
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് രോഗികളെ ഡിസ്ചാർജ് ചെയ്ത ശേഷവും ഇ - ഹെൽത്ത് പോർട്ടലിൽ വിവരങ്ങൾ സമയബന്ധിതമായി പുതുക്കാത്തത് കടുത്ത ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി. ഡിസ്ചാർജ് ലഭിച്ച് ദിവസങ്ങൾ കഴിഞ്ഞാലും പോർട്ടലിൽ രോഗി അഡ്മിറ്റാണെന്നാണ് കാണിക്കുന്നത്. ഇത് പിന്നീട് മറ്റ് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടാനെത്തുന്ന രോഗികൾക്ക് ഒ.പി ടിക്കറ്റ് ലഭിക്കാത്ത സാഹചര്യമുണ്ടാകുന്നു. ഇതോടെ രോഗികൾക്ക് ചികിത്സ വൈകുകയും, ആരോഗ്യനില വഷളാകുകയും ചെയ്യും. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, കൊല്ലം ഉൾപ്പെടെ വിവിധ ജില്ലകളിൽ നിന്നുള്ള രോഗികൾ കോട്ടയം മെഡിക്കൽ കോളേജിനെയാണ് ആശ്രയിക്കുന്നത്. ഡിസ്ചാർജ് വിവരം പോർട്ടലിൽ രേഖപ്പെടുത്താത്തതിനാൽ പലർക്കും സ്വന്തം ജില്ലകളിലെ സർക്കാർ ആശുപത്രികളിൽ ചികിത്സ ലഭിക്കാതെ വീണ്ടും കോട്ടയം മെഡിക്കൽ കോളേജിലെത്തണം.
അനാവശ്യ യാത്രയും, സാമ്പത്തിക നഷ്ടവും
മെഡിക്കൽ കോളേജിലെ ഒ.പി കൗണ്ടറിൽ വിവരം അറിയിച്ച ശേഷമാണ് ഇ - ഹെൽത്ത് വിഭാഗത്തെ ബന്ധപ്പെടുത്തി രേഖകൾ പുതുക്കുന്നത്. ഇതോടെ പ്രശ്‌നം പരിഹരിക്കപ്പെടുന്നുണ്ടെങ്കിലും രോഗികൾക്ക് അനാവശ്യ യാത്രയും സമയനഷ്ടവും സാമ്പത്തിക ബാദ്ധ്യതയും നേരിടേണ്ടിവരുന്നു.
''ഡിസ്ചാർജ് നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് ഇ - ഹെൽത്ത് പോർട്ടലിൽ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സംവിധാനം കാര്യക്ഷമമാക്കണം. രോഗികളെ ദുരിതത്തിലാക്കുന്ന രീതി പരിഹരിക്കണം.
(ബീന, രോഗിയുടെ കൂട്ടിരിപ്പുകാരി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |