
കോട്ടയം: ഇന്നലെ പുലർച്ചെയാണ് എസ്.എച്ച് മൗണ്ടിൽ ഇറച്ചിക്കോഴികളുമായി എത്തിയ ലോറി മറിഞ്ഞത്. വിവരം കാട്ടുതീ പോലെ പടർന്നു. മണിക്കൂറുകൾക്കുള്ളിൽ ആളുകൾ കൂടി. കൈയിലും ചാക്കിലും വണ്ടികളിലുമൊക്കെയായി വാരിക്കൂട്ടി കൊണ്ടുപോകാനുള്ള തിരക്ക്. നാഗമ്പടത്തും പരിസരങ്ങളിലും ഒന്നു രണ്ട് ദിവസത്തേയ്ക്ക് ചിക്കൻ വിഭവങ്ങളാകുമെന്ന് സമൂഹമാദ്ധ്യമങ്ങളിലും ട്രോളുകൾ നിറഞ്ഞു. ചെറിയ മഴയുള്ള സമയത്തായിരുന്നു അപകടം.
മൂവാറ്റുപുഴയിൽ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്നു ലോറി. ലോറിയിൽ നിന്ന് താഴെ വീണ ചത്ത കോഴികളെ റോഡ് സൈഡിൽ കൂട്ടിയിട്ടിരുന്നു. മഴ വകവയ്ക്കാതെ എത്തിയ നാട്ടുകാർ ബൈക്ക്, സ്‌കൂട്ടർ, ഓട്ടോ, കാറ്, ജീപ്പുകളിലായി കോഴികളെ കൊണ്ട് പോയി. കാറിന്റെ ഡിക്കിയിലേക്ക് ചാക്കിൽ കോഴികളെ നിറയ്ക്കുന്നതടക്കമുള്ള ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പെട്ടന്ന് സംഭവം അറിഞ്ഞെത്തിയവർ പിന്നെ കവറും ചാക്കുമൊന്നും സംഘടിപ്പിക്കാനും നിന്നില്ല. കയ്യിലൊതുങ്ങുന്ന കോഴികളുമായി മടങ്ങി. കോഴികളെ ചാക്കിൽ കെട്ടി തലയിൽ വച്ച് പോകുന്ന കോട്ടയത്തുകാരുടെ ദൃശ്യങ്ങളടക്കം ചിരി പടർത്തുകയാണ്. എന്തായാലും ചത്ത കോഴികൾ ചീഞ്ഞ് അഴുകിയുണ്ടാവുന്ന പരിസ്ഥിതി പ്രശ്നങ്ങളും നഗരസഭക്കാർക്ക് വൃത്തിയാക്കാനുള്ള ബുദ്ധിമുട്ടുമെല്ലാം നാട്ടുകാർ ഭംഗിയായി പരിഹരിച്ചല്ലോയെന്നതാണ് ആശ്വാസം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |