SignIn
Kerala Kaumudi Online
Friday, 23 October 2026 7.49 AM IST

പ്രകൃതി ഭംഗി അടുത്തറിഞ്ഞ് വിസ്റ്റാഡോം കോച്ച് യാത്ര

കൊല്ലം: പശ്ചിമഘട്ടത്തിന്റെ സൗന്ദര്യം യാത്രക്കാരി​ലേക്ക് ആവാഹി​ക്കുന്ന കൊല്ലം- ചെങ്കോട്ട റെയിൽപാതയിൽ കേരളത്തിൽ ആദ്യമായി വിസ്റ്റാഡോം കോച്ച് ഘടി​പ്പി​ച്ച ട്രെയി​ൻ സർവ്വീസ് തുടങ്ങി. മധുര ഗുരുവായൂർ എക്സ്‌പ്രസ് ട്രെയിൻ (16327) ഇന്നലെ രാവിലെ 11.30ന് മധുര ജംഗ്ഷനിൽ നിന്നു സർവ്വീസ് ആരംഭിച്ച് കൊല്ലം വഴി ഗുരുവായൂരിലേക്ക് പോയത് ചരി​ത്ര യാത്രയായി​.

വിശാലമായ ഗ്ലാസ് ജനാലകളും ഗ്ലാസ് കൊണ്ടുള്ള മേൽക്കൂരയുമാണ് വിസ്റ്റാഡോം കോച്ചിന്റെ ഏറ്റവും വലിയ സവിശേഷത. ഗ്ലാസ് ജനാലകളിലൂടെ കൊല്ലം ചെങ്കോട്ട പാതയിലെ പശ്ചിമഘട്ട മലനിരകൾ, താഴ്‌വരകൾ, വനങ്ങൾ, വെള്ളച്ചാട്ടങ്ങൾ, പതിമൂന്ന് കണ്ണറ പാലം, സമൃദ്ധമായ പച്ചപ്പ് തുടങ്ങിയവ കോച്ചിലിരുന്ന് ആസ്വദിക്കാം. വി​നോദ സഞ്ചാരികൾക്കായാണ് റെയിൽവേ കൊല്ലം- ചെങ്കോട്ട പാതയിലെ മധുര- ഗുരുവായൂർ എക്സ്‌പ്രസിൽ ഒരു വിസ്റ്റാഡോം കോച്ച് അനുവദിച്ചത്. പാലരുവി, കഴുതുരുട്ടി, കുറ്റാലം വെള്ളച്ചാട്ടങ്ങൾ, തെന്മല ഇക്കോ ടൂറിസം സെന്റർ എന്നിവ ഈ പാതയുടെ അരികിലാണ്. മധുര മീനാക്ഷി ക്ഷേത്രം, ഗുരുവായൂർ ക്ഷേത്രം എന്നീ രണ്ട് പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന സർവീസ് എന്ന പ്രത്യേകതയുമുണ്ട്.

എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ ആദ്യ സർവീസിൽ യാത്ര ചെയ്തു. വിവിധ സ്ഥലങ്ങളിൽ കോച്ചിന് സ്വീകരണവും നൽകി.


പരീക്ഷണ സർവീസ്

പരീക്ഷണാർത്ഥമാണ് ഇപ്പോഴത്തെ സർവീസ്. ഗുരുവായൂരിൽ നിന്നു തിരികെ മധുരയിലേക്ക് പോകുമ്പോഴും (ട്രെയിൻ നമ്പർ 16328) വിസ്റ്റാഡോം കോച്ച് ഉണ്ടാകും. വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് മധുരയിൽ നിന്നു ഗുരുവായൂരിലേക്കുള്ള സർവ്വീസ്. വെള്ളി, ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ തിരികെയും.

സൗകര്യങ്ങളേറെ

 മധുര- ഗുരുവായൂർ യാത്രയ്ക്ക് 1875 രൂപ

 ടിക്കറ്റ് റിസർവ് ചെയ്യണം

 360 ഡിഗ്രി കറങ്ങുന്ന എക്സിക്യുട്ടി​വ് ചെയറുകൾ സവിശേഷത

 42 പേർക്ക് ഒരു കോച്ചിൽ യാത്ര ചെയ്യാം

 മേൽക്കൂരയിലെയും വശത്തെയും ജനാലകൾ നീക്കി മറയില്ലാതെ കാഴ്ചകൾ കാണാം

 ടൈൽ പാകിയതാണ് കോച്ചിന്റെ ഫ്ലോർ

 അത്യാധുനിക സൗകര്യങ്ങളുള്ള ശൗചാലയവും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL