
കോട്ടയം : മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളിലെ അനാസ്ഥയ്ക്ക് വൻവില നൽകേണ്ടി വരുമെന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. കാലവർഷം ആരംഭിച്ച വേളയിൽത്തന്നെ വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. ഓടയും തോടും പൊതുവിടങ്ങളും മാലിന്യകേന്ദ്രമാണ്. മലിജനം കുടിവെള്ള സ്രോതസുകളിലേയ്ക്ക് ഒഴുകിയിറങ്ങാൻ തുടങ്ങി. ഇത് പകർച്ചവ്യാധികൾ പടർന്നുപിടിക്കാൻ ഇടയാക്കും. ഓടകളും നീർച്ചാലുകളും സമയബന്ധിതമായി വൃത്തിയാക്കാത്തതിനെ തുടർന്ന് ചെറിയ മഴയിൽ പോലും നഗരത്തിലെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാകുന്നു. മാർക്കറ്റ് റോഡ്, തിരുനക്കര ബസ് സ്റ്റാൻഡ്, നെഹ്‌റു സ്റ്റേഡിയം പരിസരം, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ വെള്ളക്കെട്ട് പതിവുകാഴ്ചയാണ്. കാൽനടയാത്രപോലും അസാദ്ധ്യമായി. ഏപ്രിൽ മദ്ധ്യത്തോടെ ആരംഭിക്കേണ്ട മഴക്കാലപൂർവ ശുചീകരണം ഇത്തവണ മേയ് അവസാനത്തോടെയാണ് പല തദ്ദേശ സ്ഥാപനങ്ങളിലും തുടങ്ങിയത്. റോഡരികുകൾ പുല്ല് വളർന്ന് നിൽക്കുന്നതിനാൽ ഇഴജന്തുക്കളുടെ ശല്യവും ഒപ്പം എലി ശല്യവും രൂക്ഷമായി. വഴിവിളക്കുകൾ പ്രകാശിക്കാത്തതും ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കുന്നു. മീനച്ചിലാറിന്റെ ഉത്ഭവ സ്ഥാനം മുതൽ വേമ്പനാട്ടുകായൽ വരെ ആറുകളിലും തോടുകളിലും പ്ലാസ്റ്റിക്ക് കുപ്പികളാണ്. ആറ്റുതിരത്തുള്ള മരക്കൊമ്പുകൾ നീക്കം ചെയ്യാത്തതും ഒഴുക്കിന് തടസമാകുന്നു. മഴ ശക്തമാകുന്നതോടെ സകല മാലിന്യങ്ങളും ഈരാറ്റുപേട്ട മുതലുള്ള പാലങ്ങളുടെ വശങ്ങളിൽ അടിയുന്നതും ഒഴുക്ക് കുറയ്ക്കും.
14 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു
ജില്ലയിൽ ഇതിനോടകം എലിപ്പനി, ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തു. 14 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. മാടപ്പള്ളിയിൽ മഞ്ഞപ്പിത്തവും കുമരകത്തും കാഞ്ഞിരപ്പള്ളിയിലും അമീബിക് മസ്തിഷ്‌കജ്വരവും റിപ്പോർട്ട് ചെയ്തിരുന്നു. വൈറൽപ്പനിയും വ്യാപകമായി പടരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കൊതുകുകളുടെ പ്രജനനവും കൂടി. മണ്ണും മാലിന്യങ്ങളും അടിഞ്ഞു ജലാശയങ്ങൾ നികന്നു. മുൻവർഷങ്ങളിൽ ഡ്രൈഡേകൾ നിശ്ചയിച്ച് ഈ സമയം പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. മാലിന്യ സംസ്‌കരണം ശാസ്ത്രീയമായി തദ്ദേശസ്ഥാപനങ്ങളിലൊന്നും നടക്കുന്നില്ല.
ഏകോപനം പാളി
മുൻവർഷങ്ങളിൽ വിവിധ സംഘടനകളുടെ സഹകരണത്തോടെയും ശുചീകരണ പ്രവർത്തനങ്ങൾ നടന്നിരുന്നു
കുടുംബശ്രീ, ഹരിതകർമ്മസേന, എൻ.എസ്.എസ്, എൻ.സി.സി തുടങ്ങിയവരുടെ പങ്കാളിത്തം ഉറപ്പാക്കിയിരുന്നു
ഇത്തവണ അത്തരം ഏകോപിത ഇടപെടലുകൾ വിവിധയിടങ്ങളിൽ കാര്യമായി നടന്നില്ലെന്നാണ് ആക്ഷേപം
''മഴക്കാല പൂർവ്വ ശുചീകരണ ജോലി പല പഞ്ചായത്തുകളിലും നഗരസഭകളിലും നടക്കാതെ വന്നതാണ് മഴ ശക്തമാകും മുന്നേയുള്ള വെള്ളക്കെട്ടിന് കാരണം. ശുചീകരണ ജോലികളും വേമ്പനാട്ടുകായലിലെ ഡ്രഡ്ജിംഗും അടിയന്തരമായി പൂർത്തിയാക്കണം
-ഡോ. ശ്രീകുമാർ (പരിസ്ഥിതി വിദഗ്ദ്ധൻ )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |