SignIn
Kerala Kaumudi Online
Friday, 23 October 2026 11.21 AM IST

ജാഗ്രതാ നിർദേശവുമായി ആരോഗ്യ വിഭാഗം.... വെള്ളം ഇറങ്ങിയപ്പോൾ തലപൊക്കി മഞ്ഞപ്പിത്തം

yellow

കോട്ടയം : വെള്ളപ്പൊക്കത്തിന് ശേഷം ജില്ലയിൽ വിവിധയിടങ്ങളിൽ ഹെപ്പറ്റൈറ്റിസ് എ റിപ്പോർട്ട് ചെയ്തതോടെ ജാഗ്രതാനിർദ്ദേശവുമായി ആരോഗ്യ വിഭാഗം. മലയോര മേഖലയിൽ നേരത്തെ മഞ്ഞപ്പിത്തം വ്യാപകമായി റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും കഴിഞ്ഞ മാസങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിന് ശേഷമാണ് സ്ഥിതി രൂക്ഷമായത്. കുടിവെളളം വഴി പകരുന്ന വൈറൽ ഹെപ്പറ്റൈറ്റിസ് എ, ഇ വിഭാഗങ്ങളാണ് കൂടുതലായി റിപ്പോർട്ട്ചെയ്തിട്ടുള്ളത്. മണർകാട് അടക്കമുള്ള മേഖലകളിൽ നിന്ന് നിരവധിപ്പേരാണ് ചികിത്സ തേടുന്നത്. ശരീരവേദനയോട് കൂടിയ പനി,തലവേദന, ക്ഷീണം,ഓക്കാനം, ഛർദ്ദി തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പിന്നീട് മൂത്രത്തിനും കണ്ണിനും മറ്റ് ശരീര ഭാഗങ്ങളിലും മഞ്ഞനിറം ഉണ്ടാകും. മലിനമായ ജല സ്രോതസുകളിലൂടെയും ശുദ്ധമല്ലാത്ത വെള്ളം ഉപയോഗിച്ച് തയ്യാറാക്കുന്ന ഭക്ഷണ പാനീയങ്ങളിലൂടെയും
രോഗം ബാധിച്ചവരുമായിഅടുത്ത സമ്പർക്കം പുലർത്തുന്നതിലൂടെയുമാണ് രോഗം പകരുന്നത്.

കുടിവെള്ളസ്രോതസുകൾ മലിനം

വെള്ളപ്പൊക്കത്തിന് ശേഷം കുടിവെള്ളസ്രോതസുകൾ മലിനമായതാണ് പൊടുന്നനെ രോഗം വീണ്ടും പടരാൻ കാരണമെന്നാണ് വിലയിരുത്തൽ. വെള്ളമിറങ്ങിയ ശേഷം വൃത്തിയാക്കൽ ഫലപ്രദമായില്ലെന്ന വിലയിരുത്തലുമുണ്ട്.

രോഗപ്പകർച്ച തടയാൻ കരുതലാണ് പ്രധാനം. രോഗമുള്ളവർ ഭക്ഷണം പാചകം ചെയ്യുകയോ വിളമ്പുകയോ ചെയ്യരുത്
കുഞ്ഞുങ്ങളെയും പ്രായമായവരെയും പരിചരിക്കരുത്. രോഗി ഉപയോഗിച്ച പാത്രങ്ങൾ, വസ്ത്രങ്ങൾ എന്നിവ മറ്റുള്ളവർ ഉപയോഗിക്കരുത്. കൈകൾ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകണം. രോഗി പൊതുകുളങ്ങളോ നീന്തൽ കുളങ്ങളോ ഉപയോഗിക്കരുതെന്നും ആരോഗ്യവകുപ്പ് പറയുന്നു.

പ്രതിരോധ മാർഗങ്ങൾ

വ്യക്തിശുചിത്വവും പരിസര ശുചിത്വവും

തിളപ്പിച്ചാറ്റിയ വെളളം മാത്രം കുടിക്കണം

ആഹാര സാധനങ്ങൾ അടച്ചുസൂക്ഷിക്കണം
കിണർ വെള്ളം ക്ലോറിനേറ്റ് ചെയ്യണം.
വഴിയോര ശീതളപാനീയങ്ങൾ കഴിക്കരുത്

'' പ്രതിരോധ പ്രവർത്തനങ്ങൾ തുടക്കത്തിലേ ആരംഭിച്ചാൽ രോഗബാധ തടയാനാകും. ആഘോഷങ്ങൾ, വിനോദയാത്ര, ഉത്സവങ്ങൾ എന്നീ വേളകളിൽ ഭക്ഷണ പാനീയ ശുചിത്വത്തിൽ പ്രത്യേക ശ്രദ്ധ വേണം.

ഡോ.എൻ.പ്രിയ, ജില്ലാ മെഡിക്കൽ ഓഫീസർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL