SignIn
Kerala Kaumudi Online
Friday, 23 October 2026 11.21 AM IST

കേന്ദ്ര ബഡ്ജറ്റിൽ ജില്ലയ്ക്ക് അവഗണന ..... പ്രതീക്ഷിച്ചു, ഒന്നും കിട്ടീല്യാ !

budj

കോട്ടയം : പ്രതീക്ഷിച്ചത് തന്നില്ലെങ്കിൽ വേണ്ട, അതിന്റെ പകുതിയെങ്കിലും കിട്ടിയിരുന്നെങ്കിലും കുഴപ്പമില്ലായിരുന്നു. കേന്ദ്രബഡ്ജറ്റിനെക്കുറിച്ച് ശരാശരി കോട്ടയംകാരന്റെ മനസിപ്പോൾ ഇങ്ങനെയാണ്. പതിവ് പോലെ ജില്ലയെ കേന്ദ്രം അവഗണിച്ചു. വരവ് കുറഞ്ഞ് ചെലവ് കൂടിയതോടെ റബർ കൃഷി ഉപേക്ഷിക്കാൻ ചെറുകിട കർഷകർ തയ്യാറാകുന്ന സാഹചര്യത്തിൽ താങ്ങുവില നിശ്ചയിക്കുന്നതടക്കം ആശ്വാസകരമായ പ്രഖ്യാപനം ബഡ്ജറ്റിൽ പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല. ശബരി റെയിൽ, എരുമേലി വിമാനത്താവളം, ജില്ലയിലെ കേന്ദ്ര സ്ഥാപനങ്ങൾക്ക് വികസന ഫണ്ട്, പുതിയ കേന്ദ്ര സ്ഥാപനങ്ങൾ തുടങ്ങിയവ പ്രതീക്ഷിച്ചെങ്കിലും പ്രത്യേക പരാമർശം പോലുമില്ല. കോട്ടയത്തു നിന്നുള്ള കർഷകനായ കേന്ദ്രമന്ത്രി ജോർജ് കുര്യന് കാർഷിക മേഖലയിലെ പ്രശ്നങ്ങളെല്ലാം നേരിട്ടറിവുള്ളതായിട്ടും കേന്ദ്ര ധനമന്ത്രി കനിഞ്ഞില്ല. റബർബോർഡ് ജീവനക്കാർക്ക് ശമ്പളം നൽകാനുള്ള നോൺ പ്ലാൻ ഫണ്ടിനപ്പുറം പ്ലാൻ ഫണ്ടിൽ വികസന, ഗവേഷണ പദ്ധതികളില്ല.

ടൂറിസം മേഖലയെ കൈയൊഴിഞ്ഞു

വിനോദസഞ്ചാര വികസന രംഗത്തും കേന്ദ്രത്തിന്റെ കൈത്താങ്ങ് പ്രതീക്ഷിച്ചിരുന്നു. കുമരകത്തിനുൾപ്പെടെ പ്രത്യേക പാക്കേജും വർഷങ്ങളായുള്ള ജില്ലയുടെ സ്വപ്നമാണ്. സുരേഷ് ഗോപി കേന്ദ്ര ടൂറിസം മന്ത്രിയായി കുമരകത്ത് എത്തിയപ്പോൾ പ്രത്യേക പാക്കേജിനെ കുറിച്ച് പരമാർശിച്ചിരുന്നു. മുമ്പ് അൽഫോൻസ് കണ്ണന്താനം മന്ത്രിയായിരുന്നപ്പോൾ പ്രഖ്യാപിച്ച പദ്ധതിയും പാഴായി. വേമ്പനാട്ടുകായൽ സംരക്ഷണത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി ആവശ്യപ്പെട്ടിട്ടും പരിഗണിച്ചില്ല.

പാളം തെറ്റിയ സ്വപ്നം

സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് പുനരുജ്ജീവിപ്പിച്ച ശബരി റെയിൽപ്പാതയ്ക്കായി തുക നീക്കിവച്ചിട്ടില്ല. കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ സർവീസുകൾ ആരംഭിക്കാൻ സാധിക്കും വിധത്തിൽ ടെർമിനൽ സ്റ്റേഷനാക്കണമെന്നുള്ള ആവശ്യവും പരിഗണിച്ചില്ല. ബീഹാറിൽ ഗ്രീൻ ഫീൽഡ് വിമാനത്താവള പദ്ധതിയ്ക്ക് ഫണ്ട് അനുവദിച്ചപ്പോൾ ശബരി വിമാനത്താവളത്തെ കൈയൊഴിഞ്ഞു.

''കേന്ദ്ര ധനമന്ത്രിയെ നേരിൽക്കണ്ട് കോട്ടയത്തെ വിവിധ വികസന പദ്ധതികളെക്കുറിച്ച് ഒട്ടേറെ നിർദ്ദേശങ്ങൾ സമർപ്പിച്ചിരുന്നു. അനുഭാവപൂർവം പരിഗണിക്കാമെന്ന ഉറപ്പുണ്ടായെങ്കിലും ഒന്നും ലഭിച്ചില്ല. ബഡ്ജറ്റ് ചർച്ചാ വേളയിൽ കേരളത്തിന്റെയും പ്രത്യേകിച്ച് കോട്ടയത്തിന്റെയും ആവശ്യങ്ങൾ നേടിയെടുക്കാൻ ശക്തമായ നിലപാട് സ്വീകരിക്കും.

ഫ്രാൻസിസ് ജോർജ് എം.പി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL