SignIn
Kerala Kaumudi Online
Friday, 23 October 2026 11.21 AM IST

ഗവൺമെന്റ് നഴ്‌സിംഗ് കോളേജിലെ റാഗിംഗ്; യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

youth

ക്യാമ്പസിനുള്ളിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമം

കോട്ടയം : അതിക്രൂര റാഗിംഗ് നടന്ന കോട്ടയം ഗവ. നഴ്‌സിംഗ് കോളേജിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് അക്രമാസക്തമായി. പ്രവർത്തകർക്ക് നേരെ പൊലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധ സമരം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഇതിന് ശേഷം നേതാക്കൾ മടങ്ങിയതിന് പിന്നാലെ പലയിടങ്ങളിലായി സംഘം ചേർന്ന് നിന്നിരുന്ന പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി ബാരിക്കേഡിന് സമീപം എത്തുകയായിരുന്നു. പ്രധാന കവാടത്തിന് സമീപത്തെ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെയാണ് ജലപീരങ്കി പ്രയോഗിച്ചത്. ഇതോടെ പ്രവർത്തകർ പൊലീസിന് നേരെ കല്ലും കമ്പുകളുമെടുത്തെറിഞ്ഞു. ഈ സമയം നാല് പ്രവർത്തകർ പൊലീസിന്റെ കണ്ണുവെട്ടിച്ച് പി.ജി ഡോക്ടർമാരുടെ ഹോസ്റ്റൽ മുറ്റത്തെ റോഡിലൂടെ നഴ്‌സിംഗ് കോളേജ് ക്യാമ്പസ് കവാടത്തിലെത്തി അകത്തേക്ക് കയറാൻ ശ്രമിച്ചു. പൊലീസുമായി ഏറെ നേരം ഉന്തുംതള്ളുമുണ്ടായി. പ്രവർത്തകരായ ജിബിൻ, ജയ്‌സൺ പെരുവേലി, ചിന്റു കുര്യൻ ജോയി തുടങ്ങിയവർ ഗേറ്റിന് സമീപത്ത് കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ചു. ഇവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരി ശങ്കർ, ജോസഫ് വാഴയ്ക്കൻ, ഫിലിപ്പ് ജോസഫ്, കുഞ്ഞ് ഇല്ലം പള്ളി, ജയ്ജി പാലയ്ക്കലോടി, ആനന്ദ് പഞ്ഞിക്കാരൻ, ടോണി തോമസ്, റെജി എം.ഫിലിപ്പോസ്, ടോണി തോമസ്, സോബിൻ തെക്കേടം, നീണ്ടൂർ മുരളി, റിച്ചി സാം ലൂക്കോസ്, ലെനിൻ ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.

എസ്.എഫ്.ഐ സംഘടിത ഗുണ്ടാ

സംഘമായി മാറി : ചെന്നിത്തല

കോട്ടയം : നഴ്‌സിംഗ് കോളേജിലെ റാഗിംഗിൽ കോടതിയുടെ നേതൃത്വത്തിലുള്ള അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പൊലീസ് അന്വേഷണം നീതിപൂർവമാകില്ല. എസ്.എഫ്.ഐ സംഘടിത ഗുണ്ടാസംഘമായി മാറി. മന്ത്രി വി.എൻ വാസവൻ പറഞ്ഞത് എസ്.എഫ്.ഐക്കാർ അല്ല പ്രതികളെന്നാണ്. മന്ത്രി തന്നെ ഇങ്ങനെ പറഞ്ഞാൽ പിന്നെ എങ്ങനെ അന്വേഷണം നടക്കും. പൂക്കോട് സിദ്ധാർത്ഥൻ കേസിൽ സംഭവിച്ച അന്വേഷണമേ ഇവിടെയും നടക്കൂവെന്ന് അദ്ദേഹം പറഞ്ഞു.

''നാലു മാസമായി നടക്കുന്ന ക്രൂരമായ റാഗിംഗ് കോളേജ് പ്രിൻസിപ്പലും അദ്ധ്യാപകരും ഹോസ്റ്റൽ വാർഡനും അറിഞ്ഞില്ലെന്നാണ് പറയുന്നത്. പ്രിൻസിപ്പലിനും, അസി. വാർഡനുമെതിരെ ചുമതലയുള്ളയാൾക്കെതിരേയും കേസെടുക്കണം. ഇന്ന് കോട്ടയം ഗാന്ധിസ്‌ക്വയറിൽ നിരാഹാരം അനുഷ്ഠിക്കും.

-ചാണ്ടി ഉമ്മൻ എം.എൽ.എ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL