
കോട്ടയം : രാഷ്ട്രീയക്കാരുടെ പൊതുസ്വഭാവമായ നിറഞ്ഞ ചിരിയും തോളിൽ കൈയ്യിട്ട് 'നടക്കാത്ത കാര്യം ഞാൻ ഏറ്റെന്നും' പറയുന്ന രാഷ്ട്രീയക്കാരനല്ലായിരുന്നു എ.വി.റസൽ. സഹായത്തിനായി ആരെങ്കിലും സമീപിച്ചാൽ തന്നെക്കൊണ്ട് സാധിക്കുന്നതല്ലെങ്കിൽ പറ്റില്ലെന്നു മുഖത്തു നോക്കി പറയും. ആരോടും അത്ര പെട്ടെന്ന് അടുത്ത് പെരുമാറില്ലെങ്കിലും അടുത്തു കഴിഞ്ഞാലേ ആ ഹൃദയവിശാലത വ്യക്തമാകൂ. ഏതു കാര്യത്തിലും സത്യസന്ധതയോടുള്ള ഈ സമീപനമായിരുന്നു റസലിനെ രാഷ്ട്രീയ ജീവിതത്തിൽ ഉയരങ്ങളിൽ എത്തിച്ചത്.
കറകളഞ്ഞ കമ്മ്യൂണിസ്റ്റായ റസൽ എസ്.എഫ്.ഐ, ഡി.വൈ.എഫ് ഐയിലൂടെയാണ് പടിപടിയായി ഉയർന്നത്. വി.എൻ.വാസവന്റെ പിൻഗാമിയായി സി.പിഎം ജില്ലാനേതൃനിരയിലും പാർട്ടി സംസ്ഥാന കമ്മിറ്റിയിലും എത്തി .വി .ആർ ഭാസ്കരൻ( വി.ആർ.ബി ) എന്ന കറ കളഞ്ഞ കമ്മ്യൂണിസ്റ്റിന് ശേഷം സി.പി എം നേതൃനിരയിലേക്ക് ചങ്ങനാശേരി നൽകിയ സംഭാവനയായിരുന്നു റസൽ. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയായിരിക്കെ ടി.വി പുരം സെമിത്തേരി വിഷയത്തിൽ നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. ഏറ്റെടുത്ത ചുമതലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചു. സഹകാരിയെന്ന നിലയിൽ സഹകരണ മേഖലയിലും പ്രാവീണ്യം തെളിയിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ശക്തി കേന്ദ്രമായ കോട്ടയത്ത് ഒമ്പതിൽ അഞ്ചുസീറ്റിലും ഇടതു മുന്നണിയ്ക്ക് ജയിക്കാനായതിന് പിന്നിലും റസലിന്റെ കൈയ്യൊപ്പുണ്ട്.
അർബുദബാധിതനായി ചികിത്സയിലായിരുന്നിട്ടും എല്ലാ പാർട്ടി പരിപാടികളിലും സജീവമായിരുന്നു. ജനുവരിയിൽ നടന്ന ജില്ലാ സമ്മേളന നടത്തിപ്പിന് അഹോരാത്രം പ്രയത്നിച്ചു. വിഭാഗീയതയുടെ അസ്വാരസ്യങ്ങൾ ഇല്ലാതെ നേതൃത്വത്തിനെതിരെ വിമർശനങ്ങളില്ലാതെ ജില്ലാ സമ്മേളനം പൂർത്തിയാക്കാനായി. രണ്ടാംതവണയും ജില്ലാ സെക്രട്ടറി സ്ഥാനവും തേടിയെത്തി. ചുമതലയേറ്റ് രണ്ടുമാസം തികയും മുൻപ് സംസ്ഥാന സമ്മേളന ഒരുക്കത്തിനിടയിലായിരുന്നു അടുപ്പമുള്ളവരെയെല്ലാം ഞെട്ടിച്ചുള്ള അകാല വേർപാട്.
വാസവന് സഹോദരതുല്യൻ
സഹോദരതുല്യം സ്നേഹിച്ചിരുന്ന മന്ത്രി വി.എൻ.വാസവനായിരുന്നു വിദഗ്ദ്ധ ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കുമായി ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് രണ്ടു തവണ കൊണ്ടുപോയതും ചികിത്സയ്ക്കാവശ്യമായ സഹായം ചെയ്തതും. മരണ വാർത്ത അറിഞ്ഞ് ചെന്നൈക്കു പോയ വാസവൻ മൃതദേഹത്തെ അനുഗമിക്കും. ' പ്രതീക്ഷിക്കാത്ത മരണം, വേർപാട് വിഷമം, വേദനാജനകം ..എനിക്ക് സഹോദര തുല്യനായിരുന്നു. ആത്മാർത്ഥയും സത്യസന്ധതയും കൈമുതലായിരുന്നു. ഏറ്റെടുക്കുന്ന ചുമതലയിൽ കൃത്യനിഷ്ഠ പുലർത്തി പാർട്ടി വളർത്തി. എല്ലാവരുടെയും ഹൃദയത്തിൽ സ്ഥാനമുറപ്പിച്ച ഉത്തമ കമ്മ്യൂണിസ്റ്റെന്നായിരുന്നു മന്ത്രി ദു:ഖത്തോടെ പ്രതികരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |