SignIn
Kerala Kaumudi Online
Saturday, 16 May 2026 4.03 AM IST

അനധികൃത മണ്ണെടുപ്പ് വീടുകൾക്ക് ഭീഷണി...., തുരന്നെടുക്കുന്നു, അടിത്തറയിളകും

mannedup

കോട്ടയം : നിയമങ്ങളെ നോക്കുകുത്തിയാക്കി ജില്ലയിൽ മണ്ണ് മാഫിയ ഭൂമിയിടിച്ച് നിരത്തുന്നതോടെ നിരവധി വീടുകൾ ബലക്ഷയ ഭീഷണിയിൽ. ഏറ്റുമാനൂർ പുന്നത്തുറമേഖലയിലാണ് മണ്ണെടുപ്പ് വ്യാപകം. തുടർച്ചയായ മണ്ണെടുപ്പിലൂടെ സമീപത്തെ വീടുകൾ എല്ലാം അപകടഭീഷണിയിലാണ്. കുത്തനെ ചെരിഞ്ഞ പ്രദേശമായതിനാൽ മഴക്കാലത്ത് മണ്ണിടിച്ചിൽ സാദ്ധ്യതയുമുണ്ട്. ഇനിയും തുടർന്നാൽ വീടുകൾ ഇടിഞ്ഞുവീഴുന്ന സ്ഥിതിയാണ്. ടോറസുകളിലും ടിപ്പറുകളിലുമായി ലോഡ് കണക്കിന് മണ്ണാണ് ഇവിടെ നിന്ന് കടത്തുന്നത്.

മണ്ണെടുപ്പ് ആരോപിച്ച് പുന്നത്തുറ വെസ്റ്റ് വെളുത്തേടത്ത് വീട്ടിൽ വി.ആർ മോഹനൻ ആർ.ഡി.ഒയ്ക്ക് പരാതി നൽകി. ജെ.സി.ബിയും ഹിറ്റാച്ചിയും ഉപയോഗിച്ച് ഏകദേശം ആറടി താഴ്ചയിൽ 25 സെന്റ് സ്ഥലത്ത് നിന്ന് മണ്ണ് നീക്കം ചെയ്തു. വീണ്ടും മണ്ണെടുപ്പിനായി എത്തിയപ്പോൾ കുടുംബാംഗങ്ങൾ തടഞ്ഞതോടെ വാക്കുതർക്കവും സംഘർഷവും ഉണ്ടായി. പ്രതിഷേധത്തെ തുടർന്ന് മണ്ണെടുപ്പ് താത്കാലികമായി നിറുത്തി. നെടുംകുന്നം വീരൻമലയിൽ അനധികൃത മണ്ണെടുപ്പിനെതിരെ ജനങ്ങൾ പ്രതിഷേധ സമരത്തിലാണ്. കുറഞ്ഞ വിലയ്ക്ക് തണ്ണീർത്തടങ്ങളും റബർ തോട്ടങ്ങളും വാങ്ങിയ ശേഷമാണ് മണ്ണിടിക്കലും നികത്തലും. തുടർന്ന് പ്ലോട്ടുകളാക്കി വിൽക്കും.

കെട്ടിട നിർമ്മാണത്തിന്റെ മറവിൽ

പഞ്ചായത്തിൽ നിന്ന് ബിൽഡിംഗ് പെർമിറ്റ്, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിൽ നിന്നുള്ള അനുമതി എന്നിവയുടെ മറവിൽ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് മണ്ണ് മാഫിയയുടെ തേരോട്ടം. പഞ്ചായത്തിൽ കെട്ടിട നിർമ്മാണത്തിനും മണ്ണെടുക്കാനും വില്ലേജ് ഓഫീസ്, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് എന്നിവിടങ്ങളിലും അപേക്ഷ നല്കണം. തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് അനുമതി നൽകും. ഒരു ലോഡിന് നിശ്ചിത തുക റോയൽറ്റിയായി സർക്കാരിനടയ്ക്കണം. എന്നാൽ ഈ നിബന്ധനകളെല്ലാം കാറ്റിൽപ്പറത്തുകയാണ്. വീട് നിർമ്മാണത്തിന് അനുമതി വാങ്ങി മണ്ണ് നീക്കം ചെയ്ത ശേഷം നിർമ്മാണം നടത്തിയില്ലെങ്കിൽ പിഴ ഈടാക്കാൻ നിയമം ഉണ്ടെകിലും നടപ്പാകുന്നില്ല.

പാസിംഗ് ലോഡും നോക്കുകുത്തി

അമിത ഭാരം ഒഴിവാക്കാൻ സർക്കാർ നിശ്ചയിച്ച പാസിംഗ് ലോഡ് സംവിധാനവും നോക്കുകുത്തിയായി. വലിയ വാഹനങ്ങൾക്ക് 600 അടി മണ്ണ് വരെയും ചെറിയവയ്ക്ക് 150 അടിവരെയുമാണ് അനുമതി. എന്നാൽ ഇതൊന്നും പാലിക്കപ്പെടുന്നില്ല.

വലിയ ലോറിയിൽ ഒരു ലോഡ് മണ്ണ് : 12000 രൂപ വരെ

ചെറിയ ലോറികൾക്ക് 3000 രൂപ വരെ


''സാമ്പത്തികവും രാഷ്ട്രീയപരവുമായ സ്വാധീനം ഉപയോഗിച്ച് വീണ്ടും മണ്ണെടുപ്പ് നടത്താൻ സാദ്ധ്യതയുണ്ട്. ഇത് തടയാൻ ബന്ധപ്പെട്ടവർ അടിയന്തരമായി ഇടപെടണം.

(വി.ആർ മോഹനൻ, പരാതിക്കാരൻ)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL