
കോട്ടയം: ഇന്നലെ വൈകിട്ട് നാലോടെ കോട്ടയം കളക്ടറേറ്റിലെ അപായ സൈറണുകൾ മൂന്ന് തവണ ഉച്ചത്തിൽ മുഴങ്ങി. യുദ്ധസമാന അന്തരീക്ഷം. കുതിച്ചെത്തിയ ഫയർഎൻജിനിൽ നിന്ന് ഉദ്യോഗസ്ഥർ ശരവേഗത്തിൽ ചാടിയിറങ്ങി എമർജെൻസി എക്സിറ്റിലെ തീ അണച്ചു. 'വ്യമോക്രമണത്തിൽ തകർന്ന' (സാങ്കൽപികം) ഒന്നാം നിലയിൽ കുടുങ്ങിയവരെ ഏണിയും വടവും ഉപയോഗിച്ച് രക്ഷിച്ച് താഴെയിറക്കി. സൈറൺ മുഴങ്ങിയ ഉടൻ ഓഫീസുകളിലെ ലൈറ്റടക്കമുള്ള ഇലക്ട്രിക് ഉപകരണങ്ങളും ഇലക്‌ട്രോണിക് ഉപകരണങ്ങളും ഓഫാക്കി ഓഫീസ് മുറികൾ അടച്ച് താഴത്തെ നിലയിലെ സുരക്ഷാമുറികളിലേക്ക് ജീവനക്കാർ മാറി. പരിക്കേറ്റവരെ ആശുപത്രികളിലാക്കി. അരമണിക്കൂർ കൊണ്ട് രക്ഷാപ്രവർത്തനം പൂർത്തിയാക്കി ഓൾ ക്ലിയർ സൈറൺ മുഴങ്ങിയതോടെ എല്ലാവരും തിരികെ ഓഫീസുകളിലേക്ക്... കേന്ദ്രസർക്കാരിന്റെ നിർദേശത്തെത്തുടർന്ന് രാജ്യവ്യാപകമായി നടത്തിയ സിവിൽ ഡിഫൻസ് മോക്ഡ്രില്ലിന്റെ ഭാഗമായാണ് കളക്ടറേറ്റിൽ അതിവേഗത്തിൽ സുരക്ഷാകവചം തീർത്ത് ഉദ്യോഗസ്ഥർ നിരന്നത്.
ദുരന്തനിവാരണ അതോറിട്ടിയുടെ സൈറണുകൾ സ്ഥാപിച്ചിട്ടുള്ള കോട്ടയം താലൂക്ക് ഓഫീസ് അടക്കമുള്ള അഞ്ചുസ്ഥലങ്ങളിലും ജില്ലയിലെ നഗരസഭകളിലും സിവിൽ ഡിഫൻസിന്റെ ഭാഗമായി വൈകിട്ട് നാലുമണി മുതൽ നാലരവരെയുള്ള സമയത്ത് മോക്ഡ്രിൽ നടത്തി.
അഗ്നിരക്ഷാസേന, പൊലീസ്, ആരോഗ്യവകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ സിവിൽ ഡിഫൻസ് സേന, ആപ്തമിത്ര എന്നിവരുടെ പങ്കാളിത്തത്തോടെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് കളക്‌ട്രേറ്റിൽ മോക്ഡ്രിൽ സജ്ജമാക്കിയത്.
57 സിവിൽ ഡിഫൻസ് അംഗങ്ങൾ
57 ആപ്ത മിത്രസേനാംഗങ്ങളും 30 അഗ്നിരക്ഷാ ഉദ്യോഗസ്ഥരുമാണ് മോക്ഡ്രില്ലിൽ പങ്കാളിയായത്. കളക്ടർ ജോൺ വി. സാമുവൽ, എ.ഡി.എം എസ്. ശ്രീജിത്ത്, സബ് കളക്ടർ ഡി. രഞ്ജിത്ത്, ഡിവൈ.എസ്പി കെ.ജി. അനീഷ്, ജില്ലാ ഫയർ ഓഫീസർ റെജി വി. കുര്യാക്കോസ്, അഗ്നിരക്ഷാസേന ചങ്ങനാശേരി സ്‌റ്റേഷൻ ഹൗസ് ഓഫീസർ അനൂപ് രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |