കായൽ സൗന്ദര്യം ആസ്വദിക്കാൻ വിദേശ ടൂറിസ്റ്റുകൾ
കോട്ടയം: കുമരകം വീണ്ടും തിരക്കിലാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം കുമരകത്തേക്ക് വിനോദസഞ്ചാരികളുടെ വരവ്. വർദ്ധിച്ചു. അതിലേറെയും വിദേശ ടൂറിസ്റ്റുകളാണ്.
കൊവിഡിന് ശേഷം കായൽടൂറിസം ആസ്വദിക്കാൻ ഏറ്റവും കൂടുതൽ വിദേശ ടൂറിസുകൾ എത്തിയതും ഈ സീസണിലാണ്. ഇത് സംരഭകരെയും ഹാപ്പിയാക്കി.
കൊവിഡ് വരെ വിദേശ സഞ്ചാരികളുടെ പ്രിയകേന്ദ്രമായ കുമരകത്ത് നിന്ന് പിന്നീട് അവർ വിടവാങ്ങി. ശ്രീലങ്കയും മലേഷ്യയും മാടിവിളിച്ചു. നിപ്പയും പ്രളയമടക്കമുള്ള പ്രതിസന്ധികൾ കേരളത്തെ വിടാതെ പിൻതുടർന്നതും പ്രതിസന്ധിയായി. ഇതോടെ ആഭ്യന്തര സഞ്ചാരികളുടെ കരുണ്യത്തിലായി ടൂറിസം കേന്ദ്രങ്ങൾ.
വഴിത്തിരിവ് ജി 20
ജി 20 ഉച്ചകോടിക്ക് ശേഷം കുമരകത്തിന്റെ പേര് വീണ്ടും അന്താരാഷ്ട്ര ചർച്ചയായി. നവംബർ മുതലാണ് തിരിക്ക് തുടങ്ങിയത്. മാസങ്ങൾക്കു മുമ്പേ ഹോട്ടലുകളും റിസോർട്ടുകളും ഹോംസ്റ്റേകളും ബുക്കിംഗായി. ഇംഗ്ളണ്ട്, ഫ്രാൻസ്, ഇറ്റലിയടക്കമുള്ള രാജ്യങ്ങളിൽ നിന്നാണ് ഇക്കുറി കായൽ സൗന്ദര്യം ആസ്വദിക്കാൻ കൂടുതൽ ആളുകളെത്തിയത്. ഇതിനിടെ വിദേശ പ്രധാനമന്ത്രിമാരും നയന്ത്ര ഉദ്യോഗസ്ഥരും പലതവണ കുമരകത്ത് വന്നുപോയി.
വിദേശികളുടെ പ്രിയം
നാടൻ ഭക്ഷണം, പച്ചപ്പും പ്രകൃതിഭംഗിയും
ഗ്രാമീണതയും കൈത്തോടുകളും
കായൽ യാത്രകൾ
ഉത്തരവാദിത്വ ടൂറിസത്തിന്റെ ഭാഗമായുള്ള മറ്റ് വിനോദങ്ങൾ
ഉത്തരേന്ത്യക്കാരും കൂടി
ഉത്തരേന്ത്യൻ വിനോദ സഞ്ചാരികളും ഇത്തവണ സജീവമായിരുന്നുവെന്നു ടൂർ ഓപ്പറേറ്റർമാർ പറയുന്നു. മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇത്തരത്തിൽ എത്തിയവരിൽ ഏറെയും. രാജ്യമറിയുന്ന വെഡിങ്ങ് ഡെസ്റ്റിനേഷനായും കുമരകം മാറിയതോടെ തിരക്ക് വർധിക്കുകയാണ്.
മലയോരത്തും ആളുകൂടി
കായൽടൂറിസത്തിനൊപ്പം മലയോര ടൂറിസം ആസ്വദിക്കാൻ എത്തിയവരുടെ എണ്ണവും കൂടി. ആഭ്യന്തര സഞ്ചാരികളാണ് ഇല്ലിക്കൽക്കല്ല് അടക്കമുള്ള സ്ഥലങ്ങൾ തിരഞ്ഞെടുത്തത്. കഴിഞ്ഞ സാമ്പത്തിക വർഷം ഇല്ലിക്കൽ കല്ലിൽ 1.75 ലക്ഷം പേർ എത്തിയെന്നാണ് ഡി.ടി.പി.സിയുടെ കണക്ക്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |