SignIn
Kerala Kaumudi Online
Friday, 23 October 2026 8.43 PM IST

എല്ലാം കട്ടുമുടിക്കാനോ, ഇങ്ങനൊരു 'നരകസഭ '

'എന്നെ തല്ലിയിട്ടു കാര്യമില്ല ഞാൻ നന്നാകില്ലമ്മാവാ' ....എന്നു പറഞ്ഞതുപോലാണ് കോട്ടയം നരകസഭയിൽ നിന്ന് ഉയരുന്ന ചീഞ്ഞ കഥകൾ. കമഴ്ന്നു വീണാൽ കാൽപ്പണമെന്നതാണ് മൊത്തത്തിൽ കോട്ടയം നഗരസഭയിലുള്ളവരെക്കുറിച്ചു ചുറ്റുവട്ടത്തെ സംസാരിം. പെൻഷൻ ഫണ്ടിൽ നിന്ന് ജീവനക്കാരൻ മൂന്നു കോടി അടിച്ചു മാറ്റി മുങ്ങിയിട്ട് മാസങ്ങളായിട്ടും ഇതുവരെ ഇയാളെ പിടികൂടാനായില്ല. അത്രയ്ക്കാണ് സംരക്ഷണം. ഇതിന് പിന്നാലെയാണ് ലോക്കൽ ഫണ്ട് ഓഡിറ്റ് ജോയിന്റ് ഡയറക്ടറുടെ പരിശോധനയിൽ 211 കോടിയുടെ പൊരുത്തക്കേടുകൾ കണ്ടെത്തിയത്. 38 വർഷമായി ധനവിനിയോഗം കുത്തഴിഞ്ഞ നിലയിൽ എന്നും കണ്ടെത്തിയതോടെ ഭരണപക്ഷത്തിന് മാത്രമല്ല പ്രതിപക്ഷത്തിനും ഈ രക്തത്തിൽ പങ്കില്ലെന്നു പറഞ്ഞു കൈ കഴുകാൻ പറ്റാത്ത സ്ഥിതിയായി. 2023 ഡിസംബറിലാണ് ജോയിന്റ് ഡയറക്ടർ പ്രത്യേക പരിശോധനയ്ക്ക് ഉത്തരവിട്ടത്. ഒരു വർഷം കഴിഞ്ഞിട്ടും ഈ വിഷയം കൗൺസിലിൽ ചർച്ച ചെയ്തിട്ടില്ല. കുറ്റം ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവച്ച് തടിയൂരാനാണ് ശ്രമം. നഗരസഭയിൽ രേഖപ്പെടുത്തിയ ചെക്കുകൾ ബാങ്ക് അക്കൗണ്ടിൽ എത്തിയില്ലെന്നാണ് ആരോപണം. പണം എവിടെ പോയി എന്ന് പറയാൻ ബന്ധപ്പെട്ട സെക്രട്ടറിക്കോ ചെയർപേഴ്‌സണോ കഴിയുന്നില്ല. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ വിഷയം കത്തിച്ചു നിറുത്താൻ സമരത്തിനൊരുങ്ങുകയാണ് ഇടതുമുന്നണി. ചെയർപേഴ്സനെ തടഞ്ഞുവച്ചുള്ള സ്ഥിരം കലാപരിപാടിയടക്കം അരങ്ങേറി. ചെയർപേഴ്സണാകട്ടെ പ്രതിപക്ഷ മുദ്രാവാക്യവിളികൾക്കിടയിൽ ഇതെത്ര കണ്ടിട്ടുണ്ടെന്ന മട്ടിൽ മൊബൈൽനോക്കി ചാനലുകൾക്കു മുന്നിൽ രസിച്ചിരിക്കുകയാണ്. നഗരസഭവക ശ്മശാനത്തിന്റെ പ്രവർത്തനം നിലച്ചിട്ട് രണ്ടു മാസത്തോളമായിട്ടും താത്കാലിക മൊബൈൽ സംസ്കാര യൂണിറ്റ് പോലും സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. ഫണ്ട് വിനിയോഗം എങ്ങുമെത്തിയിട്ടില്ല. തിരുനക്കര സ്റ്റാൻഡ് പൊളിക്കാൻ കാണിച്ച താത്പര്യം പുതിയത് പണിയാൻ ഉണ്ടാകുന്നില്ല. പല പദ്ധതികളും പാതി വഴിയിലാണ്. തെരുവ് നായ്ക്കൾ പെരുകുന്നത് തടയാനും ഒന്നും ചെയ്യുന്നില്ല. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തെത്തി. ഇനിയെങ്കിലും കച്ചവടതാത്പര്യമില്ലാത്ത വിവരവും വിദ്യാഭ്യാസവും കഴിവുമുള്ളവരെ സ്ഥാനാർത്ഥികളാക്കാൻ വിവിധ മുന്നണിനേതാക്കൾ ശ്രദ്ധിക്കണമെന്നാണ് ചുറ്റുവട്ടത്തിന് ഓർമിപ്പിക്കാനുള്ളത്. 'ഠ' വട്ടത്തിൽ കുപ്പിക്കഴുത്തുപോലെ വർഷങ്ങളായി വികസനം മുരടിച്ചു നിൽക്കുന്ന നഗരത്തെ വിശാലകോട്ടയമാക്കാൻ കഴിവുള്ളവരെയാണ് നാട്ടുകാർക്ക് ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL