
കുറവിലങ്ങാട് : വികസനക്ഷേമപ്രവർത്തനങ്ങളിൽ സൂക്ഷ്മതയോടെയുള്ള മുന്നേറ്റം, പദ്ധതി വിനിയോഗത്തിലെ കാര്യക്ഷമത...സംസ്ഥാനത്തെ മികച്ച തദ്ദേശസ്ഥാപനമായി തിരഞ്ഞെടുക്കാൻ വെളിയന്നൂരിനെ സഹായിച്ചത് ചിട്ടയായ പ്രവർത്തനങ്ങളാണ്. 50 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവുമടങ്ങുന്ന പുരസ്‌കാരം ബുധനാഴ്ച ഗുരുവായൂരിൽ നടക്കുന്ന പഞ്ചായത്ത് ദിനാഘോഷച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. പ്രസിഡന്റ് സജേഷ് ശശി, വൈസ് പ്രസിഡന്റ് ജിനി സിജു , സെക്രട്ടറി ടി.ജിജി എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെ കൂട്ടായ പ്രവർത്തനങ്ങളാണ് പുരസ്‌കാര നേട്ടത്തിലേക്ക് നയിച്ചത്. പഞ്ചായത്ത് പരിധിയിലെ ജലസ്രോതസുകളെല്ലാം നവീകരിച്ചു. ബഡ്‌സ് സ്‌കൂൾ ആരംഭിച്ചു. കനിവ് പേപ്പർ പ്രോഡക്ട്‌സ് എന്ന സ്ഥാപനത്തിലൂടെ പേപ്പർ പേന, നോട്ട് പാഡ്, ഫയലുകൾ തുടങ്ങി ഏറ്റവും ഒടുവിൽ ഇതൾ എന്ന ബ്രാൻഡിൽ പുതിയ നോട്ട് ബുക്കുകളും ഇവിടെ ഉത്പാദിപ്പിക്കുന്നു. വെളിയന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് അംഗീകാരം തുടർച്ചയായി രണ്ടുതവണ ലഭിച്ചു. കുടുംബാരോഗ്യകേന്ദ്രത്തിന് കീഴിലെ നാല് സബ് സെന്ററുകളെയും ജനകീയ ആരോഗ്യകേന്ദ്രമായി ഉയർത്തി. നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ ക്യാമ്പയിൻ ജില്ലയിൽ ആദ്യഘട്ടത്തിൽ ഏറ്റെടുത്ത പഞ്ചായത്ത് വെളിയന്നൂരാണ്.
കൃഷിയിലും നൂറുമേനി
തരിശുകിടന്ന വെളിയന്നൂർ പാടശേഖരത്ത് എട്ട് വർഷം തുടർച്ചയായി കൃഷിയിറക്കി. 26 ഏക്കർ പാടത്താണ് കൂട്ടായ പരിശ്രമത്തിലൂടെ വിഷരഹിത കൃഷി ചെയ്യുന്നത്. ജൈവൈവിധ്യ സംരക്ഷണവും സുസ്ഥിര വികസനവും എന്ന ലക്ഷ്യത്തോടെ ജില്ലയിൽ ജൈവവൈവിധ്യ ആക്ഷൻ പ്ലാനും ബയോഡൈവേഴ്‌സിറ്റി രജിസ്റ്റർ രണ്ട് വാല്യങ്ങളും തയ്യാറാക്കിയ ഏക പഞ്ചായത്താണ്. പുതുവേലിയിൽ ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയവും ഓപ്പൺ ജിമ്മും സ്ഥാപിച്ചു. ലൈഫ് മിഷന്റെ ഭാഗമായുള്ള വീട് നിർമ്മാണ പ്രവർത്തികൾ അവസാനഘട്ടത്തിലാണ്.
'എല്ലാവരുടെയും കൂട്ടായ്മയുടെ വിജയമാണിത്. ജനങ്ങൾക്കൊപ്പം ഉദ്യോഗസ്ഥരും ചേർന്നുനിന്നു. ഈ പുരസ്‌കാരം പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കുമുള്ള അംഗീകാരമാണ്
സജേഷ് ശശി (പ്രസിഡന്റ്, വെളിയന്നൂർ ഗ്രാമപഞ്ചായത്ത്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |