
പാലാ:സ്വന്തം പിതാവിനെ വെള്ളിത്തിരയിൽ ചോദ്യം ചെയ്യുന്ന ചൈൽഡ് ലൈൻ അന്വേഷണ ഉദ്യോഗസ്ഥനായ കഥാപാത്രമായി മകൻ! ഇന്ന് കേരളത്തിലെ അൻപതോളം എ ക്ലാസ് തീയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ''1098 (ടെൻ നയൻ എയിറ്റ്)'' എന്ന സിനിമയിലാണ് അച്ഛനും മകനും നേർക്കുനേർ വരുന്നത്.
ബി.എൽ.എം. മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി ജനറൽ മാനേജർ കൂടിയായ പാലാ ഏഴാച്ചേരി കൂവക്കാട്ട് വീട്ടിൽ ബി. അജിത്കുമാറും മകൻ സഞ്ജയ് അജിത്തുമാണ് ''1098'' സിനിമയിൽ നിർണായകമായ വേഷങ്ങളിലഭിനയിക്കുന്നത്. ഇരുവരുടെയും ആദ്യ സിനിമയുമാണിത്. പാലായിൽ കുടുംബവേരുകളുള്ള കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ അനു റാം ആണ് സിനിമയിൽ വില്ലനായി എത്തുന്നത്.
കണ്ണൂരിലെ ഒരു സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിൽ നിന്നും കലാകാരനായ പ്ലസ്ടു വിദ്യാർത്ഥിയെ കാണാതാകുന്നത് ചുറ്റിപ്പറ്റിയാണ് സിനിമ ആരംഭിക്കുന്നത്. സ്‌കൂൾ പ്രിൻസിപ്പൽ 'ചന്ദ്രശേഖർ' എന്ന കഥാപാത്രമായിട്ടാണ് അജിത് കുമാർ എത്തുന്നത്. കുട്ടിയെ കാണാതായത് അന്വേഷിക്കാനെത്തുന്ന ചൈൽഡ് ലൈൻ സംഘാംഗമായാണ് സൂര്യ എന്ന് വിളിപ്പേരുള്ള സഞ്ജയ് അജിത്ത് അഭിനയിക്കുന്നത്.
നവാഗതനായ ഗുരു ഗോവിന്ദാണ് തിരക്കഥയെഴുതി ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സന്തോഷ് കീഴാറ്റൂർ, അഡ്വ. ഷുക്കൂർ, മോനിഷ മോഹൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങളെ അവതിപ്പിക്കുന്നത്. റിലീസിന് മുമ്പുതന്നെ ഇന്ത്യയിലും വിദേശത്തുമായി എട്ട് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും വിവിധ കാറ്റഗറികളിലായി 9 അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്തു.ബി.കോമിന് ശേഷം സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ് വിദ്യാർത്ഥിയായ സഞ്ജയ്‌യുടെ അമ്മ രാജി അജിത്ത്, കൂത്താട്ടുകുളം മേരിഗിരി സി.എം.ഐ. പബ്ലിക് സ്‌കൂളിലെ ഹെഡ്മിസ്ട്രസാണ്. സഹോദരൻ ശന്തനു അജിത്ത് (നന്നുക്കുട്ടൻ) യു.കെ.യിലാണ്.
1098 സിനിമയിൽ സഞ്ജയ് അജിത്തും ബി. അജിത് കുമാറും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |