മുണ്ടക്കയം : കത്തുന്ന വേനലിൽ കൃഷിയിടങ്ങൾ കരിഞ്ഞുണങ്ങിയതോടെ കണ്ണീരിൽ കർഷകർ.വിളവെടുപ്പിനു മുന്നേ വാടിയ കുരുമുളക് ചെടിയും വർഷത്തിൽ എല്ലാ മാസവും വിളവു ലഭിച്ചിരുന്ന ജാതി മരങ്ങളും വാടിത്തളർന്നു. പ്രതീക്ഷയോടെ നട്ട വാഴകൾ തണ്ടൊടിഞ്ഞ് കിടക്കുകയാണ്. എങ്ങും നനയ്ക്കാൻ വെള്ളം കിട്ടാത്ത സ്ഥിതിയാണ്. ഭൂമി പാട്ടത്തിനെടുത്തും മറ്റും കൃഷിയിറക്കിയ ധാരാളം പേർ കനത്ത നഷ്ടം മുന്നിൽക്കാണുന്നു. മുൻ വർഷങ്ങളിൽ ഇത്രയും ഉണക്ക് ബാധിച്ചിരുന്നില്ല. പച്ചക്കറികൾ രണ്ട് നേരവും നനച്ചില്ലെങ്കിൽ ഉണക്ക് ബാധിക്കും. മലയോരമേഖലയിലെ വാഴത്തോട്ടങ്ങളിൽ കുലച്ച വാഴകൾ അടക്കം ഉണങ്ങിയിട്ടുണ്ട്. ജലക്ഷാമമുണ്ടെങ്കിലും കൃത്യമായി നനയ്ക്കുന്ന വാഴകൾക്കാണ് നാശം സംഭവിച്ചിരിക്കുന്നത്. വിലത്തകർച്ചയ്ക്കു പുറമെയാണ് വേനൽച്ചൂടും കർഷകരെ പ്രഹരിച്ചത്. ഏത്തവാഴ, ഞാലിപ്പൂവൻ, പാളയംകോടൻ തുടങ്ങിയവയാണ് മേഖലയിൽ പ്രധാനമായും കൃഷി ചെയ്യുന്നത്. വിഷുവിപണി ലക്ഷ്യമാക്കിയാണ് കർഷകർ കൃഷി ആരംഭിച്ചത്. എന്നാൽ കുലച്ചവാഴകൾ പോലും ഒടിഞ്ഞു വീഴുന്ന സ്ഥിതിയാണ്.
പ്രതിരോധിച്ചിട്ടും രക്ഷയില്ല
വേനലിനെ പ്രതിരോധിക്കാനായി കാർഷിക വിളകളുടെ ചുവട്ടിൽ ചപ്പുചവറുകൾ കൂട്ടിയിട്ട് വെള്ളം നനച്ച് സംരക്ഷിച്ചിട്ടും പിടിച്ചുനിൽക്കാനായില്ല. മുൻ വർഷങ്ങളിൽ വേനലിനെ പ്രതിരോധി ക്കാനായി കാർഷികവിളകൾക്ക് ഓല കൊണ്ട് മറനിർമിക്കുകയാണ് ചെയ്തിരുന്നത്. എന്നാൽ ഇത്തവണ ചൂട് കൂടിയതോടെ പരിചരണം നൽകിയിട്ടും തൈകളെല്ലാം നശിക്കുകയാണെന്ന് കർഷകർ പറഞ്ഞു. ഏത്തവാഴ കൃഷി ചെയ്തവർക്ക് ദൂരസ്ഥലങ്ങളിൽ നിന്ന് വെള്ളം കൊണ്ടുവന്ന് നനയ്ക്കേണ്ട സ്ഥിതിയാണ്.
'1982-83 ൽ ഉണ്ടായ വരൾച്ചയേക്കാൾ ഭീകരമാണിത്. അന്ന് പോലും ഇത്രയും നഷ്ടം സംഭവിച്ചിട്ടില്ല.ദൈനംദിന ചെലവുകൾ നടത്താൻ ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഈപ്രായത്തിൽ കൃഷിഭൂമിയെ പഴയ നിലയിലെത്തിക്കാൻ കഴിയില്ല.
ശശിധരൻ, കർഷകൻ
ജൈവ ലായനി ഗുണകരം
40 കിലോ ചാണകം, 10 ലിറ്റർ കഞ്ഞി വെള്ളം, 2 കിലോ ശർക്കര എന്നിവ നന്നായി കൂട്ടി ഇളക്കിയ ശേഷം ചണച്ചാക്കിൽ നിറച്ച് വീപ്പയ്ക്കുള്ളിൽ നൂറ് ലിറ്റർ വെള്ളത്തിൽ 48 മണിക്കൂർ തുടർച്ചയായി വയ്ക്കണം. വെള്ളത്തിൽ പൂർണമായും അലിഞ്ഞ ശേഷം പമ്പ് ഉപയോഗിച്ച് സ്‌പ്രേ ചെയ്താൽ വിളകളെ ഉണക്കിൽ നിന്ന് പ്രതിരോധിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |