SignIn
Kerala Kaumudi Online
Friday, 23 October 2026 12.08 PM IST

ചുറ്റുവട്ടം : ലാൽ സലാം പ്രിയ റസൽ

russel

സി.പി.എം ജില്ലാ സെക്രട്ടറി എ.വി.റസലിനെ പരുക്കൻ പ്രകൃതക്കാരനായിട്ടായിരുന്നു പലരും കണ്ടിരുന്നത്. അകാലത്തിൽ അന്തരിച്ച നേതാവിനെ ഒരു നോക്ക് കാണാൻ തിക്കിതിരക്കി എത്തിയവർ 'റസലണ്ണാ' വിളികളോടെ കണ്ണീരൊഴുക്കിയപ്പോഴാണ് സാധാരണ പാർട്ടി പ്രവർത്തകരുടെ മനസിൽ അദ്ദേഹത്തിനുള്ള സ്ഥാനം പലർക്കും മനസിലായത്. സമീപകാലത്തൊന്നും കോട്ടയത്ത് ഒരു പാർട്ടി ജില്ലാ സെക്രട്ടറിയുടെ വിടവാങ്ങലിന് ഇത്ര വൈകാരികതയോടെയുള്ള ആദരവ് ലഭിച്ചിട്ടില്ല. എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റായിരുന്ന എം.കെ. വാസപ്പന്റെ മകൻ പിതാവ് പകർന്നു നൽകിയ ഗുരുദേവ ദർശനം ഉൾക്കൊണ്ട് എന്നും സഹജീവികളോട് കാരുണ്യം കാട്ടിയിരുന്നു. സാധാരണ രാഷ്ട്രീയക്കാരെപ്പോലെ പറച്ചിലും പ്രവൃത്തിയും വേറേയായിരുന്നില്ല നടക്കാത്ത കാര്യം ഏറ്റെന്ന് പറഞ്ഞു തോളിൽ കൈയിടുന്ന രാഷ്ട്രീയക്കാരനല്ലായിരുന്നു എന്തും മുഖത്തു നോക്കി പറയും. ഏതു കാര്യത്തിലും സത്യസന്ധതയോടുള്ള ഈ സമീപനമായിരുന്നു റസലിനെ രാഷ്ട്രീയ ജീവിതത്തിൽ ഉയരങ്ങളിൽ എത്തിച്ചത്.

സി.പിഎം നേതൃത്വത്തിലുള്ള അഭയം എന്ന ജീവകാരുണ്യ സംഘടനയ്ക്ക് ഏറ്റവും കൂടുതൽ വളർച്ച ഉണ്ടായത് വി.എൻ.വാസവൻ മുഖ്യ ചുമതലവഹിച്ചപ്പോഴായിരുന്നു. അദ്ദേഹം മന്ത്രിയായതോടെ റസലിനായി ചുമതല. പ്രാദേശിക തലത്തിൽ അഭയത്തിന്റെ പ്രവർത്തനം വ്യാപിപ്പിച്ച് കൂടുതൽ ശക്തിപ്പെടുത്താനും ജീവകാരുണ്യ പ്രവർത്തനമേഖലയിൽ മുന്നിലെത്തിക്കാനും റസലിനായി. കറകളഞ്ഞ കമ്മ്യൂണിസ്റ്റായായ റസൽ വി.എൻ.വാസവൻ ലോക്‌സഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായതോടെയാണ് പകരക്കാരനായി സി.പിഎം ജില്ലാനേതൃനിരയിൽ എത്തിയത്. കുറഞ്ഞ കാലം കൊണ്ട് പാർട്ടി പ്രവർത്തകർക്കിടയിൽ സ്വാധീനമുറപ്പിച്ചതിന് പുറമേ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് കോട്ടയായ ജില്ലയിൽ ഒമ്പതിൽ അഞ്ചു സീറ്റിലും എൽ.ഡി.എഫിന് നേടിക്കൊടുത്തതിന് പിന്നിലും റസലിന്റെ വിയർപ്പുണ്ട്.

സിപി എം ജില്ലാ സെക്രട്ടറി, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി, ഡി.വൈ.എഫ്‌.ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌, ജില്ലാ പഞ്ചായത്തംഗം എന്നീ നിലകളിലെല്ലാംശക്തമായ ഇടപെടലുകൾ നടത്തി. സഹകാരിയെന്ന നിലയിൽ സഹകരണ മേഖലയിലും പ്രാവീണ്യം തെളിയിച്ചു. വിഭാഗീയതയുടെ അസ്വാരസ്യങ്ങൾ ഇല്ലാതെ നേതൃത്വത്തിനെതിരെ വിമർശനങ്ങളില്ലാതെ കോട്ടയത്ത് സി.പി.എമ്മിനെ ശക്തിപ്പെടുത്തിയതിനാലായിരുന്നു രണ്ടാം തവണയും ജില്ലാ സെക്രട്ടറി സ്ഥാനം തേടിയെത്തിയത്. ആ ചുമതലയേറ്റ് രണ്ടുമാസം തികയും മുൻപ് സംസ്ഥാന സമ്മേളന ഒരുക്കത്തിനിടയിലായിരുന്നു അടുപ്പമുള്ളവരെയെല്ലാം ഞെട്ടിച്ചുള്ള വേർപാട്. ''പ്രതീക്ഷിക്കാത്ത മരണം, വേർപാട് വിഷമം, വേദനാജനകം, സഹോദരനെയാണ് നഷ്ടപ്പെട്ടത് '' എന്ന മന്ത്രി വി.എൻ.വാസവന്റെ വാക്കുകളിലുണ്ട് എല്ലാം. രാഷ്ട്രീയ ക്കാരനെന്നതിലുപരി ചേട്ടായെന്ന് വിളിച്ച് സഹോദരതുല്യം പെരുമാറിയ പ്രിയ സുഹൃത്തിന് തിരുനക്കര ചുറ്റുവട്ടത്തിന്റെ റെഡ് സല്യൂട്ട്...

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL