SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.46 AM IST

വോട്ടെണ്ണൽ 5 കേന്ദ്രങ്ങളിൽ

ele

കോട്ടയം : ജില്ലയിൽ നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു. വോട്ടെണ്ണൽ നാലിന് രാവിലെ 8 ന് ആരംഭിക്കും. അഞ്ച് കേന്ദ്രങ്ങളിലാണ് ഒൻപത് നിയോജക മണ്ഡലങ്ങളിലെ വോട്ടുകൾ എണ്ണുക. രാവിലെ 7.30 ഓടെ സ്ഥാനാർത്ഥികളുടെയോ അവരുടെ അംഗീകൃത പ്രതിനിധികളുടെയോ സാന്നിധ്യത്തിൽ സ്‌ട്രോംഗ് റൂം തുറക്കും. എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും.
ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക. 8.30 ന് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകളും എണ്ണിത്തുടങ്ങും. പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തീർന്ന ശേഷമേ ഇ.വി.എമ്മുകളിലെ അവസാന രണ്ട് റൗണ്ടുകൾ എണ്ണുകയുള്ളൂ. വോട്ടുകൾ എണ്ണുന്നതിന് ആകെ 126 മേശകളാണ് ക്രമീകരിച്ചിട്ടുള്ളത്. തപാൽ വോട്ടുകൾ എണ്ണുന്നതിന് 54 മേശകളുണ്ട്. ഇ.ടി.പി.ബി.എസ് (ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് മാനേജ്‌മെന്റ് സിസ്റ്റം) മുഖേനയുള്ള വോട്ടുകൾ എണ്ണുന്നതിന് ഓരോ ടേബിളുകൾ വീതമാണുള്ളത്. വോട്ടെണ്ണൽ നടക്കുന്ന എല്ലാ മേശകളും കാണത്തക്ക രീതിയിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

നിയമസഭാ മണ്ഡലങ്ങളും വോട്ടെണ്ണൽ കേന്ദ്രങ്ങളും
പാലാ, കടുത്തുരുത്തി കാർമൽ പബ്ലിക് സ്‌കൂൾ പാലാ.
ചങ്ങനാശേരി, പുതുപ്പള്ളി എസ്.ബി ഹയർ സെക്കൻഡറി സ്‌കൂൾ, ചങ്ങനാശേരി
ഏറ്റുമാനൂർ, കോട്ടയം എം.ഡി സെമിനാരി ഹയർ സെക്കൻഡറി സ്‌കൂൾ, കോട്ടയം
പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി സെന്റ് ജോർജ് കോളേജ്, അരുവിത്തുറ.
വൈക്കം ബസേലിയോസ് കോളേജ്, കോട്ടയം

732 ഉദ്യോഗസ്ഥർ
ഒൻപത് മണ്ഡലങ്ങളിലുമായി വോട്ടെണ്ണുന്നതിന് ആകെ 732 ഉദ്യോഗസ്ഥർ. വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകൾ എണ്ണുന്നതിന് 153 വീതം മൈക്രോ ഓബ്‌സർമാരും കൗണ്ടിംഗ് സൂപ്പർവൈസർമാരും കൗണ്ടിംഗ് അസിസ്റ്റന്റുമാരുമുണ്ട്. തപാൽ വോട്ടുകൾ എണ്ണുന്നതിന് 273 ഉദ്യോഗസ്ഥർ. വോട്ടെണ്ണലിൽ ഓരോ ഉദ്യോഗസ്ഥരുടെയും ചുമതലയും ഇവരെ നിയോഗിക്കുന്ന മണ്ഡലവും തീരുമാനിക്കുന്ന ആദ്യ രണ്ട് റാൻഡമൈസേഷനുകൾ പൂർത്തിയായി. 4 ന് രാവിലെ 5ന് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ എത്തുന്ന ഉദ്യോഗസ്ഥരുടെ മേശ തീരുമാനിക്കുന്ന മൂന്നാമത്തെ റാൻഡമൈസേഷൻ കേന്ദ്ര നിരീക്ഷകന്റെ സാന്നിധ്യത്തിൽ വരണാധികാരി നിർവഹിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL