർനടപടികൾ വൈകുന്നു

നിർമ്മാണോദ്ഘാടനം കഴിഞ്ഞെങ്കിലും തുടർനടപടികൾ ഒന്നുംതന്നെ മുന്നോട്ടുപോയിട്ടില്ല. സ്ഥലത്ത് ഇനിയും മണ്ണ് നീക്കം ചെയ്യാനുണ്ട്. അതിനുശേഷമേ പൈലിംഗ് ജോലികൾ ആരംഭിക്കാൻ കഴിയൂ. സർക്കാർ ഭരണത്തിൽ വന്ന മാറ്റങ്ങളും പ്രോജക്ടിന്റെ തടസ്സങ്ങൾക്ക് കാരണമായിട്ടുണ്ട്. എങ്കിലും, നഗരസഭയുടെ സുപ്രധാന ആസ്ഥാനമെന്ന നിലയിൽ നിലനിൽക്കുന്ന ഇത്തരം തടസങ്ങൾ നീക്കുന്നതിന് കൂട്ടായ ഇടപെടലുകൾ അനിവാര്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL