
പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യകൊടുത്ത ചുട്ടമറുപടിയുടെ പേരാണ് ഓപ്പറേഷൻ സിന്ദൂർ. പഹൽഗാമിൽ ഭാര്യയുടെ, മക്കളുടെ, അമ്മയുടെ മുന്നിൽ വച്ചാണ് നിരപരാധികളായ 26 പേർക്കാണ് ജീവൻ നഷ്ടമായത്. തോക്കിൻ മുനയിൽ ജീവൻ നഷ്ടമായവരിൽ ഇടപ്പള്ളി സ്വദേശി രാമചന്ദ്രനും കൊച്ചി നാവികത്താവളത്തിലെ ലഫ്റ്റനന്റ് വിനയ് നർവാളുമുണ്ട്. ഇന്ത്യൻ വനിതകളുടെ സിന്ദൂരക്കുറിയിൽ വീണ ആ കണ്ണീരിന് പകരം ചോദിക്കാൻ തയ്യാറാക്കിയ ദൗത്യത്തിന് ഓപ്പറേഷൻ സിന്ദൂർ എന്നത് തന്നെയാണ് ഏറ്റവും ശരിയായ പേര്. പാകിസ്ഥാനിലെ ഭീകര താവളങ്ങൾ ഒന്നൊന്നായി തകർത്ത് തരിപ്പണമാക്കിയ വിവരം അറിയിച്ച് ഇന്ത്യൻ ആർമി പങ്കുവച്ച പോസ്റ്റിലും സിന്ദൂരമുണ്ട്. ഭീകരകേന്ദ്രങ്ങൾ മാത്രം ലക്ഷ്യമിട്ട ഓപ്പറേഷൻ സിന്ദൂറിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.
ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് കോട്ടയത്തെ യുവജനങ്ങളുടെ പ്രതികരണങ്ങളിലൂടെ...
ബിഗ് സല്യൂട്ട്
ഓപ്പറേഷൻ സിന്ദൂർ നടപ്പിലാക്കിയ പ്രതിരോധ മന്ത്രാലയത്തിന് ബിഗ് സല്യൂട്ട്. പാക് തീവ്രവാദത്തിന് എതിരെ ഇന്ത്യൻ സൈന്യം നടത്തിയ ഈ നീക്കം ഏറെ സ്വാഗതാർഹമാണ്. തികച്ചും ആസൂത്രിതവും കൃത്യതയുമുള്ള ഒരു നീക്കമായിരുന്നു സിന്ദൂർ. തീവ്രവാദ ഭീകരതയെ ഉന്മൂലനം ചെയ്യാനുള്ള ഇന്ത്യയുടെ അടുത്ത നടപടി എന്തെന്നറിയാനുള്ള ആകാംക്ഷയിലാണ്.
ഗോകുൽ സി. ദിലീപ്
യുവ അദ്ധ്യാപകൻ
സമർത്ഥതയും സാഹസികതയും
ഇന്ത്യയുടെ സേനയുടെ സമർത്ഥതയും സാഹസികതയും ഓപ്പറേഷൻ സിന്ദൂരയിലൂടെ വെളിപ്പെടുത്തപ്പെട്ടു. ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാതിരിക്കട്ടെ. കർശനമായ പരിശോധനയും മുൻകരുതലുകളും അനിവാര്യമാണ്.
ജോമോൻ അമയന്നൂർ ബിരുദ വിദ്യാർത്ഥി
കൃത്യമായ മറുപടി
ഒരുപാട് സ്ത്രീകളുടെ സിന്ദൂരം മായിച്ച് കളഞ്ഞതിന്...ഓപ്പറേഷൻ സിന്ദൂർ എന്ന പേര് തന്നെ നൽകി പാക്കിസ്ഥാന് കൃത്യമായ മറുപടി കൊടുത്തതിൽ ഏറെ സന്തോഷം. രാജ്യത്തിന്റെ തുടർനീക്കം എന്തെന്നറിയുന്നതിനുള്ള ആകാംഷയിലാണ്.
പി.സീലിയ ബാസ്റ്റിൻ കോട്ടയം
ആവശ്യം നിറവേറ്റി
ഇന്ത്യക്കാരെ കൊല്ലാൻ വരുന്ന നരാധമൻമാരെ ഇല്ലായ്മ ചെയ്യുക എന്നുള്ളത് രാജ്യത്തിന്റെ തന്നെ ആവശ്യമാണ്. ഇത് നിറവേറ്റാൻ കേന്ദ്രസർക്കാരും ഇന്ത്യൻ സേനയും മുന്നോട്ടുവന്നതിനെ അങ്ങേയറ്റം അഭിനന്ദിക്കുന്നു.
ദേവിക എസ്,
ചാമക്കാലായിൽ, പാലാ
നമ്മൾ ഒന്ന്
പാക് സേനയെയോ അവിടുത്തെ സാധാരണ ജനങ്ങളെയോ തൊടാതെ ഭീകര കേന്ദ്രങ്ങൾ മുച്ചൂടും തകർക്കാൻ ഇന്ത്യൻ സേന കാണിച്ച കരുത്തിൽ ഓരോ ഭാരതീയനും അഭിമാനം കൊള്ളുകയാണ്. രാജ്യത്തെ ആക്രമിക്കാൻ വരുന്ന ശക്തികൾക്കെതിരെ രാജ്യം ഒന്നാണെന്ന സന്ദേശമുയർത്താൻ കഴിഞ്ഞു.
അനുമോൾ വിപിൻദാസ്,
കരിമുണ്ടയിൽ, മല്ലികശ്ശേരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |