SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.47 AM IST

ക്ഷീരമേഖലയിൽ പ്രതിസന്ധി രൂക്ഷം... കാലിത്തീറ്റയ്‌ക്ക് തീവില തീച്ചൂളയിൽ കർഷകർ

milk

കോട്ടയം : കനത്ത ചൂടിൽ പച്ചപ്പുല്ല് കിട്ടാനില്ല, കാലിത്തീറ്റ വിലയും കുതിക്കുന്നു. ഒപ്പം പാലുത്പാദനവും കുറഞ്ഞതോടെ ഗതികെട്ട അവസ്ഥയിലാണ് ക്ഷീരകർഷകർ. സ്വകാര്യ കമ്പനികളുടെ 50 കിലോഗ്രാം ചാക്ക് കാലിത്തീറ്റയ്ക്ക് 1500 രൂപയ്ക്ക് മുകളിലാണ് വില. പച്ചപ്പുല്ലിന് ക്ഷാമം നേരിട്ടതോടെ വൈക്കോൽ കൊടുത്താണ് പല ക്ഷീരകർഷകരും പശുക്കളുടെ ജീവൻ നിലനിറുത്തുന്നത്. 20 കിലോ റോൾ വൈക്കോലിന് 240 - 260 രൂപ വരെയാണ് വില. ഡിമാൻഡ് കൂടിയതോടെ വരുംദിവസങ്ങളിൽ വില ഉയർന്നേക്കുമെന്നാണ് ആശങ്ക. പശുക്കൾക്ക് വിശപ്പകറ്റാമെന്നല്ലാതെ വൈക്കോൽ നൽകിയാൽ പാൽ ഉത്പാദനത്തിൽ വർദ്ധനയുണ്ടാകില്ല. വൈക്കോൽ തിന്നാനും മടിക്കുന്നു. എള്ളിൻ പിണ്ണാക്ക്, പരുത്തിപ്പിണ്ണാക്ക്, പരുത്തിക്കുരു, തവിട് എന്നിവയുടെ വിലയും വർദ്ധിച്ചു. 15 ലിറ്റർ പാൽ തരുന്ന പശുവിന് തീറ്റയ്ക്കും മറ്റുമായി ദിനംപ്രതി 500 രൂപയോളം ചെലവ് വരുമെന്ന് കർഷകർ പറയുന്നു.

പശുക്കളെ വിറ്റഴിക്കാനും ശ്രമം

വേനൽ കടുത്തതോടെ കുടിവെള്ള ലഭ്യതയും കുറഞ്ഞു. ഒരു പശുവിന് പ്രതിദിനം കുറഞ്ഞത് 100 ലിറ്റർ എന്ന തോതിൽ വെള്ളം നൽകണമെങ്കിലും അതിനുള്ള പാങ്ങും ചെറുകിട കർഷകർക്കില്ല. ചൂട് കൂടുന്നതിനനുസരിച്ചുള്ള സൗകര്യങ്ങൾ കൂടുകളിൽ ഒരുക്കണമെങ്കിലും ചെലവേറെയാണ്. തൊഴുത്തിനു പുറത്തെത്തിച്ച് പശുക്കളെ വളരെ നേരം മേയ്ക്കാനുമാകില്ല. കൂടുതൽ നേരം വെയിലത്തുനിൽക്കുന്ന കന്നുകാലികൾക്ക് രോഗങ്ങൾ പിടിപെടുന്നുണ്ട്. പ്രതിസന്ധി മുന്നിൽക്കണ്ട് പശുക്കളെ വിറ്റൊഴിവാക്കാനുള്ള ശ്രമം നടത്തുന്ന കർഷകരുമുണ്ട്.

 ചൂടിൽ ചത്തത് : 2 പശുക്കൾ

നഷ്ടം സഹിച്ച് മടുത്തു

മൃഗചികിത്സാ ചെലവ് വർദ്ധന

 തീറ്റപ്പുൽ വളർത്താൻ സ്ഥലമില്ല

പരിപാലന ചെലവ് കൂടിയത്

പാലിന്റെ വിലക്കുറവ്

'' നിലവിലെ സാഹചര്യത്തിൽ ലീറ്ററിന് 50 രൂപയെങ്കിലും കർഷകന് ലഭിച്ചാലേ ഈ മേഖലയിൽ പിടിച്ചുനിൽക്കാനാകൂ. ജോസഫ് ചാക്കോ, അയർക്കുന്നം (ക്ഷീരകർഷകൻ)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL