SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.47 AM IST

എൽ.ഡി.എഫിൽ കാലുവാരൽ ആക്ഷേപം...... യു.ഡി.എഫ് കെട്ടുറപ്പിൽ  തകർന്നടിഞ്ഞ് ഇടത് 

udf

കോട്ടയം : ജില്ലയിൽ ഇടതുപക്ഷത്തിന്റെ സമ്പൂർണ പരാജയത്തിന് പിന്നിൽ ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണത്തിനപ്പുറം മുമ്പൊരിക്കലുമില്ലാത്ത ' ടീം യു.ഡി.എഫ് ' കെട്ടുറപ്പ്. പത്തുവർഷം അധികാരത്തിന് പുറത്തു നിന്നതിനാൽ ജയം മാത്രമായിരുന്നു എല്ലാവരുടെയും ലക്ഷ്യമെന്നതിനാൽ കാലുവാരലുണ്ടായില്ല. എൽ.ഡി.എഫിൽ എന്നാൽ സ്ഥിതി മറിച്ചായിരുന്നു. പാർട്ടി കോട്ടകളിൽപ്പോലും ലീഡ് നേടാനായില്ല.

യു.ഡി.എഫ് ജയിച്ച ഒമ്പത് സീറ്റിൽ വൈക്കം, പാലാ മണ്ഡലങ്ങളിൽ മാത്രമായിരുന്നു 1000 നും, 3000 നും താഴെ ഭൂരിപക്ഷത്തിൽ ജയം. 1360 വോട്ടുകൾക്ക് വൈക്കത്ത് കോൺഗ്രസിലെ കെ.ബിനിമോൻ സി.പി.ഐയിലെ പി.പ്രദീപിനെയും, പാലായിൽ ജോസ് കെ.മാണിയെ 2991 വോട്ടുകൾക്ക് മാണി സി.കാപ്പനും തോൽപ്പിച്ചതിന് പിന്നിൽ ഇടതുപക്ഷത്തെ വോട്ടുചോർച്ചയെന്ന ആരോപണം ശക്തമാണ്.

കത്തോലിക്ക സഭ ആശീർവദിച്ച് മത്സര രംഗത്തിറക്കിയ എം.ജെ.സെബാസ്റ്റ്യൻ (പൂഞ്ഞാർ), പ്രൊഫ.റോണി കെ.ബേബി (കാഞ്ഞിരപ്പള്ളി), വിനു ജോബ് (ചങ്ങനാശേരി) എന്നിവർ സിറ്റിംഗ് എം.എൽ.എമാരായ സെബാസ്റ്റ്യൻ കുളത്തുങ്കൽ, ഡോ.എൻ.ജയരാജ്, ജോബ് മൈക്കിൾ എന്നിവരെ തോൽപ്പിച്ചത് 5000 - 9000 നും ഇടയിൽ വോട്ടുകൾക്കാണ്. ഈ മൂന്നു സീറ്റിലും എൽ.ഡി.എഫ് പ്രതീക്ഷവച്ച് പുലർത്തിയെങ്കിലും ഒത്തൊരുമയോടെയുള്ള പ്രവർത്തനം സി.പി.എം - കേരള കോൺഗ്രസ് (എം) പ്രവർത്തകരിൽ നിന്നുണ്ടായില്ല. കടുത്തുരുത്തി, കോട്ടയം, പുതുപ്പള്ളി മണ്ഡലങ്ങളിലാണ് 30,000 - 53,000 നും ഇടയിൽ ഭൂരിപക്ഷമാണ് മോൻസ് ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ എന്നിവർക്ക് ലഭിച്ചത്.

എല്ലായിടത്തും പിന്നിലായി വാസവൻ

ഏറ്റുമാനൂരിൽ മന്ത്രി വി.എൻ.വാസവൻ 5000 ൽ താഴെ വോട്ടുകൾക്ക് ജയിക്കുമെന്നായിരുന്നു സി.പി.എം ഉറച്ചു വിശ്വസിച്ചിരുന്നതെങ്കിലും 19752 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ ജയം. ജോസഫ് വിഭാഗത്തിന്റെ സീറ്റ് കോൺഗ്രസ് പിടിച്ചെടുത്തിട്ടും കാലുവാരൽ ഉണ്ടായില്ല. സി.പി.എം വോട്ടുബാങ്കിൽ വലിയചോർച്ച ഉണ്ടായെന്നാണ് എല്ലാ പഞ്ചായത്തിലും പിന്നിലാകാൻ കാരണം. ന്യൂനപക്ഷ വോട്ട് ഏകീകരണത്തിനൊപ്പം ഈഴവ, നായർ വോട്ടുകൾ ഭിന്നിച്ചതും പരാജയകാരണമായി.

എൻ.ഡി.എ വോട്ടുകൾ കൂടി

എൻ.ഡി.എ വോട്ടിംഗ് ശതമാനം കൂടിയ മണ്ഡലങ്ങളിൽ ഇടതുവോട്ടുകൾ ബി.ജെപിയിലേക്ക് മറിയുന്നതിന്റെ സൂചനയാണ് നൽകുന്നത്. വരുംകാല തിരഞ്ഞെടുപ്പുകളിലും ഇത് എൽ.ഡി.എഫിനാകും കൂടുതൽ ദോഷമാകുക.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL