
തൊടുപുഴ: പകലിലെ പൊള്ളുന്ന വെയിലിലും വൈകിട്ടത്തെ മഴത്തുള്ളി കിലുക്കത്തിലും കലോത്സവ നഗരി പൊളി മൂഡിലാണ്. എം.ജി സർവകലാശാലാ കലോത്സവത്തിന്റെ മൂന്നാം ദിനം അവസാനിക്കുമ്പോൾ നാട്ടുകാരടക്കം നിരവധി പേരാണ് ഓരോ വേദികളിലും നിറയുന്നത്. ഒന്നാം വേദിയിലാണ് കൂടുതൽ തിരക്ക്. ഇന്നലെ നാടോടി നൃത്തം കാണാൻ വേദിയിൽ ആളുകൾ തടിച്ചുകൂടിയിരുന്നു. വെയിലേറ്റ് വിയർത്താണ് പലരും മണിക്കൂറുകളോളം നിന്നത്. മത്സരാത്ഥികൾക്ക് പ്രോത്സാഹനമേകാൻ വിവിധ കോളേജുകളിൽ നിന്ന് നൂറുകണക്കിന് വിദ്യാർത്ഥികളും എത്തുന്നുണ്ട്. മത്സര ഫലം പ്രഖ്യാപിക്കുമ്പോൾ വിജയിയെ പൊക്കി ഉയർത്തി മുദ്രാവാക്യം വിളിക്കാൻ മാത്രമായി ഓരോ സ്റ്റേജിലും കൂട്ടുകാരുണ്ടാകും. സുഹൃത്തുക്കളാണ് പലരുടെയും പിൻബലം. ഭിന്നശേഷിക്കാരായ സുഹൃത്തുക്കളെ എടുത്ത് നടക്കുന്നവർ, വീൽചെയറിൽ കൊണ്ടുപോകുന്നവർ, മത്സരാർത്ഥികൾക്ക് ഭക്ഷണം വാരികൊടുക്കുന്നവർ ഇങ്ങനെ സൗഹൃദങ്ങൾ വളരുന്ന കലോത്സ വേദികളിൽ നിരവധി കാഴ്ചകളാണുള്ളത്.
തേവര തേരോട്ടം തുടങ്ങി
കഴിഞ്ഞവർഷത്തെ മൂന്നാം സ്ഥാനക്കാരായ തേവര എസ്.എച്ച് കോളേജ് 32 പോയിന്റോടെ കിരീടത്തിനായുള്ള തേരോട്ടം തുടങ്ങി. 21 പോയിന്റോടെ എറണാകുളം സെന്റ് തെരേസാസാണ് തൊട്ടുപിന്നിൽ. കഴിഞ്ഞവർഷം മികച്ച പോരാട്ടം കാഴ്ച വച്ച തൃപ്പൂണിത്തുറ ആർ.എൽ.വി ഗവ. കോളേജ് 20 പോയിന്റോടെ മൂന്നാമതുണ്ട്. നിലവിലെ ചാമ്പ്യന്മാരായ മഹാരാജാസ് അഞ്ചാം സ്ഥാനത്താണ്- 15 പോയിന്റ്.
കലാതിലകം, കലാപ്രതിഭ, പ്രതിഭാതിലകം പട്ടങ്ങളിലേക്കുള്ള യാത്രയ്ക്കും വിദ്യാർത്ഥികൾ തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്.
കലയിൽ അലിയും
സങ്കടങ്ങൾ...
തൊടുപുഴ: ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള പെടാപ്പാടിനിടയിലെ സന്തോഷമാണ് അനീഷിന് മകൾ ആദിത്യയുടെ നൃത്തവിശേഷം. നന്നെ ചെറുപ്പത്തിലേ നൃത്തത്തോട് താത്പര്യമുള്ള ആദിത്യയെ ഒമ്പതാം ക്ലാസ് വരെയും നൃത്തം പഠിപ്പിച്ചു. വീടിന് സമീപത്തെ ക്ലബിന്റെ ചുമതലയിൽ കുടമാളൂർ വിജയമ്മയുടെ ശിക്ഷണത്തിലായിരുന്നു ആദിത്യ അനീഷ് നൃത്തം പഠിച്ചത്.
മൂന്ന് വർഷം മുമ്പ് അദ്ധ്യാപിക കാൻസർ ബാധിച്ച് മരിച്ചതോടെ നൃത്തപഠനം മുടങ്ങി. മകളുടെ ആഗ്രഹത്തിനൊത്ത് കല മുന്നോട്ടുകൊണ്ടുപോകാൻ ഇലക്ട്രീഷ്യനായ അനീഷിനും ഭാര്യ വിജിക്കും കഴിഞ്ഞില്ല, ചിലങ്കയഴിച്ചുവച്ചു. എന്നാൽ കോട്ടയം അമലഗിരി ബി.കെ കോളേജിൽ ബി.എസ്.സി കെമിസ്ട്രി വിദ്യാർത്ഥിനിയായി എത്തിയ ആദിത്യയുടെ നൃത്തപരിചയം കൂട്ടുകാർക്ക് മനസിലായി. അവർ നിർബന്ധിച്ചപ്പോൾ യൂടൂബിൽ നോക്കി ഭരതനാട്യം പഠിച്ചാണ് ആദിത്യ അനീഷ് 'ദസ്തക്കി"ന്റെ വേദിയിൽ നിറഞ്ഞാടിയത്.
കൂട്ടുകാർക്കൊപ്പം തിരുവാതിരകളിയിലും പങ്കെടുത്തു. അമ്മയ്ക്കൊപ്പമാണ് ആദിത്യ തൊടുപുഴയിലേക്ക് വണ്ടികയറിയത്. അവർ തിരിച്ചെത്തുംവരെയും കോട്ടയം ആർപ്പൂക്കര വള്ളപ്പുരയിൽ കെ.എസ്. അനീഷിനും ആധിയായിരുന്നു. തിങ്കളാഴ്ച തിരുവാതിരയിലും ചൊവ്വാഴ്ച ഭരതനാട്യത്തിലും പങ്കെടുത്തശേഷം മത്സരഫലമറിയും മുമ്പെ ഇരുവരും വീട്ടിലേക്ക് തിരിച്ചു.
വീടെത്തും മുമ്പേ മഴച്ചാറ്റൽ തുടങ്ങി. അനിയത്തി ആവണിയും അച്ഛനൊപ്പം വീട്ടിലുണ്ടായിരുന്നു. രണ്ടുനാളുകളിലെ കലോത്സവ വിശേഷങ്ങൾ പറഞ്ഞാണ് നാലുപേരും നേരംവെളുപ്പിച്ചത്. നേരത്തെ ഗാനമേള ട്രൂപ്പുകൾക്ക് വേണ്ടി തബല വായിച്ചിരുന്ന കലാകാരനാണ് അനീഷ്.
ബിപ്ലവിന്റെ
വിപ്ലവം
മിമിക്രിയിൽ ബിപ്ളവിന് തുടർച്ചയായി നാലാം വിജയം. ചിരിക്കാൻ വകയൊരുക്കുന്ന പതിവ് ശൈലിയിൽ നിന്ന് മാറിയാണ് ബിപ്ളവ് ഇക്കുറി ശബ്ദവൈവിദ്ധ്യമൊരുക്കിയത്. പ്രകൃതിയുടെ ശബ്ദ സൗന്ദര്യം ആദ്യം പകർന്നു. പിന്നെ ലഹരിയുടെ വിപത്ത് പ്രമേയമാക്കി രാഷ്ട്രീയ നേതാക്കളെത്തി. മുഖ്യമന്ത്രി പിണറായി വിജയനും ജെയ്ക് സി. തോമസുമടക്കം ഒട്ടേറെപ്പേരുടെ ശബ്ദം ഉച്ചഭാഷിണിയിൽ മുഴങ്ങിയപ്പോൾ സദസിലുള്ള കുട്ടിസഖാക്കൾ ഉച്ചത്തിൽ കൈയടിച്ചു.
പിന്നെ നടൻമാരുടെയും വാഹനങ്ങളുടെയുമൊക്കെ ശബ്ദം അനുകരിച്ചുകൊണ്ടാണ് എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വർഷ പി.ജി. കെമിസ്ട്രി വിദ്യാർത്ഥിയായ കെ. ബിപ്ളവ് ഒന്നാം സമ്മാനം സ്വന്തമാക്കിയത്. കോളേജിലെ ആർട്സ് ക്ല്ബ് സെക്രട്ടറി കൂടിയായ ബിപ്ലവ് പത്തനംതിട്ടയിൽ നടന്ന കലോത്സവത്തിലാണ് ആദ്യം ജേതാവാകുന്നത്.
പിന്നെ സമ്മാനം മറ്റാർക്കും വിട്ടുകൊടുത്തിട്ടില്ല. കണ്ണൂർ ഇരിട്ടി ക്യാപ്പിറ്റലിൽ വാർഡ് കൗൺസിലറായ കെ. നന്ദനന്റെയും കെ.പി. ബീനയുടെയും മകനാണ്. ഇനി കാർട്ടൂൺ രചനയിലും പങ്കെടുക്കുന്നുണ്ട്.
വേദികളിൽ ഇന്ന്
വേദി 1 (പ്രധാന ഗ്രൗണ്ട് ): രാവിലെ 9ന് ദഫ് മുട്ട് വൈകിട്ട് ആറിന് നാടൻ പാട്ട്
വേദി 2 (എൻജിനീയറിംഗ്കോളേജ് ഗ്രൗണ്ട് ): രാവിലെ 9ന് ലളിതഗാനം (ട്രാൻസ്ജെൻഡർ)11ന് ലളിതഗാനം (ആൺ)
വേദി 3 (ആർട്സ്കോളേജ് ഓഡിറ്റോറിയം): രാവിലെ 9ന് കുച്ചിപ്പുടി (ട്രാൻസ്ജെൻഡർ) കുച്ചിപ്പുടി (ആൺ)
വേദി 4 (ലോകോളേജ് ഓഡിറ്റോറിയം ): രാവിലെ 9ന് മാപ്പിളപ്പാട്ട്
വേദി 5 (ബി.എഡ്.കോളേജ് ഓഡിറ്റോറിയം ): രാവിലെ 9ന് പ്രസംഗം (തമിഴ്) പ്രസംഗം (മലയാളം)
വേദി 6 (എൻജിനീയറിംഗ്കോളേജ് ഓഡിറ്റോറിയം ): രാവിലെ 9ന് ശാസ്ത്രിയ സംഗീതം (പെൺ)
വേദി 7 (എൻജിനീയറിംഗ്കോളേജ് സെമിനാർ ഹാൾ ): ഉച്ചക്ക് 12ന് ചെറുകഥ അറബിക്, വൈകിട്ട് 3ന് ചെറുകഥ തമിഴ്.
വേദി 8 (ലോകോളേജ് സെമിനാർ ഹാൾ ): രാവിലെ 10ന് ചെറുകഥ സംസ്കൃതം
വേദി 9 (ആർട്സ്കോളേജ് ബിബ്ലോക്ക് ഓഡിറ്റോറിയം ): രാവിലെ 9ന് ചെറുകഥ ഹിന്ദി,12 ന് ചെറുകഥ ഇംഗ്ലീഷ്, വൈകിട്ട് 3ന് ചെറുകഥ മലയാളം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |