
കോട്ടയം: ഉത്പാദനം കുറയുകയും ആവശ്യം വർദ്ധിക്കുകയും ചെയ്തതോടെ പച്ചത്തേങ്ങ വില കുതിച്ചുകയറി. ഏഴ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് നിലവിൽ നാളികേരവില. വിപണിയിൽ ചില്ലറ വില കിലോഗ്രാമിന് 80 രൂപ വരെയായി. ഇതോടെ വെളിച്ചെണ്ണയുടെ വിലയും വർദ്ധിച്ചു. കിലോഗ്രാമിന് 242 രൂപയും പാക്കറ്റ് വെളിച്ചെണ്ണക്ക് 300 രൂപ വരെയുമെത്തി വെളിച്ചെണ്ണയുടെ വില. കേരഗ്രാമപദ്ധതിയും വിജയം കണ്ടില്ല.
ഉത്പാദനം കുറഞ്ഞു:
നാടൻ തേങ്ങയുടെ തേങ്ങയുടെ ഉത്പാദനം 40 ശതമാനത്തോളം കുറഞ്ഞതാണ് വിലവർദ്ധനവിന് കാരണമായത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി വിപണിയിൽ വെളിച്ചെണ്ണയ്ക്ക് വില കുത്തനെ ഉയരുകയാണ്. തേങ്ങയ്ക്ക് ആനുപാതികമായി ഉയരുന്ന വെളിച്ചെണ്ണയുടെ വില തേങ്ങയുടെ വില കുറയുന്നതനുസരിച്ച് കുറയുന്നില്ല. വെളിച്ചെണ്ണയ്ക്ക് വിലയേറിയതോടെ കടകളിലും വീട്ടിലെ ആവശ്യങ്ങൾക്കും വെളിച്ചെണ്ണയുടെ ഉപയോഗം പരിമിതപ്പെടുത്തേണ്ട സ്ഥിതിയാണ്. വെളിച്ചെണ്ണ ഉത്പാദകർ പ്രധാനമായും ആശ്രയിക്കുന്ന തമിഴ്‌നാട് കൊപ്രയുടെ ലഭ്യതക്കുറവാണ് വിലക്കയറ്റത്തിന്റെ മുഖ്യകാരണം.
നാളികേര കൃഷിയോടുള്ള വിമുഖത:
കാലാവസ്ഥാവ്യതിയാനവും നാളികേര കൃഷിയോടുള്ള കർഷകരുടെ വിമുഖതയും ഉത്പാനം കുറയാൻ പ്രധാനകാരണമായി. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ നാടൻ തേങ്ങ ഉത്പാദനം പകുതിയിലധികം കുറഞ്ഞു. അന്യസംസ്ഥാനങ്ങളിൽനിന്നുള്ള വരവ് കുറഞ്ഞതും തേങ്ങ കിട്ടാക്കനിയാകാൻ കാരണമായി. ശബരിമല തീർത്ഥാടന കാലമായതിനാൽ തേങ്ങയുടെ ആവശ്യം വർദ്ധിച്ചു. ഇതും വിലവർദ്ധനവിന് കാരണമായി. . ഗുണനിലവാരം കുറഞ്ഞ തേങ്ങയാണ് അന്യസംസ്ഥാനങ്ങളിൽനിന്നും എത്തുന്നത്. അതേസമയം, നാളികേരത്തിന്റെ വിലക്കയറ്റം കർഷകർക്ക് വലിയ ആശ്വാസം നൽകുന്നുണ്ട്. ഈ വില നിലനിർത്തിക്കൊണ്ട് മാത്രമേ പിടിച്ചുനിൽക്കാൻ സാധിക്കൂയെന്നാണ് കർഷകരുടെ പ്രതികരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |