SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.20 AM IST

ഷെമീനയുടെയും ചിത്രയുടേയും സൗഹൃദത്തിന് റംസാൻ നോമ്പിന്റെ ഊർജ്ജം

s
ഷെമീനയും ചിത്രയും നോമ്പ് മുറിക്കുന്നു

കോട്ടയം: ചങ്ങനാശേരി തൃക്കൊടിത്താനം ഗവ.ഹയർസെക്കൻഡറി സ്കൂളിലെ യു.പി വിഭാഗം അദ്ധ്യാപകരായ ഷെമീന അമീനും ഡോ.വി.എസ്.ചിത്രയും ഉറ്റചങ്ങാതിമാരാണ്. നോമ്പുകാലത്ത് തുള്ളിവെള്ലം പോലും കുടിക്കാതെ ക്ലാസെടുക്കുന്ന ഷെമീനയെ കണ്ട് ചിത്ര തീരുമാനിച്ചു.​ കൂട്ടുകാരിക്ക് കൂട്ടായി നോമ്പെടുക്കും. അങ്ങനെ, റംസാൻ നോമ്പ് ആർദ്രമായ സൗഹൃദത്തിന് കൂടി ഊർജ്ജമാവുകയാണ്.
വെഞ്ഞാറമ്മൂട് സ്വദേശിയായ ചിത്ര 2022ൽ ട്രാൻസ്ഫറായി സ്കൂളിലെത്തിയപ്പോൾ മൊട്ടിട്ട ചങ്ങാത്തമാണ്. ചിത്ര സംസ്കൃതാദ്ധ്യാപിക,​ ഷെമീന ഇംഗ്ളീഷ് ടീച്ചറും. ഉച്ചയൂണും നാലുമണിക്കാപ്പിയുമെല്ലാം ഒരുമിച്ച്. രാവിലെ പ്രാതലുണ്ടാക്കാൻ ആരെങ്കിലും വൈകിയാൽ അതും കരുതുന്നത്ര ബന്ധം. കളിഞ്ഞവർഷങ്ങളിൽ ഷെമീന നോമ്പെടുക്കുന്നത് കണ്ടതാണ് ചിത്രയുടെ മനസിനെ സ്വാധീനിച്ചത്.

ആഗ്രഹം പറഞ്ഞു, പിന്നെ

തനിക്കും നോമ്പെടുക്കണമെന്ന ആഗ്രഹം ചിത്ര ഷെമീനയോട് പങ്കുവെയ്ക്കുകയായിരുന്നു. വിശപ്പിനെപ്പറ്റി ആശങ്കയുന്നയിച്ചെങ്കിലും ചിത്രയുടെ നിർബന്ധത്തിന് ഒടുവിൽ വഴങ്ങി. നോമ്പിന്റെ രീതികൾ ഷെമീന പറഞ്ഞുകൊടുത്തു. അതിരാവിലെ എണീറ്റ് കഴിക്കും. സ്കൂളിൽ നിന്ന് വീട്ടിലെത്തിയാൽ വാങ്ക് വിളിക്കുമ്പോഴേയ്ക്കും ഷമീനയുടെ വിളിയും ചിത്രയ്ക്കെത്തും. ചിലസമയങ്ങളിൽ ഒരുമിച്ച് നോമ്പുമുറിക്കും. മുറിയാത്ത സൗഹൃദത്തിന് മുന്നിൽ തളർച്ചയും ക്ഷീണവും പ്രശ്നമേയല്ല. ആദ്യനോമ്പനുഭവത്തിൽ ചിത്ര അടിമുടി സന്തോഷത്തിലാണ്. നോമ്പിലാണെന്ന് പറഞ്ഞപ്പോൾ മക്കളും പിന്തുണച്ചു. നോമ്പുതുറയ്ക്കുള്ള വിഭവങ്ങൾ വാങ്ങിക്കൊടുക്കാനും അവർ മുന്നിലുണ്ട്.

എല്ലാ വിശ്വാസങ്ങളോടും ബഹുമാനമാണ്. ഏറ്റവും സ്നേഹമുള്ള സുഹൃത്തിനൊപ്പം നോമ്പെടുക്കുമ്പോൾ ആനന്ദം ഇരട്ടിയാണ്. ഡോ.വി.എസ്.ചിത്ര

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL