
കോട്ടയം : ശമ്പളം മുടങ്ങിയതിനെ തുടർന്ന് ആശാവർക്കർമാർ തെരുവിൽ ഇറങ്ങുമ്പോൾ ഒരു വർഷമായി ശമ്പളമില്ലാതെ ജോലി ചെയ്യുകയാണ് സാമൂഹിക നീതി വകുപ്പിലെ ഓർഫനേജ് കൺട്രോൾ ബോർഡിന് കീഴിലെ കൗൺസിലർമാർ. കഴിഞ്ഞ വർഷം ജനുവരി മുതൽ തുടങ്ങിയതാണ് വേതനത്തിനായുള്ള ഇവരുടെ കാത്തിരിപ്പ്. ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. തുടർന്നുള്ള ഓരോ വർഷവും പ്രവർത്തനമികവ് വിലയിരുത്തി കളക്ടറുടെ നേതൃത്വത്തിലുള്ള മോണിറ്ററിംഗ് കമ്മിറ്റിയാണ് കരാർ പുതുക്കുന്നത്. 2021ലെ സർക്കാർ ഉത്തരവ് പ്രകാരം സോഷ്യൽ വർക്കേഴ്സ് തസ്തികയ്ക്ക് നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന വേതനനിരക്ക് 29,535 രൂപയാണ്. എന്നാൽ ഓർഫനേജ് കൗൺസിലർമാർക്ക് പ്രതിമാസ ഓണറേറിയം തുകയായി 12,000 രൂപയും യാത്രാബത്തയായി 2000 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്.
സർക്കാർ ലിസ്റ്റിലും ഇല്ല
സോഷ്യൽ വർക്കറുടെ എല്ലാ ഉത്തരവാദിത്തങ്ങളും നിർവഹിക്കുന്നുണ്ടെങ്കിലും സർക്കാർ പാസാക്കിയിരിക്കുന്ന സോഷ്യൽ വർക്കേഴ്സിന്റെ ലിസ്റ്റിൽ ഇവരെ ഉൾപ്പെടുത്തിയിട്ടില്ല. സമാന വിദ്യാഭ്യാസ യോഗ്യതയിൽ വിവിധ വകുപ്പുകളിൽ താത്കാലികമായി ജോലി ചെയ്യുന്നവർക്ക് 20,000 രൂപയോ അതിനു മുകളിലോ ലഭിക്കുന്നുണ്ട്. ഇത്രയും കിട്ടിയില്ലെങ്കിലും അർഹമായ വേതനം മുടങ്ങാതെ നൽകണമെന്നാണ് ഇവരുടെ ആവശ്യം. ഇത് സംബന്ധിച്ച് സാമൂഹികനീതി വകുപ്പ് ഡയറക്ടർക്ക് നിവേദനവും നൽകി. ആഴ്ചയിലൊരു ദിവസം റിസോഴ്സ് സെന്ററിലും ഒരു ദിവസം ഓഫീസിലും ബാക്കി ദിവസങ്ങളിൽ ഫീൽഡിലുമാണ് കൗൺസിലർമാരുടെ പ്രവർത്തനം.
ഇവരും കാത്തിരിക്കുന്നു
കോട്ടയം മെഡിക്കൽ കോളേജിലെ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ജോലി ചെയ്യുന്ന താത്കാലിക (എച്ച്.ഡി.എസ് വിഭാഗം) ജീവനക്കാരും ശമ്പളത്തിനായുള്ള കാത്തിരിപ്പിലാണ്. ഒരുമാസത്തെ വേതനമാണ് ലഭിക്കാനുള്ളത്. നഴ്‌സ്, എക്‌സ്‌റേ, ലാബ്, ഇ.സി.ജി, സ്‌കാനിംഗ്, ടെക്‌നീഷ്യന്മാർ, ഡാറ്റാ എൻട്രി തുടങ്ങിയുള്ള വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന അഞ്ഞൂറോളം ജീവനക്കാർക്കാണ് ഒരു മാസം കഴിയാറായിട്ടും വേതനം ലഭിക്കാത്തത്. മിക്ക കുടുംബങ്ങളിലും നിത്യചെലവും പ്രായമായ രക്ഷിതാക്കളുടെ സംരക്ഷണത്തിനും ഈ തുക മതിയാകില്ല.
''ദിവസേന ലക്ഷക്കണക്കിന് രൂപയുടെ വരുമാനമാണ് ആശുപത്രി വികസന സൊസൈറ്റിക്ക് ലഭിക്കുന്നത്. എന്നിട്ടും ഞങ്ങളുടെ കാര്യം പരിഗണിക്കാത്തതാണ് നിരാശാജനകമാണ്. ഇതു കൃത്യമായി ലഭിച്ചാലേ ജീവിതം മുമ്പോട്ടു കൊണ്ടുപോകാനാകൂ.
-താത്കാലിക ജീവനക്കാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |