
ഏറ്റുമാനൂർ: പഞ്ചാക്ഷരീ മന്ത്രങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. ഇനി പത്തു ദിനരാത്രങ്ങൾ ഏഴരപ്പൊന്നാനയുടെ നാടിന് ഉത്സവമേളമാണ്. ചരിത്ര പ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനം മാർച്ച് ആറിനാണ്. ഇന്നലെ രാവിലെ ക്ഷേത്രം തന്ത്രി കണ്‌ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ, മേൽശാന്തി ഇങ്ങേത്തല രാമൻ സത്യനാരായണൻ എന്നിവരുടെ കാർമികത്വത്തിലായിരുന്നു കൊടിയേറ്റ്. ആയിരക്കണക്കിന് ഭക്തർ കൊടിയേറ്റ് ദർശിക്കാനെത്തി. മാർച്ച് എട്ടിന് ആറോടെ ഉത്സവത്തിന് സമാപനമാകും. 7ന് പിന്നണിഗായിക കെ.എസ് ചിത്രയെ ആദരിക്കും. ഏറ്റുമാനൂർ ദേവസ്വത്തിന്റെ സ്‌നേഹോപഹാരം മന്ത്രി വി.എൻ വാസവൻ സമ്മാനിക്കും. തിരുവരങ്ങിൽ പിന്നണി ഗായിക കെ.എസ് ചിത്രയുടെ ഭക്തിഗാനമേള, ചിത്രാഞ്ജലയും സിനിമാതാരം ആശാ ശരത്തിന്റെയും സംഘത്തിന്റെയും ശാസ്ത്രീയ നൃത്തവും കൂടാതെ നിരവധി കലാകാരൻമാരുടെ കലാപരിപാടികളും നടക്കും. മേളപ്രമാണിമാരുടെ സാന്നിദ്ധ്യം, മേജർസെറ്റ് കഥകളി എന്നിവയുമുണ്ട്. ഉത്സവം നടത്തിപ്പുമായി ബന്ധപ്പെട്ട് വിപുലമായ ക്രമീകരണങ്ങളാണ് മന്ത്രി വി.എൻ വാസവന്റെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നത്. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് എലിഫന്റ് സ്‌ക്വാഡ് സേവനവുമുണ്ട്. ഒൻപത് ആനകളെയാണ് ഇത്തവണ എഴുന്നള്ളിക്കുന്നത്. ലഹരിവസ്തുക്കളുടെ വില്പന തടയാൻ എക്‌സൈസ്, പൊലീസ് പരിശോധന, കൺട്രോൾ റൂം എന്നിവയുണ്ട്. ഉത്സവദിവസങ്ങളിൽ 386 പൊലീസുകാർ സുരക്ഷയൊരുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |