
കോട്ടയം: അദ്ധ്വാനിക്കാം നൂറുവെട്ടം, അതിനുള്ള മനസുമുണ്ട്. പക്ഷേ ഫലം നിരാശയെങ്കിലും എന്തുപറയാൻ! നെൽകർഷകരുടെ പരാതിയിലും ആശങ്കയിലും കാര്യമുണ്ട്. കൊയ്ത്തുമായി ബന്ധപ്പെട്ട പ്രതിസന്ധിയാണ് കർഷകരുടെ ആശങ്കയ്ക്ക് അടിസ്ഥാനം. കൊയ്ത്ത് യന്ത്രങ്ങൾ യഥാസമയം ലഭിക്കാത്തത് മൂലം അപ്പർകുട്ടനാടൻ പാടശേഖരങ്ങളിൽ കൊയ്ത്ത് വൈകുന്നതായാണ് കർഷകരുടെ പരാതി. വിളഞ്ഞ് പാകമായിട്ടും കൊയ്ത്ത് യഥാസമയം നടത്താൻ സാധിക്കാത്തത് കർഷകർക്ക് സാമ്പത്തിക നഷ്ടത്തിനും ഇടയാക്കും. അതേസമയം സ്വന്തമായി നിലമുള്ള കർഷകർ പലരും നിലം പാട്ടത്തിനു കൊടുക്കുന്ന സ്ഥിതിയാണ്. കൊയ്ത്ത് വൈകുന്നത് മൂലമുണ്ടാകുന്ന നഷ്ടം ഏറ്റവും കൂടുതൽ ബാധിക്കുന്നത് നിലം പാട്ടത്തിനെടുത്ത കർഷകരെയാണ്.
പ്രതിസന്ധി നേരിടുന്നത്
കുമരകം,തിരുവാർപ്പ്, ആർപ്പൂക്കര മേഖലകളിൽ
പൊഴിയും, കീശകീറി
കൊയ്ത്ത് വൈകിയാൽ അത് വിളവിനെ കാര്യമായി ബാധിക്കും. കഴിഞ്ഞ വർഷകൃഷിയിൽ കുമരകത്തെ പാല പാടശേഖരങ്ങളിലും കർഷകർക്ക് ഏക്കറിന് 10 ക്വിന്റലോളം നഷ്ടം ഉണ്ടായതായാണ് കണക്ക്. 120, 125 ദിവസംകൊണ്ട് വിളവെടുക്കുന്ന ഉമ നെൽവിത്ത് പോലുള്ളവ 135 ദിവസങ്ങൾക്ക് ശേഷമാണ് വിളവെടുക്കാൻ സാധിച്ചത്. വിളവെത്തിയിട്ടും കൊയ്ത്ത് 15 ദിവസത്തോളം വൈകി. ഇത് നെൽമണികൾ പൊഴിയാൻ ഇടയാക്കി. ഒപ്പം നെല്ലിന്റെ തൂക്കത്തിലുണ്ടായ കുറവും കർഷകർക്ക് സാമ്പത്തിക നഷ്ടം വരുത്തി.
നഷ്ടം 25000
20 കൊയ്ത്ത് യന്ത്രങ്ങൾ ഇറക്കി കൊയ്ത്ത് നടത്തേണ്ട പാടങ്ങളിൽ പകുതിയിൽ താഴെ യന്ത്രങ്ങൾ മാത്രമാണ് ഇറങ്ങുന്നത്. ഏക്കറിന് 28-30 ക്വിന്റൽ വരെയാണ് ലഭിക്കേണ്ട വിളവ്. 13-20 ക്വിന്റലോളം മാത്രമാണ് വർഷകൃഷിയിൽ കർഷകർക്ക് വിളവ് ലഭിച്ചത്. ഒരേക്കറിന് ഏകദേശം 25000 രൂപയോളം നഷ്ടം വന്നതായാണ് കണക്ക്. ഇതോടെ പല കർഷകരും കടക്കെണിയിലാണ്.
വിഷയത്തിൽ പാടശേഖരസമിതികൾ കൃത്യമായി ഇടപെടുന്നില്ല. കൊയ്ത്ത് യന്ത്രങ്ങളുടെ എണ്ണം കൂട്ടുന്നതിനും കൂലി നിശ്ചയിക്കുന്നതും ഉൾപ്പെടെയുള്ള തീരുമാനങ്ങൾ കൃത്യമായിരിക്കണം. (നെൽ കർഷകർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |