
കോട്ടയം : തേങ്ങയുടെ വില കുതിച്ചുയരുമ്പോഴും കർഷകന് നിരാശ മാത്രം. വിതരണ സംവിധാനത്തിൽ സർക്കാർ ഇടപെടൽ വേണമെന്ന ആവശ്യമാണ് ഉയരുന്നത്. ചില്ലറ വില്പന കേന്ദ്രങ്ങളിൽ 80 രൂപയാണ് തേങ്ങ വില. ജനുവരിയിൽ 60 രൂപയിൽ താഴെയായിരുന്നു. എന്നാൽ കർഷകന് ലഭിക്കുന്നതാകട്ടെ 35-40 രൂപ മാത്രമാണ്. പച്ച, ഉണക്ക തേങ്ങ തമ്മിലുള്ള വ്യത്യാസം ആറ് രൂപയ്ക്കടുത്താണ്. ജില്ലയിൽ ഏറ്റവും അധികം നാളികേരം ഉത്പാദിപ്പിക്കുന്നത് വൈക്കം, തലയാഴം, കുമരകം, വെച്ചൂർ തുടങ്ങിയ മേഖലകളിലാണ്. കേരഗ്രാമം പോലുള്ള പദ്ധതികൾ നടപ്പിലാക്കുമ്പോഴും കാര്യമായ പ്രയോജനം കിട്ടുന്നില്ല. ഉത്പാദനം, വിപണനം, സംഭരണം തുടങ്ങിയവയാണ് കർഷകർ നേരിടുന്ന വെല്ലുവിളികൾ. നാടൻ തെങ്ങുകളും കേരളത്തിൽ ഇപ്പോൾ കുറവാണ്. കൂടുതലും സങ്കരയിനം തെങ്ങിൻതൈകളാണ് കർഷകർ വയ്ക്കുന്നത്. വിപണിയിൽ കൂടുതലായി എത്തുന്നത് തമിഴ്‌നാട്ടിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന നാളികേരമാണ്. കൂടുതൽ ലാഭം കിട്ടുന്നതിനാൽ വ്യാപാരികൾക്കും താത്പര്യം ഇതാണ്.
വില്ലനായി രോഗബാധ, പാഴായി അദ്ധ്വാനം
തെങ്ങ് കൃഷിയുടെ ചെലവ് അനുദിനം വർദ്ധിക്കുന്ന സ്ഥിതിയാണ്. 150, 350 രൂപ വരെയാണ് പുതിയ തെങ്ങിൻ തൈകളുടെ വില. വളം, കീടനാശിനി തുടങ്ങിയവയ്ക്കും വൻ ചെലവാണ്. നാലുമുതൽ അഞ്ചുവർഷം എടുക്കും കായ്ക്കാൻ. ചെല്ലി, വണ്ട് എന്നിവയുടെ ശല്യമാണ് കർഷകർ നേരിടുന്ന മറ്റൊരു പ്രതിസന്ധി. തേങ്ങ ഇടാൻ ആളെ കിട്ടാനുമില്ല. കിട്ടിയാൽ തന്നെ ഒരു തെങ്ങിന് 100 രൂപ വരെ കൊടുക്കണം. തെങ്ങിന്റെ മുകൾഭാഗം വൃത്തിയാക്കി മരുന്ന് തളിക്കുന്നതിന് 150 രൂപയും. നാടൻ തെങ്ങുകളിൽ രോഗബാധയും കൂടുതലാണ്. മുൻപ് 40 തെങ്ങിൽ നിന്ന് 300, 600 തേങ്ങകൾ വരെ ലഭിച്ചിരുന്നെങ്കിൽ ഇന്ന് 25 ൽ താഴെ മാത്രമാണ് ലഭിക്കുന്നത്.
വെളിച്ചെണ്ണ വിലയിലും കുതിപ്പ്
തേങ്ങയുടെ വിലവർദ്ധനവ് വെളിച്ചെണ്ണയുടെ വിലയിലും പ്രതിഫലിച്ചു. വില 280 ലേക്കെത്തി. വരുദിവസങ്ങളിൽ ഇനിയും ഉയരുമെന്ന് വ്യാപാരികൾ പറയുന്നു. എന്നാൽ കൊപ്ര വിൽക്കുന്ന ചെറുകിട കർഷകന് ഇതിന്റെ നേട്ടം ലഭിക്കുന്നില്ല.
തേങ്ങ ഉത്പാദനത്തിലെ ഇടിവ് അവസരമാക്കി വെളിച്ചെണ്ണ വിപണിയിൽ കൃത്രിമക്ഷാമമുണ്ടാക്കുകയാണെന്നാണ് ആക്ഷേപം. ഇതിന്റെ മറവിൽ വ്യാജനും കളംപിടിച്ചു. പരിശോധനകും പ്രഹസനമാകുകയാണ്.
''മുൻകാലങ്ങളെ അപേക്ഷിച്ച് നാളികേരത്തിന്റെ ഉത്പാദനം കുറഞ്ഞു. ആവശ്യത്തിന് നാളികേരം കിട്ടാത്തത് വില ഉയരാൻ ഇടയാക്കും. നല്ല ഉത്പാദനവും രോഗപ്രതിരോധശേഷിയും ഉണ്ടെങ്കിലും നാടൻ തെങ്ങുകൾക്ക് കായ്ഫലം ഉണ്ടാകാൻ കാലത്താമസം എടുക്കും.
ഗോവിന്ദൻ, കർഷകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |