
മുണ്ടക്കയം : അഞ്ചുനില മന്ദിരവും, സ്ഥലസൗകര്യവുമുണ്ടെങ്കിലും മുണ്ടക്കയം കുടുംബാരോഗ്യകേന്ദ്രം സജ്ജീകരണങ്ങളുടെ കാര്യത്തിൽ ഏറെ പിന്നിൽ. മലയോരമേഖലയിലെ സാധാരണക്കാരുടെ പ്രധാന ആശ്രയകേന്ദ്രമായ ആശുപത്രിയോടാണ് അധികൃതരുടെ അവഗണന. നിലവിൽ ഒ.പി വിഭാഗം മാത്രമാണ് പ്രവർത്തിക്കുന്നത്. ദിനംപ്രതിയെത്തുന്നത് 300 ലധികം രോഗികൾ. ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ പലരും ക്യൂ നിന്ന് തളരുകയാണ്. 2 പേരാണ് നിലിവുള്ളത്. ടോക്കൺ സംവിധാനവും ഏർപ്പെടുത്തിയിട്ടില്ല. ഹൈറേഞ്ച് മേഖലയിൽ കെ.കെ റോഡിൽ ഉണ്ടാകുന്ന അപകടങ്ങളിൽ പരിക്കേൽക്കുന്നവരെ ആദ്യം എത്തിക്കുന്നത് ഇവിടേക്കാണ്. പ്രാഥമിക ചികിത്സ യഥാസമയം കിട്ടിയില്ലെങ്കിൽ രോഗിയുടെ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. ഭൂരിഭാഗം പേരെയും കോട്ടയം മെഡിക്കൽ കോളേജിലേക്കാണ് റഫർ ചെയ്യുന്നത്. താലൂക്ക് ആശുപത്രിയായി ഉയർത്തുമെന്ന് പലതവണ പ്രഖ്യാപനമുണ്ടായിട്ടും തുടർനടപടിയുണ്ടായില്ല. കാഞ്ഞിരപ്പള്ളിയിൽ ജനറൽ ആശുപത്രിയുള്ളതിനാൽ കുറഞ്ഞ ദൂരപരിധിയിൽ വീണ്ടും ഒരു താലൂക്ക് ആശുപത്രിയോ, ജനറൽ ആശുപത്രിയോ അനുവദിക്കാൻ നിയമമില്ലെന്നാണ് പറച്ചിൽ.
പ്രവർത്തനം 2 നിലകളിൽ മാത്രം
നിലവിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലാണ് ആശുപത്രി. രണ്ട് നിലകളിൽ മാത്രമാണ് പ്രവർത്തനം. കിടത്തി ചികിത്സയ്ക്കും, മറ്റ് പ്രത്യേക വിഭാഗങ്ങൾക്കും സൗകര്യമുണ്ടെങ്കിലും ഒരുക്കിയിട്ടില്ല. ലിഫ്‌റ്റടക്കമുണ്ട്. ഡയാലിസിസ് കേന്ദ്രത്തിന് അനുമതി ലഭ്യമായില്ല. കൂടുതൽ ചികിത്സാ വിഭാഗങ്ങൾ ഏർപ്പെടുത്തിയാൽ കോട്ടയത്തെ മാത്രമല്ല ഇടുക്കി ജില്ലയിലെ ഏലപ്പാറ, കട്ടപ്പന, പെരിയാർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള രോഗികൾക്കും ഗുണകരമാകും. ആശുപത്രിയോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് നാളെ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചുണ്ട്. രാവിലെ 10 ന് സി.എസ്.ഡി.എസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.സുരേഷ് ഉദ്ഘാടനം ചെയ്യും.
ഉയരുന്ന ആവശ്യങ്ങൾ
കിടത്തി ചികിത്സ പുന:രാരംഭിക്കുക
24 മണിക്കൂറും ഡോക്ടറുടെ സേവനം
അത്യാഹിത വിഭാഗം പുന:രാരംഭിക്കുക
പ്രസവ, ഹൃദ്രോഗ, അസ്ഥിരോഗ വിഭാഗം
ആവശ്യത്തിനു ഡോക്ടർമാരെ നിയമിക്കുക
ടോക്കൺ സംവിധാനം ഏർപ്പെടുത്തുക
ആശുപത്രി സ്ഥാപിതമായത് : 1940
''എട്ട് പഞ്ചായത്തുകളിലെ പിന്നാക്ക വിഭാഗം ജനങ്ങളുടെ ആശ്രയമാണ് ആശുപത്രി. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയെ ജനറൽ ആശുപത്രിയായി ഉയർത്തിയപ്പോൾ മുണ്ടക്കയത്തെ താലൂക്ക് ആശുപത്രിയായി പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ നടപ്പിലായില്ല.
-ആശുപത്രി ജനകീയ സമരസമിതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |