
കോട്ടയം : ചൂട് കടുത്തതോടെ കുടിവെള്ളവും ഭക്ഷണവും തേടി വന്യമൃഗങ്ങൾ കൂട്ടത്തോടെ നാട്ടിലെത്തി കൃഷിയടക്കം നശിപ്പിച്ചിട്ടും വെടിപൊട്ടുന്നില്ല. ലൈസൻസുള്ള തോക്കുടമകളുടെ അഭാവമാണ് തടസമാകുന്നതെന്ന് അധികൃതർ പറയുമ്പോഴും പുതിയതായി തോക്ക് ലൈസൻസോ, നിലവിലുള്ളത് പുതുക്കിയോ നൽകുന്നില്ലെന്നാണ് പരാതി. 2023 നവംബറിന് ശേഷം ലൈസൻസ് അനുവദിച്ചിട്ടില്ല. നിലവിൽ തോക്ക് ലൈസൻസുള്ളവരിൽ ഭൂരിഭാഗവും 75 വയസിന് മുകളിലുള്ളവരാണ്. അനാരോഗ്യം കാരണം ഇവരുടെ സേവനം ബുദ്ധിമുട്ടാണ്. നിലവിലെ ലൈസൻസുകൾ മറ്റൊരാളുടെ പേരിലേക്ക് മാറ്റാനും സാധിക്കില്ല. അതാത് പ്രദേശങ്ങളിൽ പരിചിതമായവർ ഇറങ്ങിയാലെ കാട്ടുപന്നിയെ കണ്ടെത്തി വെടിവെയ്ക്കാനാകൂ. ജില്ലയിലെ ഒരു പഞ്ചായത്തിൽ പന്നി ശല്യം രൂക്ഷമായതിനെ തുടർന്ന് വെടിവയ്ക്കാൻ ഇടുക്കിയിൽ നിന്നാണ് ആളുകളെ കൊണ്ടുവന്നത്. എന്നിട്ടും പന്നിയെ കണ്ടെത്താനായില്ല. കാർഷിക ആവശ്യത്തിന് ഉപയോഗിക്കാനുള്ള തോക്ക് ലൈസൻസ് പോലും ജില്ലാ ഭരണകൂടം അനുവദിക്കുന്നില്ലെന്നാണ് ആക്ഷേപം.
അപേക്ഷ ഡി.എഫ്.ഒയുടെ ഫയലിൽ
പെരുവന്താനം, കോരുത്തോട്,വണ്ടൻപതാൽ, കണമല, എരുമേലി, പാമ്പാടി, മുക്കൂട്ടുതറ, പൊന്തൻപുഴ, മണിപ്പുഴ എന്നിവിടങ്ങളിലാണ് വന്യമൃഗശല്യം രൂക്ഷം. ഏക്കർ കണക്കിന് കൃഷി ഇതിനോടകം നശിപ്പിച്ചു. പാമ്പാടി, മുക്കൂട്ടുതറ, പൊന്തൻപുഴ, പ്ലാച്ചേരി, മുക്കൂട്ടുതറ, മണിപ്പുഴ പ്രദേശങ്ങളിൽ കാട്ടുപന്നികളെ വെടിവച്ചുകൊല്ലാനുള്ള അപേക്ഷ ഡി.എഫ്.ഒയുടെ ഫയലിലാണ്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന ജാഗ്രതാ സമിതികൾ കൂടിയെങ്കിലും വെടിവയ്ക്കാനുള്ള ഉത്തരവ് ലഭിച്ചിട്ടില്ല. കർഷകർക്കുണ്ടാകുന്ന നാശത്തിന് നഷ്ടപരിഹാരവും തുച്ഛമാണ്. കൃഷിയിടങ്ങളിലും ഇതിനോട് ചേർന്ന പ്രദേശങ്ങളിലും കാട്ടുമൃഗങ്ങൾ അപായപ്പെട്ടാൽ ഉത്തരവാദിത്വം കർഷകർക്കുമേൽ കെട്ടിവയ്ക്കുന്ന പ്രവണതയുമുണ്ട്. മുൻ വർഷങ്ങളിൽ കാട്ടാനക്കൂട്ടം ചൂട് കൂടുമ്പോൾ അഴുതയാറ്റിലും മറ്റുമാണ് എത്തിയിരുന്നത്.
കഴിഞ്ഞ വർഷം : 30 ലക്ഷം രൂപയുടെ കൃഷിനാശം
കിട്ടാൻ കടമ്പകളേറെ
വിദഗ്ദ്ധരുടെ കീഴിൽ പരിശീലനം നേടിയാൽ ലൈസൻസ്
പൊലീസ് കേസ് ഉണ്ടായിരിക്കരുത്, സ്വഭാവ സർട്ടിഫിക്കറ്റ്
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ശുപാർശ വേണം
എല്ലാമുണ്ടായിട്ടും ലൈസൻസ് കിട്ടാത്തവർ നിരവധി
''വന്യമൃഗങ്ങളുടെ ശല്യം വർദ്ധിച്ച സാഹചര്യത്തിൽ വനമേഖലയോട് ചേർന്നു താമസിക്കുന്ന കർഷകർക്ക് തോക്ക് ലൈസൻസ് നൽകാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.
-എബി ഐപ്പ് (കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |