SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.24 AM IST

ചുവപ്പുകോട്ടയിൽ വിള്ളൽ വീഴുമോ ?

കോട്ടയം : ഐതിഹാസികമായ വൈക്കം സത്യഗ്രഹത്തിലൂടെ ഭാരത നവോത്ഥാന ചരിത്രത്തിന്റെ ഭാഗമായ വൈക്കം.
എന്നും ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുള്ള മണ്ഡലം. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും വൈക്കം മാത്രമായിരുന്നു ഇടതിനൊപ്പം നിന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലും ഇത് ആവർത്തിച്ചു. എന്നാൽ വർഷങ്ങളായിചെങ്കൊടി പുതച്ച് നിൽക്കുന്ന വൈക്കത്തിന്റെ മണ്ണിൽ ഇത്തവണ മാറ്റത്തിന്റെ കാറ്റ് വീശുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

സി.പി.ഐ വിട്ട മുൻ എം.എൽ.എ കെ.അജിത്താണ് എൻ.ഡിഎ സ്ഥാനാർത്ഥി. വ്യക്തിബന്ധവും, പാർട്ടിവോട്ടുകളിൽ വിള്ളൽ വീഴ്ത്താനുമായാൽ ജയിച്ച് കയറാമെന്നാണ് ആത്മവിശ്വാസം. തലയാഴം പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.ബിനിമോനാണ് യു.ഡി.എഫിനായി കളത്തിലിറങ്ങിയിരിക്കുന്നത്. എങ്ങനെയും മണ്ഡലം പിടിച്ചെടുക്കുകയാണ് ലക്ഷ്യം. 2016 ലും, 2021 ലും സി.കെ.ആശയായിരുന്നു എം.എൽ.എ. മൂന്നാംടേം ഒഴിവാക്കിയതോടെയാണ് ആശയ്ക്ക് പകരം പി.പ്രദീപ് ഇടത് സ്ഥാനാർത്ഥിയായത്. സണ്ണി എം.കപിക്കാട് യു.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്ന ആദ്യാവസാനം പ്രചാരണമുണ്ടായിരുന്നു.

പടലപ്പിണക്കം മുതലാക്കാൻ

സമീപകാലത്ത് വൈക്കം മേഖലയിൽ സി.പി.ഐയിലുണ്ടായ പടലപ്പിണക്കങ്ങൾ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ - യു.ഡി.എഫ് ക്യാമ്പ്. ഇടതുവോട്ടുകൾ ഭിന്നിച്ചാൽ അത് ആരിലേക്ക് പോകുമെന്നതാണ് ഫലം നിർണയിക്കുക.

1977 മുതൽ സംവരണ മണ്ഡലമാണ് വൈക്കം. 1991 ൽ കോൺഗ്രസ് സ്ഥാനാർത്ഥി വിജയിച്ചെങ്കിലും 1996 മുതൽ സി.പി.ഐ വൈക്കം കുത്തകയാക്കി വച്ചിരിക്കുകയാണ്. വൈക്കം നഗരസഭയും കല്ലറ, വെച്ചൂർ, തലയാഴം ,ടിവി പുരം, ഉദയനാപുരം, ചെമ്പ് , തലയോലപ്പറമ്പ്, വെള്ളൂർ മറവൻതുരുത്ത്പഞ്ചായത്തുകൾ ചേരുന്നതാണ് മണ്ഡലം. 6 പഞ്ചായത്തുകളിൽ എൽ.ഡി.എഫും, വൈക്കം നഗരസഭയും മൂന്ന് പഞ്ചായത്തുകളും യു.ഡി.എഫുമാണ് ഭരിക്കുന്നത്. മറവൻതുരുത്തിൽ ഇരുമുന്നണികൾക്കും തുല്യ സീറ്റാണ് ലഭിച്ചത്.

നിർണായകം

കർഷക, മത്സ്യ, ചെത്തുതൊഴിലാളികൾ തിങ്ങി നിറഞ്ഞ പ്രദേശം

ഈഴവ ,ദളിത് വോട്ടുകൾ മണ്ഡലത്തിൽ നിർണായകമാണ്

പി.പ്രദീപ്

എ.ഐ.എസ്..എഫിലൂടെ രാഷ്ട്രീയ രംഗത്തെത്തി. ജില്ലാ സെക്രട്ടറിയും, സംസ്ഥാന എക്സിക്യുട്ടീവ് അംഗവുമായിരുന്നു. സി . പിഐ ജില്ലാ എക്സിക്യുട്ടീവ് അംഗം ,സ്കൂൾ പാചക തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി )സംസ്ഥാന വൈസ് പ്രസിഡന്റ് എഐ .ഡി.ആർ.എം ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു.

കെ.ബിനിമോൻ

കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിലെത്തി. കെ.എസ്.യു ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമായി.കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, വൈക്കം ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിക്കുന്നു. തലയാഴം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. നിയമസഭയിലേക്ക് ആദ്യ മത്സരം.

കെ.അജിത്ത്

വൈക്കം മുൻ എം.എൽ.എ എം.കെ.കേശവന്റെ മകനാണ്. 2006 ലും, 2011 ലും വൈക്കം എം.എൽ.എയായിരുന്നു. സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ്അംഗം, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി, എ.ഐ.ടി.യുസി സംസ്ഥാന കൗൺസിൽ അംഗം, ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ ബി.ജെ.പി സംസ്ഥാന സമിതി അംഗം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL