SignIn
Kerala Kaumudi Online
Friday, 23 October 2026 8.34 AM IST

ദേശീയപാത 66ലെ വെള്ളക്കെട്ട് പ്രധാന കാരണം ഡി​സൈൻ; പി​ന്നെ, മാലി​ന്യവും ചെളി​യും

ഓടയിലെ ഒഴുക്കു കൂട്ടാൻ നടപടിയെടുക്കും

കൊല്ലം: ഡിസൈനിലെ പിഴവാണ് ദേശീയപാത 66ലെ സർവ്വീസ് റോഡിൽ വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണമെന്ന് നി​ഗമനം. പ്രശ്നം പരിഹരിക്കാൻ ഓടയിലെ കൂടുതൽ സ്ഥലങ്ങളിൽ ഗ്രേറ്റിംഗ് (വെള്ളം പോകാനുള് ഇരുമ്പ് മൂടി) സ്ഥാപിക്കാൻ കരാർ കമ്പനിക്ക് ദേശീയപാത അതോറി​ട്ടി​ നിർദ്ദേശം നൽകി. സ്ഥിരമായി വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലങ്ങൾക്കാവും മുൻഗണന. ആറുവരിപ്പാതയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ സർവ്വീസ് റോഡിലേക്ക് കൂടുതൽ പൈപ്പുകൾ സ്ഥാപിക്കും.

ദേശീയപാത 66 ന്റെ വശങ്ങളി​ലെ ഓടകൾ സർവ്വീസ് റോ‌ഡിന്റെ കൂടി ഭാഗമാണ്. വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റുന്ന ബലത്തിലാണ് ഓടയുടെ സ്ലാബുകൾ നിർമ്മിച്ചിരിക്കുന്നത്. വാഹനങ്ങൾ കയറുമ്പോൾ പൊട്ടാതിരിക്കാൻ രണ്ടിഞ്ച് വ്യാസത്തിൽ മാത്രമാണ് വെള്ളം ഇറങ്ങാനുള്ള ദ്വാരങ്ങളുള്ളത്. ഈ ദ്വാരങ്ങൾ അടയുന്നത് വെള്ളക്കെട്ടിന് കാരണമാകുന്നു എന്നാണ് ദേശീയപാത അതോറി​ട്ടി​യുടെ വിലയിരുത്തൽ. കരാർ കമ്പനി തൊഴിലാളികൾ ഇടയ്ക്കിടെ ദ്വാരങ്ങളിലെ മണ്ണ് നീക്കുമെങ്കിലും മഴവെള്ളത്തിനൊപ്പം ചെളി കൂടി ഒഴുകിയെത്തി വീണ്ടും അടയും. ഇത്തരം സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്.

നടപ്പാതയ്ക്കും ആറുവരിപ്പാതയ്ക്കും ഇടയിലാണ് സർവ്വീസ് റോഡ്. ഇവ രണ്ടും എല്ലായിടത്തും സർവ്വീസ് റോഡിനെക്കാൾ ഉയരത്തിലാണ്. അതുകൊണ്ട് ഓട അടഞ്ഞാൽ സർവ്വീസ് റോഡിലെത്തുന്ന മഴവെള്ളത്തിന് ഒഴുകിപ്പോകാൻ വേറെ വഴിയില്ലാത്ത അവസ്ഥയാണ്. ആറുവരിപ്പാതയിലെ മഴ വെള്ളം പൂർണമായും സർവ്വീസ് റോഡിലാണ് എത്തുന്നത്. ഭാരമുള്ള വാഹനങ്ങൾ കയറി പൊട്ടാൻ സാദ്ധ്യതയുള്ളതിനാലാണ് ആറുവരിപ്പാതയിൽ നിന്ന് സർവ്വീസ് റോഡിന് അടിയിലൂടെ ഓടയിലേക്ക് പൈപ്പ് സ്ഥാപിക്കാത്തതെന്നാണ് അധികൃതർ പറയുന്നത്.

 മാലിന്യവും വി​ഷയം

ആറുവരിപ്പാതയിൽ ചാക്കുകളിലാക്കി മാലിന്യം തള്ളുന്നതും പൈപ്പുകൾ അടഞ്ഞ് വെള്ളക്കെട്ടിന് ഇടയാക്കുന്നുവെന്ന് ദേശീയപാത അതോറിട്ടി​ അധികൃതർ പറഞ്ഞു. മഴ പെയ്യുമ്പോൾ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ ഒഴുകിയെത്തി പൈപ്പുകൾ അടയുന്നുണ്ട്. ഇക്കാര്യം ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അധി​കൃതർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL