SignIn
Kerala Kaumudi Online
Friday, 23 October 2026 12.41 PM IST

നെല്ലിന് കിഴിവ് വേണമെന്ന്, പറ്റില്ലെന്ന് കർഷകർ... വരുതിക്ക് വാ, വീണ്ടും മില്ലുകാരന്റെ വിളച്ചിൽ

paddy

കോട്ടയം : ചുട്ടുപൊള്ളുന്ന ചൂടിലും നെൽകർഷകന് നേർക്ക് ചൂഷണത്തിന്റെ വാളോങ്ങുകയാണ് സ്വകാര്യമില്ലുകാർ.

കൊയ്ത്ത് കാലത്ത് മഴ വ്യാപകമാകുമ്പോഴാണ് ഈർപ്പമുള്ള നെല്ലിന് കിഴിവ് അനുവദിക്കാറുള്ളത്. എന്നാൽ വേനലിൽ ഈർപ്പത്തിന്റെ അംശം പോലുമില്ലാത്ത നെല്ലിനാണ് എട്ടുകിലോ വരെ കിഴിവ് ആവശ്യപ്പെടുന്നത്. നെല്ലിന് ഉണക്കില്ലെന്ന വാദമാണ് ഏജന്റുമാർ ഉയർത്തുന്നത്. അപ്പർ കുട്ടനാട്ടിൽ പുഞ്ച കൊയ്‌ത്തിന്റെ നെല്ല് സംഭരണം ആരംഭിച്ചയുടനാണ് മില്ലുകാരുടെ പിടിവാശി. വേനൽ മഴയ്ക്ക് മുൻപ് കർഷകർ എങ്ങനെയും നെല്ല് വിൽക്കാൻ തയ്യാറാകുമെന്നതിനാലാണ് വില പേശൽ തന്ത്രം പയറ്റുന്നത്. തുടക്കത്തിൽ രണ്ടുകിലോ കിഴിവിൽ മില്ലുകൾ നെല്ല് സംഭരിച്ചിരുന്നു. വേനൽ കടുത്തതോടെ തണ്ടൊടിഞ്ഞു വീഴുന്നത് തടയാൻ മൂപ്പെത്തും മുമ്പ് കൊയ്യാൻ കർഷകർ നിർബന്ധിതരാകുകയായിരുന്നു.നെല്ലിലെ തൂക്കക്കുറവ് വിളവിനെ ബാധിച്ചു. ചെലവ് കാശ് കിട്ടുമോയെന്ന ആശങ്കയിൽ കർഷകർ നിൽക്കുമ്പോഴാണ് ഈ പിഴിച്ചിൽ. കൊയ്ത്ത് സജീവമാകുന്നതോടെ യന്ത്രത്തിന് കൃത്രിമ ക്ഷാമമുണ്ടാക്കി വാടക ഉയർത്താനുള്ള നീക്കമുണ്ട്. കഴിഞ്ഞ കൃഷിയിൽ നെല്ല് സംഭരിച്ച വകയിൽ കുടിശികയില്ലെന്ന് സർക്കാർ അവകാശപ്പെടുമ്പോൾ ഇനിയും 60 കോടി കിട്ടാനുണ്ടെന്ന് കർഷകർ പറയുന്നു.

മഴക്കുറവും വില്ലനായി

ഇടമഴ ലഭിക്കാതിരുന്നത് അപ്പർകുട്ടനാട്ടിൽ വിളവിനെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. സാധാരണ വിളവെത്താറാകുമ്പോൾ മഴ ലഭിക്കുകുകയും, നെല്ലിന് നല്ല ദൃഢതയുണ്ടാവുകയും ചെയ്യാറുണ്ട്. എന്നാൽ ഇത്തവണ മഴ കുറഞ്ഞതും ചൂട് കൂടിയതും വില്ലനായി. നെൽക്കതിരുകൾ ഉണങ്ങി. 23 മുതൽ 25 ഡിഗ്രി വരെ ചൂടാണ് നെൽച്ചെടികൾക്ക് താങ്ങാനാവുന്നത്. എന്നാൽ ഇപ്പോൾ പ്രതിദിനം 35 - 38 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഉണക്ക് ഇനിയും കൂടിയാൽ വിളവിൽ കാര്യമായ കുറവുണ്ടാകും.

കോട്ടയത്ത് 320 പാടശേഖരങ്ങളിൽ കൃഷി

100 ടണ്ണിൽ താഴെ നെല്ലാണ് സംഭരിച്ചത്

സംഭരണരംഗത്തുള്ളത് 22 മില്ലുകൾ

സർക്കാർ അടിയന്തരമായി ഇടപെടണം

കൂടുതൽ മില്ലുകളെ ഉൾപ്പെടുത്തി സംഭരണം വേഗത്തിലാക്കണം

കിഴിവിന്റെ പേരിൽ നെല്ല് സംഭരണം വൈകിപ്പിക്കുന്നത് തടയണം

കൈകാര്യ ചെലവിനത്തിലുള്ള സർക്കാർ വിഹിതം കൂട്ടണം

''തണ്ണീർമുക്കം ബണ്ട് അടച്ചിട്ടും ഉപ്പുവെള്ളമെത്തി പാടങ്ങളിൽ ലവണാംശം വർദ്ധിച്ചത് ഉത്പാദനത്തെ ബാധിച്ചു. ചില പാടശേഖരങ്ങളിലെ വിളവിൽ നാലിലൊന്ന് കുറവാണുള്ളത്.

ശശീന്ദ്രൻ, നെൽകർഷകൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL