തൊടുപുഴ: 'ചന്ദിരമുഖം നള്ള ഒളിചിന്തും പുതുക്കത്തിൽ..." ഒഴുകിയെത്തുന്ന ഇശലുകളുടെ പശ്ചാത്തലത്തിൽ മൈലാഞ്ചി മൊഞ്ചത്തികൾ കുപ്പിവളക്കിലുക്കത്തോടെ ആടയാഭരണമണിഞ്ഞ മണവാട്ടിയെ ആനയിച്ച് ഒന്നാം വേദിയിലേക്ക് നടന്നടുത്തപ്പോൾ ആഹാ എന്തൊരു മൊഞ്ച്, എന്തൊരഴക്. 'കന്നിപ്പളുങ്കേ പൊന്നുംകിനാവേ സുന്ദരിപ്പൊന്നാരേ... കൺമണിക്കെന്തിനീ കള്ളപ്പരിഭവം കല്യാണരാവല്ലേ..." ചിരിമുഖത്തോടെ മൊഞ്ചുള്ള പെണ്ണുങ്ങൾ പാടിക്കളിച്ചപ്പോൾ മണവാട്ടിപ്പെണ്ണിന് നാണം. കണ്ണും കാതുമടയ്ക്കാതെ പന്തൽ നിറച്ച കാഴ്ചക്കാരുടെ മുഖത്തും ഇരുപത്തിയേഴാം രാവിന്റെ മൊഞ്ച്. പെരുന്നാളിന് ചന്ദ്രപ്പിറവി കണ്ട സന്തോഷം. വേദിയിൽ ഉയരുന്ന ഇശലുകൾക്കൊപ്പം കൈത്താളമിട്ട് ചാഞ്ഞും ചരിഞ്ഞും ചിരിച്ചുല്ലസിച്ചും അവരും ഒപ്പനയെ നെഞ്ചേറ്റി. പൊള്ളുന്ന ചൂടിനെ വകവയ്ക്കാതെ അവരൊന്നായി ഒപ്പനപ്പാട്ടിന്റെ താളത്തിൽ അലിഞ്ഞു. ഇശലിന്റെ താളവുമായി തൊടുപുഴയുടെ ഖൽബിൽ ഇടംപിടിച്ചാണ് ഓരോ ടീമും വേദിവിട്ടത്. നബി തങ്ങളുടെയും ഖദീജ ബീവിയുടെയും കല്യാണക്കഥകളാണ് വലിയ സദസിന്റെ മനംകവർന്നത്. പട്ടുചുറ്റി അണിഞ്ഞൊരുങ്ങി ആവേശം ജ്വലിപ്പിച്ച ഒപ്പനപ്പെണ്ണുങ്ങൾ മീനപ്പകൽച്ചൂടിനിടയിൽ കുളിരുപകർന്നു. ഒന്നിനൊന്ന് മെച്ചമായിരുന്നു ഒപ്പനക്കളിക്കാരുടെ മിന്നും പ്രകടനങ്ങൾ. ന്യൂജൻ ഒപ്പനയുടെ ഓളവും ഇഴചേർന്നു. ഏഴുനാൾ നീണ്ട കലോത്സവത്തിലെ ഹൃദ്യ ഇനമായി ഒപ്പന മാറുകയായിരുന്നു. സദസ് നിറഞ്ഞു കവിഞ്ഞതോടെ പൂരപ്പറമ്പിലെ ആവേശത്തോടെ മൈതാനത്തിന്റെ മുക്കിലും മൂലയിലും നിന്ന് ആസ്വാദകർ മൊഞ്ചത്തിയായ മണവാട്ടികളെ കണ്ടു. മലബാറിന്റെ കലയെ വാരിപുണരാൻ യുവത്വവും പഴയ തലമുറയും ഒരു പോലെ ഓടിയെത്തിയെന്നതാണ് ശ്രദ്ധേയം. 45 ടീമുകൾ പങ്കെടുത്ത മത്സരം രാത്രി വരെ നീണ്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |