SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.47 AM IST

റബറിനോട് പ്രേമം, അന്നം തരുന്ന നെൽക്കർഷകരോട് പുച്ഛം, എന്താ സാറേ ഇങ്ങനെ ..!

റബറിന് അൽപ്പം വില കുറഞ്ഞാൽ സകല രാഷ്ടീയ പാർട്ടികളും ചില സമുദായ സംഘടനകളും രംഗത്തെത്തും. നാട്ടുകാരുടെ വയറ് നിറക്കാൻ ചോര നീരാക്കുന്ന പാവപ്പെട്ട നെൽകർഷകരുടെ കാര്യം പറയാൻ മാത്രം ആരുമില്ല. കൊയ്തു കഴിഞ്ഞ് പാടത്ത് കൂട്ടിയിട്ട നെല്ല് വിൽക്കാൻ മില്ലുകാരുടെ മുന്നിൽ കർഷകർ കൈകൂപ്പി യാചിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. വർഷത്തിൽ രണ്ട് കൊയ്ത്താണുള്ളത്. ഓരോ കൊയ്‌ത്തു കഴിയുമ്പോഴും സ്വകാര്യ മില്ലുകാരുടെ കഴുത്തറപ്പൻ ചൂക്ഷണം ആവർത്തിക്കുന്നതിന് ബന്ധപ്പെട്ടവർ ചൂട്ടു പിടിച്ചു കൊടുക്കുകയാണ്. പാവപ്പെട്ട നെൽക്കർഷകരോട് മാത്രം എന്തിനാണ് ഈ അയിത്തമെന്ന് ചോദിക്കുകയാണ് ചുറ്റുവട്ടം.

പത്തു ലക്ഷത്തിൽ താഴെ ആളുകളേ റബർ കൃഷി ചെയ്യുന്നുള്ളൂ. നെൽക്കർഷകർ ഇതിന്റെ പതിന്മടങ്ങ് വരും. എന്നിട്ടും നെൽകർഷകർക്ക് തല്ലും വ്യവസായ ഉത്പന്നം നിർമിക്കുന്ന റബർ കർഷകർക്ക് തലോടലുമാണ്.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പേ നെല്ല് സംഭരിക്കാതെ കെട്ടിക്കിടക്കാൻ തുടങ്ങിയിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞിട്ടും ആ സ്ഥിതിക്ക് മാറ്റമില്ല. 30 രൂപ സർക്കാർ പ്രഖ്യാപിച്ച ഒരു കിലോ നെല്ലിന് 15 രൂപ വരെ കിഴിവ് സ്വകാര്യമില്ലുകൾ ആവശ്യപ്പെടുന്നത് അവസാനിപ്പിച്ച് മില്ലുകാരെ വരുതിയിൽ നിറുത്താൻ ഒരു സർക്കാരിനും കഴിയാതെ വരുമ്പോൾ കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാവുകയാണ് പാവം കർഷകർ.

ഒരു കിലോ നെല്ല് ഉത്പാദിപ്പിക്കാൻ 25- 30 രൂപ ചെലവ് വരുമ്പോഴാണ് കിഴിവ് കുറച്ച് 15 രൂപയ്ക്ക് എടുക്കാമെന്നു മില്ലുകാർ പറയുന്നത് . ആദ്യം നോ പറയുന്ന കർഷകർ മഴയിൽ നശിക്കാതിരിക്കാൻ 15 രൂപയിൽ താഴെ വിലയ്ക്ക് വരെ നെല്ല് മില്ലുകാർക്കു നൽകാൻ നിർബന്ധിതരാവുന്ന സാഹചര്യം എന്നവസാനിക്കുമെന്ന ചോദ്യത്തിന് ഉത്തരമില്ല. നാടു മുഴുവൻ സർക്കാർ മില്ലുകൾ ആരംഭിച്ചു സ്വകാര്യ മില്ലുകാരുടെ ചൂക്ഷണം അവസാനിപ്പിക്കുമെന്ന് വിവിധ മുന്നണികൾ പ്രകടന പത്രികയിൽ പറയുമ്പോഴും ആവശ്യത്തിന് ഗോ‌ഡൗൺ സൗകര്യം പോലുമില്ലാതെയാണ് കടലാസു പ്രഖ്യാപനം നടത്തുന്നതെന്ന് മില്ലുകാർക്കും അറിയാം.

സപ്ലൈക്കോ സ്വകാര്യമില്ലുകളെ ഉപയോഗിച്ചു നടത്തുന്ന നെല്ല് സംഭരണത്തിൽ ഉടൻ പണമല്ല രസീതാണ് കൊടുക്കുന്നത്. ഇതുമായി ബാങ്കുകയറിമടുക്കും. പണം കിട്ടാൻ കുറഞ്ഞത് ആറുമാസമെടുക്കും. അപ്പോൾ അടുത്ത കൃഷിയാകും. നിലം തരിശിടാൻ ആവാത്ത കർഷകർ കടം വാങ്ങി പിന്നെയും കൃഷി ചെയ്യും. കടംകൂടി നെൽക്കർഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്ന ഈപൊറാട്ടു നാടകത്തിന് അടുത്തകാലത്തെങ്ങാനും തിരശീല വീഴുമോ എന്നാണ് ചുറ്റുവട്ടത്തുള്ളവർക്ക് ചോദിക്കാനുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL