
കോട്ടയം : കോട്ടയത്ത് ഇനി അഞ്ചു രാവും പകലും സിനിമാ ലഹരി പൂക്കും കാലം. കോട്ടയം ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിലള്ള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് അഞ്ച് ഓസ്‌കാർ അവാർഡുകൾ നേടിയ "അനോറ'യുടെ പ്രദർശനത്തോടെ ഇന്ന് തുടക്കമാകും. ഒപ്പം തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്നു മുതൽ മൂന്നു ദിവസം കോട്ടയം സി.എം.എസ് കോളേജിൽ അരവിന്ദം നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലും നടക്കും. ഒരു ലക്ഷം രൂപ വീതം സമ്മാനത്തുകയും മൊമന്റോയും ഉള്ള പൊതു വിഭാഗമായും നേർ പകുതി സമ്മാനത്തുകയുള്ള ക്യാമ്പസ് വിഭാഗമായുമാണ് പുരസ്കാരങ്ങൾ നൽകുന്നത്.
സംവിധായകൻ ബ്ളസി ഇന്ന് രാവിലെ 10ന് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. ജെ. നന്ദകുമാർ മുഖ്യപ്രഭാഷണം നടത്തും. ഫെസ്റ്റിവൽ ഡയറക്ടർ വിജയകൃഷ്ണൻ സംസാരിക്കും. തമ്പ് ഫിലിം സൊസൈറ്റിയുടെ പ്രസിഡന്റ് ഏറ്റുമാനൂർ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.
രാജ്യാന്തര സിനിമാ ഫെസ്റ്റിവലിൽ ദിവസവും രാവിലെ ഒമ്പതര മുതൽ അഞ്ചുപ്രദർശനങ്ങളുണ്ടാകും. 25 സിനിമകൾക്കു പുറമേ എല്ലാ ദിവസവും വൈകുന്നേരം പ്രഭാഷണങ്ങൾ, ഓപ്പൺ ഫോറം എന്നിവയുമുണ്ട്. ഇന്ന് വൈകിട്ട് അഞ്ചിനാണ് മേളയുടെ ഉദ്ഘാടനമെങ്കിലും രാവിലെ 9.30ന് പ്രദർശനം ആരംഭിക്കും.
ഐ.എഫ്.എഫ്.കെയിൽ അടക്കം അഞ്ച് അവാർഡുകൾ നേടിയ ഫെമിനിച്ചി ഫാത്തിമയാണ് സമാപന ചിത്രം. കൂടാതെ ബോഡി, ഹ്യൂമൻ ആനിമൽ, റിതം ഓഫ് ദമ്മാം, അണ്ടർ ഗ്രൗണ്ട് ഓറഞ്ച്, എന്നീ ചിത്രങ്ങളോടൊപ്പം ലോകസിനിമ വിഭാഗത്തിൽ പ്രദർശിപ്പിച്ച യാഷ ആൻഡ് ലിയോണിഡ് ബ്രെഴനോട്, ബ്ലാക്ക് ഗോൾഡ് വൈറ്റ് ഡെവിൾ, ലാറ്റിനമേരിക്കൻ ചിത്രങ്ങളായ അന്ന ആന്റ് ഡാന്റെ, കറസ്‌പ്പോണ്ടന്റ്, ദി ലോംഗസ്റ്റ് സമ്മർ എന്നീ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും.
അരവിന്ദനും, എംടിയ്ക്കും ആദരവ്
ചലച്ചിത്ര മേളയിൽ ജി. അരവിന്ദനും, എം.ടി വാസുദേവൻ നായർക്കും ആദരം.
അരവിന്ദന്റെ ഓർമ്മ ദിനത്തോടനുബന്ധിച്ച് വാസ്തു ഹാരയും, എം.ടി സ്മൃതിയുടെ ഭാഗമായി ഓളവും തീരവും പ്രദർശിപ്പിക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |