SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.19 AM IST

ആരടാ വലിയവൻ, മാണി - ജോസഫ് പോരാട്ടം മുറുകി

ele

കോട്ടയം : പരമ്പരാഗതവൈരികളായ കേരള കോൺഗ്രസ് (എം) , ജോസഫ് ഗ്രൂപ്പുകൾ ജില്ലയിൽ ഏറ്റുമുട്ടുന്ന കടുത്തുരുത്തി, ചങ്ങനാശേരി മണ്ഡലങ്ങളിൽ പോരാട്ടം മുറുകി. നിലവിലെ സീറ്റ് നിലനിറുത്തുകയെന്നത് ഇരുകേരള കോൺഗ്രസുകൾക്കും പ്രസ്റ്റീജാണ്. ജില്ലയിലെ ഒമ്പത് സീറ്റിൽ അഞ്ചിടത്ത് മത്സരിക്കുന്നത് കോൺഗ്രസും, മാണി ഗ്രൂപ്പുമാണ്. സി.പി.എം മൂന്നും, സി.പി.ഐ ഒരിടത്തും മത്സരിക്കുന്നു. നിലവിലുള്ള മൂന്നുസീറ്റ് നിലനിറുത്തുന്നതിന് പുറമേ പാലായിൽ ജോസ് കെ. മാണിയെക്കൂടി വിജയിപ്പിച്ച് കരുത്തു തെളിയിക്കേണ്ടത് മാണി ഗ്രൂപ്പിന് ആവശ്യമാണ്. പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിൽ എതിരാളികൾ കോൺഗ്രസുകാരാണ്. പാലായിൽ മാണി സി.കാപ്പനും. കടുത്തുരുത്തിയിൽ സിറ്റിംഗ് എം.എൽ.എ മോൻസ് ജോസഫ് നേരിടുന്നത് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മിയെയാണ്. ചങ്ങനാശേരിയിൽ മാണി ഗ്രൂപ്പിന്റെ സിറ്റിംഗ് എം.എൽ.എ ജോബ് മൈക്കിളിനെതിരെ ജോസഫ് ഗ്രൂപ്പിലെ വിനു ജോബാണ് കളത്തിൽ. എൻ.ഡി.എയുടെ രാധാകൃഷ്ണമേനോനും കളത്തിൽ ഇറങ്ങിയതോടെ ത്രികോണ പോരാട്ടമായി.

2021 ലെ തിരഞ്ഞെടുപ്പിൽ കടുത്തുരുത്തിയിൽ മാണി ഗ്രൂപ്പ് നേതാവ് സ്റ്റീഫൻ ജോർജിനെ 4256 വോട്ടുകൾക്കാണ് മോൻസ് ജോസഫ് പരാജയപ്പെടുത്തിയത്. ചങ്ങനാശേരിയിൽ ജോസഫ് ഗ്രൂപ്പിലെ വി.ജെ.ലാലിയ്ക്കെതിരെ 6059 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു ജോബ് മൈക്കിളിന്. ഇരു എം.എൽഎമാരും മണ്ഡലത്തിലെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് പ്രചാരണം. കടുത്തുരുത്തിയിൽ 2021ൽ ബി.ജെ.പിയുടെ ലിജിൻലാൽ11670 വോട്ടുകൾ നേടിയപ്പോൾ, ചങ്ങനാശേരിയിൽ ബി.ജെ.പിയുടെ ജി.രാമൻനായർ 14491 വോട്ടുകൾ പിടിച്ചിരുന്നു. ഇത്തവണ കടുത്തുരുത്തിയിൽ ബി.ഡി.ജെ.എസിന്റെ സുരേഷ് ഇട്ടിക്കുന്നേലും, ചങ്ങനാശേരിയിൽ ബി.ജെപി നേതാവ് രാധാകൃഷ്ണമേനോനുമാണ് എതിരാളികൾ. ഇരുവരും പിടിക്കുന്ന വോട്ടുകൾ ജയപരാജയം തീരുമാനിക്കുന്നതിൽ നിർണായകമാകും.

ഏറ്റുമാനൂരിൽ ബലാബലം

സി.പി.എം, കോൺഗ്രസ് നേരിട്ടുള്ള മത്സരം കോട്ടയം, പുതുപ്പള്ളി, ഏറ്റുമാനൂർ മണ്ഡലങ്ങളിലാണ്. 2021ൽ പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയും, കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനിലൂടെയും കോൺഗ്രസ് ഇരുസീറ്റുകളും നിലനിറുത്തിയിരുന്നു. ഇത്തവണ ജില്ലയിലെ സ്റ്റാർ പോരാട്ടം ഏറ്റുമാനൂരിലാണ്. ജനകീയ പരിവേഷമുള്ള വി.എൻ.വാസവനെ നേരിടുന്നത് ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷാണ്. ഇതോടെ ഫലം പ്രവചനാതീതമായി. കഴിഞ്ഞ തവണ

ജോസഫ് വിഭാഗം സ്ഥാനാർത്ഥി പ്രിൻസ് ലൂക്കോസിനെയാണ് വാസവൻ തോൽപ്പിച്ചത്. ഇത്തവണ മണ്ഡലം കൈപ്പിടിയിലൊതുക്കയെന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് സീറ്റെടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL